ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ എം വി അഗസ്റ്റ പരിമിതകാല പതിപ്പായ ‘എഫ് ത്രി ആർ സി’ ഇന്ത്യയിൽ അവതരിപ്പിച്ചു. 19.73 ലക്ഷം രൂപയാണു ബൈക്കിനു പുണെ ഷോറൂമിൽ വില. ജനപ്രിയ സൂപ്പർ ബൈക്കായ ‘എഫ് ത്രി — 800’ മെഴ്സീഡിസിന്റെ പ്രകടനക്ഷമതാ വർധന വിഭാഗമായ എ എം ജിയുടെ സഹകരണത്തോടെ പരിഷ്കരിച്ചാണ് ‘എഫ് ത്രി ആർ സി’ യാഥാർഥ്യമാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ വിൽപ്പനയ്ക്കുള്ള 250 ‘എഫ് ത്രി ആർ സി’യിൽ ഒൻപതെണ്ണമാണ് ഇന്ത്യൻ വിപണിയിലെത്തുന്നതെന്ന് എം വി അഗസ്റ്റ വ്യക്തമാക്കി. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ബൈക്കുകൾ ഈ മാസം അവസാനത്തോടെ എത്തുമെന്നാണു പ്രതീക്ഷ.
എ എം ജി ബ്രാൻഡഡ് ‘എഫ് ത്രി 800 ആർ സി’ ഇന്ത്യയിലെത്തിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് എം വി അഗസ്റ്റ ഇന്ത്യ മാനേജിങ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ വിൽക്കാനുള്ള ഒൻപതു ബൈക്കിൽ അഞ്ചെണ്ണം ബുക്ക് ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. മോട്ടോർ സൈക്കിൾ റേസിങ് രംഗത്തെ പ്രമുഖരായ ജൂൾസ് ക്ലുസൽ, ലൊറെൻസൊ സനെറ്റി തുടങ്ങിയവരുടെ ഓട്ടോഗ്രാഫോടെയാണു ബൈക്കുകൾ വിൽപ്പനയ്ക്കെത്തുക. 798 സി സി എൻജിനോടെ എത്തുന്ന ‘എഫ് ത്രി 800 ആർ സി’ക്ക് മണിക്കൂറിൽ 269 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.