വൈദ്യുത മോട്ടോറിൽ നിന്നു കരുത്തു കണ്ടെത്തുന്ന ‘യമഹ എഫ് സീ’ സാക്ഷാത്കരിച്ച് വാഹനപ്രേമികളെ അമ്പരിപ്പിച്ച ടോർക് മോട്ടോർ സൈക്കിൾസ് ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനം രൂപകൽപ്പന ചെയ്യുന്നു. മിക്കവാറും ഈ വർഷം അവസാനിക്കുംമുമ്പു പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വൈദ്യുത ഇരുചക്രവാഹനം യാഥാർഥ്യമാവുമെന്നാണു സൂചന. ‘ടി സിക്സ് എക്സ്’ എന്നു പേരിട്ട വൈദ്യുത മോട്ടോർ സൈക്കിൾ ഇന്ത്യയിൽ നിർമിക്കുന്ന ഇത്തരത്തിൽപെട്ട ആദ്യ ഇരുചക്ര വാഹനമാവുമെന്നാണു ടോർക് മോട്ടോർ സൈക്കിൾസിന്റെ അവകാശവാദം. പദ്ധതിയിൽ ആകൃഷ്ടരായി കമ്പനിക്കു ധനസഹായം വാഗ്ദാനം ചെയ്തു വിവിധ നിക്ഷേപകരും രംഗത്തെത്തിയത് ടോർക് മോട്ടോർ സൈക്കിൾസിനു കൂടുതൽ ആവേശം പകർന്നിട്ടുണ്ട്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാൻ കഴിയുംവിധമാവും ‘ടി സിക്സ് എക്സി’ന്റെ രൂപകൽപ്പനയെന്നു ടോർക് മോട്ടോർ സൈക്കിൾസ് വെളിപ്പെടുത്തി. ക്ലൗഡ് കണക്ടിവിറ്റി, ഫോൺ ചാർജിങ് സൗകര്യം, ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി പി എസ്) തുടങ്ങിവയൊക്കെ ഈ ബൈക്കിലുണ്ടാവും. അത്യാവശ്യ വിവരങ്ങൾക്കു പുറമെ ബൈക്കിനുള്ള തകരാറുകളെക്കുറിച്ചും അറ്റകുറ്റപ്പണിയെക്കുറിച്ചും മുന്നറിയിപ്പ് കൂടി നൽകുംവിധമാവും ‘ടി സിക്സ് എക്സി’ലെ ഡിജിറ്റൽ ഡിസ്പ്ലേ. ക്ലൗഡിന്റെ സാധ്യത ഉപയോഗിച്ച് ഏറ്റവുമടുത്തുള്ള ചാർജിങ് കേന്ദ്രത്തെക്കുറിച്ചുള്ള വിവരവും ബൈക്ക് യാത്രികനു ലഭ്യമാക്കും. ബൈക്ക് നിർമാണത്തിന് ആവശ്യമായ അനുമതികൾ നേടാനായി ‘ടി സിക്സ് എക്സി’ന്റെ ആദ്യ മാതൃക നിർമിക്കാനുള്ള ശ്രമത്തിലാണു ടോർക് മോട്ടോർ സൈക്കിൾസ്. ഒൻപതു മാസം മുമ്പാണു ബൈക്കിന്റെ രേഖാചിത്രങ്ങൾ തയാറായത്; അങ്ങനെ പരിഗണിക്കുമ്പോൾ ബൈക്കിന്റെ വികസന ജോലികൾ അതിവേഗമാണു പുരോഗമിക്കുന്നത്. റേസിങ് രംഗത്തു കമ്പനിക്കുള്ള അനുഭവസമ്പത്തും ‘ടി സിക്സ് എക്സ്’ വികസനത്തിൽ ടോർക് പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതുവരെ അഞ്ചോളം മാതൃകകളാണ് 2009ൽ സ്ഥാപിതമായ ടോർക് മോട്ടോർ സൈക്കിൾസ് തയാറാക്കിയത്. കൂടാതെ ഐൽ ഓഫ് മാനിൽ നടന്ന വൈദ്യുത ടി ടി റേസിൽ വിജയപീഠത്തിൽ ഇടംനേടാനും കമ്പനിക്കു കഴിഞ്ഞിരുന്നു. ബാറ്ററി വിലയിൽ നേരിട്ട ഇടിവിനൊപ്പം പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള അവബോധം വർധിച്ചതും സർക്കാർ നയങ്ങളിൽ സംഭവിച്ച മാറ്റവുമൊക്കെ വൈദ്യുത ബൈക്ക് വികസനത്തിന് അനുകൂല ഘടകമാണെന്നു ടോർക് മോട്ടോർ സൈക്കിൾസ് വിലയിരുത്തുന്നു. വർഷാവസാനത്തോടെ ‘ടി സിക്സ് എക്സ്’ യാഥാർഥ്യമാക്കി അടുത്ത വർഷം ആദ്യപാദത്തിൽ തന്നെ ബൈക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കാനാണു ടോർക്കിന്റെ മോഹം.