‘സ്ട്രീറ്റ്’ ബൈക്കുകൾ തിരിച്ചുവിളിച്ച് ഹാർലി ഡേവിഡ്സൻ

ഇന്ധന ഇൻലെറ്റിൽ ഉപയോഗിച്ച സീലിന്റെ നിലവാരത്തകർച്ചയെ തുടർന്ന് ‘സ്ട്രീറ്റ്’ ബൈക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ മോട്ടോർ കമ്പനി തീരുമാനിച്ചു. എൻട്രി ലവൽ മോഡലുകളായ ‘സ്ട്രീറ്റ് 500’, ‘സ്ട്രീറ്റ് 750’ എന്നിവയ്ക്കാണു പരിശോധന ആവശ്യമായി വരിക. 2014 ജനുവരി 20 മുതൽ 2015 ജൂൺ 24 വരെ യു എസിലും 2014 ഫെബ്രുവരി 24 മുതൽ 2015 ജൂലൈ 15 വരെയുള്ള കാലത്തിനിടെ ഹരിയാനയിലെ ബാവലിലും നിർമിച്ചു വിറ്റ ‘സ്ട്രീറ്റ്’ മോട്ടോർ സൈക്കിളുകളാണു കമ്പനി തിരിച്ചു വിളിച്ചു പരിശോധിക്കുന്നത്.

നിർമാണ തകരാറുണ്ടെന്നു സംശയിക്കുന്ന ഫ്യുവൽ പമ്പ് മൊഡ്യൂൾ മാറ്റി നൽകാൻ വേണ്ടിയാണു ബൈക്കുകൾ തിരിച്ചുവിളിക്കുന്നതെന്നു കമ്പനി വിശദീകരിച്ചു. ഇന്ധന ഇൻലെറ്റിൽ ഉപയോഗിച്ച സീലിന്റെ നിലവാരത്തകർച്ചയാണു പ്രശ്നം; ഇതു മൂലം എൻജിനിലേക്കുള്ള ഇന്ധനവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണു ഹാർലി ഡേവിഡ്സന്റെ നിഗമനം. ടാങ്കിൽ ഇന്ധനം കുറവുള്ളപ്പോൾ പ്രതീക്ഷിക്കുന്ന കുതിപ്പ് നൽകാൻ എൻജിനു കഴിയാതെ വരുമെന്ന പ്രശ്നവുമുണ്ട്. ടാങ്കിൽ മൂന്നു ലീറ്ററിൽ താഴെ ഇന്ധനമുള്ളപ്പോഴാണ് ഈ പ്രശ്നത്തിനു സാധ്യതയെന്നാണു യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷ(എൻ എച്ച് എസ് ടി എ)ന്റെ മുന്നറിയിപ്പ്. ഇന്ധനം കുറവാണെന്നു മുന്നറിയിപ്പു നൽകുന്ന ലൈറ്റ് തെളിയുംമുമ്പു തന്നെ ഈ പ്രശ്നം നേരിടാമെന്നും എൻ എച്ച് എസ് ടി എ വ്യക്തമാക്കുന്നു. അപൂർവ സാഹചര്യങ്ങളിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിയാൻ വരെ ഈ തകരാർ ഇടയാക്കുമെന്നാണു വിലയിരുത്തൽ.

നിർമാണ തകരാർ സംശയിക്കുന്ന വാഹനങ്ങളിലെ പ്രശ്നം സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണു ഹാർലി ഡേവിഡ്സന്റെ വാഗ്ദാനം. അതുവരെ ടാങ്കിൽ ആവശ്യത്തിന് ഇന്ധനമില്ലാതെ ബൈക്കുകൾ ഓടിക്കരുതെന്നാണു കമ്പനിയുടെ നിർദേശം; ഇന്ധനം നിറയ്ക്കാതെ 160 കിലോമീറ്ററിലേറെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ഹാർലി ഡേവിഡ്സൻ ആവശ്യപ്പെടുന്നു. പ്രശ്നം പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ‘സ്ട്രീറ്റ് 500’, ‘സ്ട്രീറ്റ് 750’ ബൈക്കുകൾ ഷോറൂമിൽ നിന്നു കൈമാറാൻ പാടൂള്ളൂ എന്നും കമ്പനി നിർദേശിച്ചിട്ടുണ്ട്.

‘എക്സ് ജി 750’ വിഭാഗത്തിലെ 2015 മോഡൽ ബൈക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നുണ്ടെന്ന് ഹാർലി ഡേവിഡ്സൻ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ധന പമ്പിന്റെ ഇൻലെറ്റിൽ ഉപയോഗിച്ച സീലിന്റെ നിലവാരത്തകർച്ച ബൈക്കുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന സംശയത്തെ തുടർന്നാണു പരിശോധനയെന്നും കമ്പനി വ്യക്തമാക്കുന്നു.