Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബ്രൂട്ടെയ്ൽ 800’ എത്തി; വില 15.59 ലക്ഷം

MV Agusta Brutale 800 MV Agusta Brutale 800

ഇറ്റാലിയൻ സൂപ്പർ ബൈക്ക് ബ്രാൻഡായ എം വി അഗസ്റ്റയുടെ ഇന്ത്യൻ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലെന്ന പെരുമയോടെ ‘ബ്രൂട്ടെയ്ൽ 800’ വിൽപ്പനയ്ക്കെത്തി. കൈനറ്റിക്കിന്റെ ഉടമസ്ഥതയിലുള്ള മോട്ടോറോയാലിന്റെ സഹകരണത്തോടെ വിപണിയിലെത്തിയ ബൈക്കിന് 15.59 ലക്ഷം രൂപയാണു ഷോറൂം വില. പൂർണമായും പുനഃരൂപൽപ്പന ചെയ്ത ‘ബ്രൂട്ടെയ്ൽ 800’ കഴിഞ്ഞ വർഷമാണ് ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിയത്. എം വി അഗസ്റ്റ ശ്രേണിയിലെ ഏറ്റവും വിൽപ്പനയുള്ള മോഡലും ‘ബ്രൂട്ടെയ്ൽ’ തന്നെ. ഒരു വർഷം മുമ്പ് ഇന്ത്യൻ വിപണിയിലെത്തിയ എം വി അഗസ്റ്റയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 100 യൂണിറ്റോളമാണ്. ‘ബ്രൂട്ടെയ്ൽ 800’ എത്തുന്നതോടെ അടുത്ത വർഷത്തിനകം വിൽപ്പന 400 യൂണിറ്റായി ഉയരുമെന്ന പ്രതീക്ഷയിലാണു മോട്ടോറോയാൽ. 

‘ബ്രൂട്ടെയ്ലി’നു കരുത്തേകുന്നത് 798 സി സി എൻജിനാണ്; 109 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. മണിക്കൂറിൽ 267 കിലോമീറ്ററാണു ബൈക്കിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. നിലവിൽ പത്തോളം ബുക്കിങ്ങുകളാണു ‘ബ്രൂട്ടെയ്ൽ 800’ നേടിയെന്നു മോട്ടോറോയാൽ അവകാശപ്പെടുന്നു. ഇരുചക്രവാഹന വിഭാഗത്തെ 2008ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കു വിറ്റൊഴിഞ്ഞാണു കൈനറ്റിക് ഈ വിപണിയോടു വിട പറഞ്ഞത്. മഹീന്ദ്രയുമായുള്ള കരാറിലെ വ്യവസ്ഥകൾ പ്രകാരം 2018 വരെ കൈനറ്റിക്കിനു സ്വന്തം ബ്രാൻഡിൽ ഇരുചക്രവാഹനങ്ങൾ അവതരിപ്പിക്കാനാവില്ല.

അതേസമയം മോട്ടോറോയാലിലൂടെ ഇരുചക്രവാഹന വിഭാഗത്തിൽ തിരിച്ചെത്തിയ കൈനറ്റിക് ലാഭക്ഷമതയേറിയ പ്രീമിയം ബ്രാൻഡുകളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു മോട്ടോറോയാൽ — എം വി അഗസ്റ്റ ഇന്ത്യ മാനേജിങ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ വ്യക്തമാക്കിയിരുന്നു. വ്യാപക വിൽപ്പനയുള്ള വിഭാഗങ്ങളിൽ പിടിച്ചു നിൽക്കുക പാടാണെന്നാണ് ഫിറോദിയയുടെ പക്ഷം. യൂറോപ്പിലെയും യു എസിലെയും പ്രീമിയം ബ്രാൻഡുകളുമായി സഖ്യത്തിനാണു കമ്പനി ശ്രമിക്കുന്നതെന്നും ചൈനീസ് കമ്പനികളിൽ താൽപര്യമില്ലെന്നും അദ്ദേഹം നയം പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ മൂന്നു ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വിലമതിക്കുന്ന പ്രീമിയം മോട്ടോർ സൈക്കിളുകളുടെ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു മോട്ടോറോയാലിന്റെ പദ്ധതി. 

ഇറ്റാലിയൻ ബ്രാൻഡായ എസ് ഡബ്ല്യു എമ്മുമായി മോട്ടോറോയാൽ നിലവിൽ സഖ്യത്തിലെത്തിയിട്ടുണ്ട്; ഈ 650 സി സി ബൈക്ക് അഞ്ച് — ആറ് ലക്ഷം രൂപയ്ക്കു വിൽക്കാനാവുമെന്നാണു ഫിറോദിയയുടെ പ്രതീക്ഷ. ഇക്കൊല്ലം തന്നെ മറ്റൊരു സഖ്യം കൂടി പ്രഖ്യാപിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഇന്ത്യയിൽ ഇടംപിടിക്കാൻ ആഗ്രഹിക്കുന്ന പത്തോളം സൂപ്പർ ബൈക്ക് ബ്രാൻഡുകൾ ലോകത്തുണ്ട്. ഇവയുമായി സഖ്യത്തിലെത്തി വിൽപ്പന തുടങ്ങാനാണു മോട്ടോറോയാൽ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes