യു എസ് ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി സജീവ് രാജശേഖരൻ നിയമിതനായി. നേരത്തെ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ വിൽപ്പന, വിൽപ്പനാന്തര വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. 2016 ജൂലൈയിലാണ് അദ്ദേഹം സുസുക്കിക്കൊപ്പം ചേർന്നത്.
ഇന്ത്യയിൽ 250 — 500 സി സി എൻജിൻ ശേഷിയുള്ള ഇടത്തരം ബൈക്കുകൾ അവതരിപ്പിക്കാൻ ഹാർലി ഡേവിഡ്സൻ ഇന്ത്യ തീരുമാനിച്ച പിന്നാലെയാണ് സജീവ് രാജശേഖരൻ നേതൃസ്ഥാനത്തെത്തുന്നത്. വിൽപ്പന, വിപണന, ഓപ്പറേഷൻസ് വിഭാഗങ്ങളിലായി രണ്ട ദശാബ്ദത്തെ പ്രവർത്തന പരിചയമാണ് അദ്ദേഹത്തിനുള്ളത്. സുസുക്കിയിൽ ചേരുംമുമ്പ് പാനസോണിക് ഇന്ത്യയിൽ ചാനൽ, റീട്ടെയ്ൽ വിഭാഗങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി ഡിവിഷൻ മാനേജിങ് ഡയറക്ടറായിരുന്നു രാജശേഖരൻ. കൂടാതെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ എന്ന നിലയിൽ ഇലക്ട്രോലക്സ് ഇന്ത്യ(പി ഇ ഇലക്ട്രോണിക്സ് ലിമിറ്റഡ്) സ്ഥാപിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു.
മുമ്പ് കൊറിയൻ ഇലക്ട്രോണിക് നിർമാതാക്കളായ സാംസങ്ങിലും ദീർഘകാലം പ്രവർത്തിച്ച സജീവ് രാജശേഖരൻ, ഹോം അപ്ലയൻസ് വിഭാഗം മേധാവിയായാണു കമ്പനി വിട്ടത്. ഇന്ത്യയടക്കമുള്ള എമേർജിങ് വിപണികളിൽ ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലൈയിലായിരുന്നു ഹാർലി ഡേവിഡ്സൻ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഈ വിഭാഗത്തെ നയിക്കുന്ന റോയൽ എൻഫീൽഡിനെ വെല്ലുവിളിക്കാനാണു കമ്പനി തയാറെടുക്കുന്നത്. പോരെങ്കിൽ ഈ വിഭാഗത്തിൽ പ്രവേശിക്കുമ്പോൾ ഏഷ്യൻ പങ്കാളിയെ കണ്ടെത്താനും ഹാർലി തയാറെടുക്കുന്നുണ്ട്. ബി എം ഡബ്ല്യുവും ടി വി എസുമായും ട്രയംഫ് മോട്ടോർ സൈക്കിളും ബജാജ് ഓട്ടോയുമായുള്ള സഖ്യം പോലുള്ള പങ്കാളിത്തമാണു ഹാർലിയും ലക്ഷ്യമിടുന്നതെന്നാണു സൂചന.