Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത ഇരുചക്രവാഹനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ

tork

വൈദ്യുത ഇരുചക്രവാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങൾ അന്തിമ ഘട്ടത്തിലാണെന്നു കേന്ദ്ര വ്യോമഗതാഗത സഹമന്ത്രി ജയന്ത് സിൻഹ. ഇന്ത്യ ആസ്പിറേഷൻ ഫണ്ട് അടക്കമുള്ള മാർഗങ്ങളിലൂടെ സംരംഭകർക്ക് ഓഹരി മൂലധനം കണ്ടെത്താനുള്ള നടപടികളാണു പരിഗണനയിലുള്ളത്. ഒപ്പം വൻവ്യവസായങ്ങളും വൈദ്യുത ഇരുചക്രവാഹന മേഖലയിൽ നിക്ഷേപം നടത്തണമെന്നു സിൻഹ അഭ്യർഥിച്ചു.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വൈദ്യുത വാഹനങ്ങൾ ഏറെ പ്രധാനമാണ്. അതിനാലാണു വൈദ്യുത ഇരുചക്രവാഹന വ്യവസായത്തിനായി പ്രത്യേക നയരൂപീകരണത്തിനു സർക്കാർ പ്രധാന്യം നൽകുന്നതെന്നും ജയന്ത് സിൻഹ വിശദീകരിച്ചു. ഈ മേഖലയ്ക്കുള്ള പുതിയ നയരേഖ നിലവിൽ ഗതാഗത, ഊർജ മന്ത്രാലയങ്ങളുടെ പരിഗണനയിലാണ്. പുതുമയുള്ള മോഡലുകളും നൂതന ധനസമാഹരണ മാർഗങ്ങളുമാണ് വൈദ്യുത വാഹന വ്യവസായത്തിന്റെ അടിയന്തര ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ രാജ്യത്തു വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് സിൻഹ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇപ്പോൾതന്നെ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയാണ് ഇന്ത്യ; പക്ഷേ ഇവയെല്ലാം പെട്രോളിൽ ഓടുന്നവയാണ്.

പെട്രോളിനു പകരം ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ഇരുചക്രവാഹനങ്ങളിലേക്കുള്ള പരിവർത്തനമാണു കാലഘട്ടത്തിന്റെ ആവശ്യമെന്നു സിൻഹ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വൈദ്യുത ഇരുചക്രവാഹനങ്ങളെ പ്രായോഗികവും ആദായകരവും സാധ്യവുമാക്കാനാണു പുതിയ നയത്തിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും സിൻഹ വിശദീകരിച്ചു.
അതേസമയം, വൈദ്യുത വാഹനങ്ങളുടെ ബാറ്ററി കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. വാഹനങ്ങളുടെ ചാർജിങ് സൗകര്യം, ശരിയായ ബാറ്ററികളുടെ ലഭ്യത തുടങ്ങിയ മേഖലകളിലൊക്കെ പ്രശ്നങ്ങളുണ്ട്; ഇവ മറികടക്കാൻ വിശദമായ ഗവേഷണം അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വീടുകളുടെയും മറ്റുംമേൽക്കൂരയിൽ സ്ഥാപിച്ച സൗരോർജ പാനൽ വഴി ഇരുചക്രവാഹന ബാറ്ററി റീചാർജ് ചെയ്യാനുള്ള സാധ്യത പരിശോശിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.