മെഴ്സിഡീസ് എ എം ജിയുടെ സഹകരണത്തോടെ വികസിപ്പിച്ച റേസിങ് സൂപ്പർ ബൈക്കുകൾ ഇന്ത്യയിൽഅവതരിപ്പിക്കാൻ ഇറ്റലിയിൽ നിന്നുള്ള പ്രകടനക്ഷമതയേറിയ സൂപ്പർ ബൈക്ക് നിർമാതാക്കളായ എം വി അഗസ്റ്റ ഒരുങ്ങുന്നു. പരിമിതകാല പതിപ്പുകളായി അവതരിപ്പിച്ച റേസിങ് ബൈക്കുകളായ ‘എഫ് ത്രീ ആർ സി’, ‘എഫ് ഫോർ ആർ സി’ എന്നിവ മിക്കവാറും ഒക്ടോബറോടെയാവും വിൽപ്പനയ്ക്കെത്തുക.
ആഗോളതലത്തിൽ ഇത്തരത്തിലുള്ള 250 ബൈക്കുകളാണ് എം വി അഗസ്റ്റ ലഭ്യമാക്കുന്നത്. ഇതിൽ നിന്ന് ഏതാനും എണ്ണമാവും ഇന്ത്യൻ ബൈക്ക് പ്രേമികൾക്കു സ്വന്തമാക്കാൻ അവസരം ലഭിക്കുക. ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസിന്റെ പെർഫോമൻസ് വിഭാഗമായ എ എം ജിക്ക് എം വി അഗസ്റ്റയിൽ 25% ഓഹരി പങ്കാളിത്തമുണ്ട്.
ഇന്ത്യയിലെ വിൽപ്പനയ്ക്കായി എ എം ജി ബ്രാൻഡിലുള്ള 10 ‘എഫ് ത്രി ആർ സി’യും രണ്ട് ‘എഫ് ഫോർ ആർ സി’യുമാണു ലഭിക്കുകയെന്ന് എം വി അഗസ്റ്റ ഇന്ത്യ മാനേജിങ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ അറിയിച്ചു. ‘എഫ് ത്രി ആർ സി’ക്ക് 19 ലക്ഷം രൂപയും ‘എഫ് ഫോർ ആർ സി’ക്ക് 50 ലക്ഷം രൂപയുമാവും വില. മെഴ്സീഡിസ് എ എം ജിയുമായി ചേർന്നു വികസിപ്പിച്ച ബൈക്കുകളെന്ന നിലയിൽ ഇവയ്ക്ക് ആവശ്യക്കാരേറുമെന്നാണു ഫിറോദിയയുടെ പ്രതീക്ഷ. നടപ്പു സാമ്പത്തിക വർഷം എം വി അഗസ്റ്റ ശ്രേണിയിലെ 250 ബൈക്കുകൾ വിൽക്കാനാണു പദ്ധതിയെന്നും അദ്ദേഹം വെളിപ്പെടുത്തി. എം വി അഗസ്റ്റ ബൈക്ക് വിൽപ്പനയ്ക്കായി ‘മോട്ടോറോയൽ’ എന്നു പേരിട്ട പ്രത്യേക ഷോറൂമുകളിൽ ആദ്യത്തേത് പുണെയിൽ മേയിലാണു തുറന്നത്. കഴിഞ്ഞ ദിവസം അഹമ്മദബാദിലും ‘മോട്ടോറോയൽ’ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഇതുവരെ ഇരുപത്തി അഞ്ചോളം പ്രീമിയം ബൈക്കുകൾ എം വി അഗസ്റ്റ ഇന്ത്യയിൽ വിറ്റിട്ടുണ്ട്. വൈകാതെ ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ കൂടി ഷോറൂം തുറക്കുന്നതോടെ വിൽപ്പന ഉയരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘എഫ് ത്രി 800’, ‘ബ്രൂട്ടെയ്ൽ 1090’, ‘എഫ് ഫോർ’, ‘എഫ് ഫോർ ആർ ആർ’ തുടങ്ങിയ മോഡലുകൾ ‘മോട്ടോറോയൽ’ ഷോറൂമുകളിൽ വിൽപ്പനയ്ക്കുണ്ട്; 17.70 ലക്ഷം മുതൽ 37.55 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ ഷോറൂം വില. വിദേശ നിർമിത കിറ്റുകൾ ഇന്ത്യയിലെത്തിച്ചു സംയോജിപ്പിച്ചാണ് കൈനറ്റിക് ഗ്രൂപ് എം വി അഗസ്റ്റ ബൈക്കുകൾ വിപണിയിലിറക്കുന്നത്. കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ കിറ്റുകളും സെമി നോക്ക്ഡ് ഡൗൺ കിറ്റുകളുമൊക്കെ അഹമ്മദ്നഗറിലെ ശാലയിലാണു കൈനറ്റിക് സംയോജിപ്പിക്കുന്നത്.