ഇറ്റാലിയൻ പ്രീമിയം മോട്ടോർ സൈക്കിൾ നിർമാതാക്കളായ എം വി അഗസ്റ്റയും ഇന്ത്യൻ വിപണി തേടിയെത്തുന്നു. ഇരുചക്രവാഹന വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന കൈനറ്റിക് ഗ്രൂപ്പുമായി സഹകരിച്ചാണ് ഏഴു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള പ്രീമിയം ബ്രാന്ഡായ എം വി അഗസ്റ്റ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക.
എം വി അഗസ്റ്റ ശ്രേണി ഇന്ത്യയിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്നാണു കൈനറ്റിക് ഗ്രൂപ് നൽകുന്ന സൂചന. മുന്തിയ മോട്ടോർ സൈക്കിളുകളുടെ വിഭാഗത്തിൽ ഗണ്യമായ സാന്നിധ്യവും സ്വീകാര്യതയുമുള്ള എം വി അഗസ്റ്റയ്ക്ക് ഇന്ത്യയിലും മികച്ച സ്വീകാര്യത കൈവരിക്കാനാവുമെന്നാണു ഗ്രൂപ്പിന്റെ പ്രതീക്ഷ. മിക്കവാറും അടുത്ത മാസം ആദ്യം തന്നെ എം വി അഗസ്റ്റ — കൈനറ്റിക് ഗ്രൂപ് സഖ്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണു സൂചന.
ആദ്യ ഘട്ടമെന്നനിലയിൽ എം വി അഗസ്റ്റ വിൽപ്പനയ്ക്കായി പുതിയ ഡീലർഷിപ്പുകൾ തുറക്കാനുള്ള ശ്രമത്തിലാണു പുണെ ആസ്ഥാനമായ കൈനറ്റിക് ഗ്രൂപ്. വിൽപ്പന ഉയരുന്ന പക്ഷം എം വി അഗസ്റ്റ ശ്രേണിയിലെ ബൈക്കുകൾ പ്രാദേശികമായി നിർമിക്കാനുള്ള സാധ്യതയും കൈനറ്റിക് ഗ്രൂപ് പരിഗണിച്ചേക്കും. സ്ഥലസൗകര്യമടക്കം ഇരുചക്രവാഹന നിർമാണത്തിനുള്ള സംവിധാനങ്ങൾ കൈനറ്റിക് ഗ്രൂപ്പിന്റെ പക്കലുണ്ട് എന്നതും അനുകൂല ഘടകമാണ്.
കൈനറ്റിക് ഗ്രൂപ്പിനു കീഴിലെ പ്രത്യേക ബിസിനസ് വിഭാഗത്തിനാവും എം വി അഗസ്റ്റയുടെ വിൽപ്പന, വിപണന ചുമതല. കമ്പനിയുടെ പതാകവാഹന സംരംഭമായ കൈനറ്റിക് എൻജിനീയറിങ്ങിനു കീഴിലാവും പുതിയ സംരംഭത്തിന്റെ പ്രവർത്തനം.
പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന ഏഴാമത് നിർമാതാക്കളാണ് എം വി അഗസ്റ്റ. ട്രയംഫ് മോട്ടോർ സൈക്കിൾസ്, ഡ്യുകാറ്റി, ബി എം ഡബ്ല്യു മോട്ടോർറാഡ്, എപ്രിലിയ, മോട്ടോ ഗൂസി, ബെനെല്ലി എന്നിവയാണു നിലവിൽ ഇന്ത്യയിൽ സൂപ്പർ ബൈക്ക് വിൽക്കുന്നത്. പ്രാദേശിക വിപണിയിൽ താവളം ഉറപ്പിക്കുന്നതോടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കാമെന്നതാണു കൂടുതൽ നിർമാതാക്കളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്.
നിലവിൽ എം വി അഗസ്റ്റയുടെ മൊത്തം ബൈക്ക് വിൽപ്പനയുടെ 40 ശതമാനത്തോളം യൂറോപ്പിന്റെ സംഭാവനയാണ്; അടുത്ത സ്ഥാനത്താണു യു എസ് എ. വരുമാനം വർധിപ്പിക്കാനായി 2011ൽ പ്രാദേശിക നിർമാതാക്കളായ ഡാഫ്ര ലിമിറ്റഡുമായി സഹകരിച്ച് എം വി അഗസ്റ്റ ബ്രസീലിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. നിലവിൽ ഡാഫ്രയുടെ സൗകര്യം പ്രയോജനപ്പെടുത്തി എം വി അഗസ്റ്റ ബ്രസീലിൽ ബൈക്കുകൾ അസംബ്ൾ ചെയ്തു വിൽക്കുന്നുമുണ്ട്. രാജ്യത്ത് ഏഴു ഡീലർഷിപ്പുകളുള്ള എം വി അഗസ്റ്റ കഴിഞ്ഞ ഏപ്രിലിൽ സാവോ പോളോയിൽ ഔദ്യോഗിക ശാഖയും തുറന്നു.