വിൽക്കാൻ വച്ചിരുന്ന തന്റെ വാഹനം ടെസ്റ്റ് ഡ്രൈവിന് നൽകിയതായിരുന്നു അജയ് സിങ് എന്ന യുവാവ്. വാങ്ങാൻ വന്നയാൾ ഓടിച്ചു നോക്കാൻ കൊണ്ടുപോയി, പിന്നെ ബൈക്കിന്റെ പൊടിപോലും ആ പാവം കണ്ടിട്ടില്ല. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഓൺലൈൻ പോർട്ടൽ വഴിയാണ് ബൈക്ക് വിൽപ്പനയ്ക്ക് വെച്ചത്.
നിലവിൽ 10 ലക്ഷം രൂപയിലധികം വില വരുന്ന ഹാർലി ഡേവിഡ്സൺ എഎക്സ്1200 മോഡലാണ് നഷ്ടമായത്. പേര് രാഹുൽ എന്നാണെന്നും ആഗ്രയിൽ മാർബിൽ എക്പോർട്ടിങ് ബിസിനസാണെന്നും സ്വയം പരിചയപ്പെടുത്തിയ യുവാവാണ് ബൈക്ക് വാങ്ങാനെത്തിയത്. ഇവർതമ്മിൽ കണ്ടു സംസാരിക്കുകയും ചെയ്തു. ആദ്യ നോട്ടത്തിൽ മാന്യനായി തോന്നിയ യുവാവിന് ബൈക്കുകളെക്കുറിച്ച് നല്ല അറിവുമുണ്ടെന്ന് അജയ് പറയുന്നു.
വാഹനം ഇഷ്ടപ്പെട്ടെന്നും സര്‍വീസ് ഹിസ്റ്ററി പരിശോധിക്കുന്നതിനായി ഷോറൂമിലേക്കെത്താനും രാഹുല്‍ ആവശ്യപ്പെട്ടു. ഇവിടെ വെച്ച് 7 ലക്ഷം രൂപയക്ക് കച്ചവടം ഉറപ്പിച്ച് 7000 രൂപ അഡ്വാന്‍സ് നല്‍കി. ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയ രാഹുല്‍ മടങ്ങിയെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമില്ല. തുടർന്നാണ് അജയ് സിങ് പൊലീസിൽ പരാതി നൽകിയത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങള്‍ എടുത്ത പൊലീസ് ഉടൻ ബൈക്ക് കണ്ടെത്തുമെന്നുള്ള പ്രതീക്ഷയിലാണ്.