Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം വി അഗസ്റ്റ ഇന്ത്യയിലെത്തി വില 50 ലക്ഷം രൂപ

mv-agusta-brutale MV Agusta Brutale

മെഴ്സീഡിസ് ബെൻസിനു കൂടി ഉടമസ്ഥാവകാശമുള്ള ഇറ്റാലിയൻ സൂപ്പർ ബൈക്ക് ബ്രാൻഡായ എം വി അഗസ്റ്റ ഇന്ത്യയിലെത്തി. പുണെ ആസ്ഥാനമായ കൈനറ്റിക് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച എം വി അഗസ്റ്റ മൂന്ന് ആഡംബര ബൈക്കുകളാണു തുടക്കത്തിൽ അവതരിപ്പിച്ചത്; 16.78 ലക്ഷം മുതൽ 50.10 ലക്ഷം രൂപ വരെയാണ് ഈ മോഡലുകൾക്ക് പുണെ ഷോറൂമിലെ വില. മോപ്പഡായ ‘ലൂണ’യുമായി ഇന്ത്യൻ ഇരുചക്രവാഹന രംഗത്ത് അരങ്ങേറിയ കൈനറ്റിക് ഗ്രൂപ്പാണ് നാലു പതിറ്റാണ്ടി പിന്നിടുമ്പോൾ ഇറ്റലിയിൽ നിന്നുള്ള പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയായ എം വി അഗസ്റ്റ വിപണനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

mv-agusta-brutale-dragster MV Agusta Brutale Dragster

അഹമ്മദ്നഗറിൽ കൈനറ്റിക് ഗ്രൂപ്പിനുള്ള നിർമാണശാലയിലാവും എം വി അഗസ്റ്റ ശ്രേണിയിലെ ചില ബൈക്കുകൾ അസംബ്ൾ ചെയ്യുക. ഇതിനായി അഞ്ചു കോടി രൂപ ചെലവിൽ പ്രത്യേക അസംബ്ലി ലൈനും സ്ഥാപിച്ചിട്ടുണ്ട്. സെമി നോക്ക്ഡ് ഡൗൺ(എസ് കെ ഡി) വ്യവസ്ഥയിൽ ഇറക്കുമതി ചെയ്ത കിറ്റുകൾ ആണ് ഈ ശാലയിൽ കൈനറ്റിക് ഗ്രൂപ് സംയോജിപ്പിക്കുക. ‘മോട്ടോറോയൽ’ എന്നു പേരിട്ട പ്രത്യേക ഷോറൂമുകൾ വഴിയാവും എം വി അഗസ്റ്റ ബൈക്കുകൾ വിൽപ്പനയ്ക്കെത്തുക. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്കയിലും ബംഗ്ലദേശിലും കൈനറ്റിക് ഗ്രൂപ്പ് തന്നെ എം വി അഗസ്റ്റ ബൈക്കുകൾ വിൽക്കാനുള്ള വിതരണ കരാറിലാണ് ഇരുകമ്പനികളും ഒപ്പുവച്ചത്; ഇതിനായി എം വി അഗസ്റ്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ആദ്യമായി സൂപ്പർ ബൈക്ക് അവതരിപ്പിച്ച കമ്പനിയാണു കൈനറ്റിക് എന്ന് എം വി അഗസ്റ്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ ഓർമിപ്പിച്ചു; 2001ലായിരുന്നു ഇത്. പോരെങ്കിൽ ഇന്ത്യയിൽ ഒരു കോടിയിലേറെ ഇരുചക്രവാഹനങ്ങൾ വിറ്റ പരിചയവും കൈനറ്റിക്കിനുണ്ട്. ഇപ്പോഴാവട്ടെ മോട്ടോറോയൽ ഷോറൂമുകൾ വഴി രാജ്യത്തെ ഏറ്റവും സൂപ്പർ പ്രീമിയം വിഭാഗത്തിൽപെട്ട ബൈക്കുകളാണു കമ്പനി ലഭ്യമാക്കുന്നത്. അടുത്ത ഒന്നര വർഷത്തിനിടെ എം വി അഗസ്റ്റ ബ്രാൻഡ് പ്രചരിപ്പിക്കാനും ഈ വിഭാഗത്തിൽ വളർച്ച കൈവരിക്കാനുമാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.‘എഫ് ഫോർ’, ‘എഫ് ത്രീ’, ‘ബ്രൂട്ടെയ്ൽ 1090’ എന്നീ സൂപ്പർ ബൈക്കുകളുമായാണ് എം വി അഗസ്റ്റ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്; ആദ്യഘട്ടത്തിൽ ആറു ‘മോട്ടോറോയൽ’ ഷോറൂമുകൾ വഴിയാവും വിൽപ്പന. ഇതിൽ പുണെ ഷോറൂം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

mv-agusta-f4 MV Agusta F4

വർഷാവസാനത്തിനകം അഹമ്മദബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും മോട്ടോറോയൽ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിൽ ഡ്യുകാറ്റി, ട്രയംഫ് തുടങ്ങിയവരോടാണ് എം വി അഗസ്റ്റയുടെ മത്സരം. ശേഷിയേറിയ ബൈക്കുകൾക്കുള്ള ആവശ്യം വർധിച്ചതിനാൽ ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ സാഹചര്യം അനുകൂലമാണെന്ന് എം വി അഗസ്റ്റ മോട്ടോർ എസ് പി എ കൺട്രി മാനേജർ(ഫാർ ഈസ്റ്റ്) ജഗദ് സൻഗരൻ അഭിപ്രായപ്പെട്ടു. അടുത്ത രണ്ടു വർഷത്തിനകം എം വി അഗസ്റ്റയുടെ സമ്പൂർണ ശ്രേണി തന്നെ ഇന്ത്യയിൽ ലഭ്യമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കൊല്ലം 300 ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാനാണു പദ്ധതി; അടുത്ത വർഷം വിൽപ്പന 500 — 600 യൂണിറ്റായി ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Your Rating: