ഇറ്റാലിയൻ പ്രീമിയം മോട്ടോർ സൈക്കിൾ നിർമാതാക്കളായ എം വി അഗസ്റ്റ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. യു എസിലെ ചാപ്റ്റർ 11 ബാങ്ക്റപ്സിക്കു സമാനമായ പാപ്പർ ഹർജി സമർപ്പിക്കാനാണു കമ്പനി ഒരുങ്ങുന്നതെന്നാണു സൂചന. മൊത്തം നാലു കോടിയോളം യൂറോ(ഏകദേശം 298.53 കോടി രൂപ)യുടെ കടബാധ്യതയാണ് എം വി അഗസ്റ്റയ്ക്കുള്ളത്; ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തി ഈ കടം പുനഃക്രമീകരിക്കാനാവുമെന്നാണു കമ്പനി കരുതുന്നത്. 2014നെ അപേക്ഷിച്ച് 30% വർധനയോടെ 10 കോടി യൂറോ(ഏകദേശം 746.32 കോടി രൂപ)യായിരുന്നു എം വി അഗസ്റ്റയുടെ വിറ്റുവരവ്. അതിനിടെ കമ്പനിയിൽ 25% ഓഹരി പങ്കാളിത്തമുള്ള, ജർമനിയിലെ മെഴ്സീഡിസ് എ എം ജിയുമായി അഗസ്റ്റയുടെ ബന്ധം മികച്ച നിലയിലല്ലെന്നും അഭ്യൂഹമുണ്ട്. അഗസ്റ്റ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടും പ്രശ്നത്തിൽ ഇടപെടാൻ മെഴ്സീഡിസ് എ എം ജി ശ്രമിച്ചിട്ടില്ലെന്നാണു സൂചന. 2014 അവസാനമാണു മെഴ്സീഡിസ് എ എം ജി അഗസ്റ്റയിൽ 25% ഓഹരി വാങ്ങിയത്. തുടർന്ന് അതിവേഗമുള്ള വികസനം ലക്ഷ്യമിട്ടു മുന്നേറിയ അഗസ്റ്റ വൻതോതിൽ കടംവരുത്തിവയ്ക്കുകയായിരുന്നത്രെ.
പ്രതികൂല സാഹചര്യങ്ങളിലും എം വി അഗസ്റ്റയെ സ്വന്തമാക്കാൻ മെഴ്സീഡിസ് എ എം ജി ശ്രമിച്ചേക്കുമെന്നും വാർത്തകളുണ്ട്. കമ്പനിയിലെ നിക്ഷേപം നഷ്ടമാവാതിരിക്കാനുള്ള തന്ത്രമെന്ന നിലയിൽ കൂടിയാണത്രെ മെഴ്സിഡീസിന്റെ ഈ നീക്കം. എന്നാൽ ഓഹരി വിൽക്കാൻ പോയിട്ട് കമ്പനിയുടെ നിയന്ത്രണം വിട്ടുകൊടുക്കാൻ പോലും നിലവിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജിയൊവാനി കാസ്റ്റിഗ്ലിയോനി സന്നദ്ധനല്ലെന്നതാണ് ഈ കൈമാറ്റത്തിനുള്ള പ്രധാന തടസ്സം. ഴിഞ്ഞ വ്യാഴവട്ടത്തിനിടെ നാലു തവണയാണ് എം വി അഗസ്റ്റയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടത്. അങ്ങനെയാണു യു എസിലെ ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ പക്കലായിരുന്ന അഗസ്റ്റ ഇപ്പോൾ മെഴ്സീഡിസ് എ എം ജിയുടെ പക്കലെത്തി നിൽക്കുന്നത്. പ്രൗഢമായ ഇറ്റാലിയൻ പാരമ്പര്യവും റേസിങ് രംഗത്തെ മികവുമാണ് എം വി അഗസ്റ്റയെ മോട്ടോർ സൈക്ലിങ് മേഖലയിലെ പ്രശസ്ത വ്യാപാരനാമമാക്കുന്നത്. ഇപ്പോൾ നേരിടുന്നതിനെ അപേക്ഷിച്ചു ഗുരുതരമായ പ്രതിസന്ധികൾ അതിജീവിച്ച ചരിത്രവും അഗസ്റ്റയ്ക്കു സ്വന്തമാണ്. രണ്ടു പതിറ്റാണ്ടു മുമ്പ് ക്ലൗഡിയൊ കാസ്റ്റിഗ്ലിയോനിയാണ് എം വി അഗസ്റ്റയെ പുനഃരുദ്ധരിച്ച് തിരിച്ചുവരവിന്റെ പാതയിലെത്തിച്ചത്. ക്ലൗഡിയൊയുടെ മകനായ ജിയൊവാനിയാവട്ടെ കമ്പനിയെ നിലനിർത്താൻ സാമ്പത്തിക പങ്കാളികളെ തേടുന്ന തിരക്കിലുമാണ്.
എന്നാൽ കമ്പനിയുടെ നിയന്ത്രണം വിട്ടു കൊടുക്കാതെ സാമ്പത്തിക സഹായം കണ്ടെത്താനുള്ള ഈ ശ്രമം വിജയിക്കുമോ എന്നു കണ്ടറിയണം.അടുത്തയിടെയാണ് എം വി അഗസ്റ്റ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഇരുചക്രവാഹന വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന കൈനറ്റിക് ഗ്രൂപ്പുമായി കൈകോർത്താണ് ഏഴു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള എം വി അഗസ്റ്റ ഇന്ത്യയിലെത്തുന്നത്. വിദേശ നിർമിത ബൈക്കുകൾ ഇറക്കുമതി ചെയ്തും കിറ്റുകൾ എത്തിച്ചു ബൈക്ക് പ്രാദേശികമായി അസംബ്ൾ ചെയ്തും സെമി നോക്ക്ഡ് ഡൗൺ കിറ്റ് വ്യവസ്ഥയിലുമൊക്കെ ‘എം വി അഗസ്റ്റ’ ബൈക്കുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. ‘മോട്ടോറോയൽ’ എന്നു പേരിട്ട പ്രത്യേക ഷോറൂമുകളിൽ ലഭ്യമാവുന്ന എം വി അഗസ്റ്റ ശ്രേണിയിലെ ബൈക്കുകളുടെ വിപണനത്തിനും വിൽപ്പനയ്ക്കും പുറമെ വിൽപ്പനാനന്തര സേവന ചുമതലയും കൈനറ്റിക്കിനാണ്.