Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു ലക്ഷം രൂപ വരെ വില കുറച്ച് ഹാർലി ഡേവിഡ്സൻ

harley-CVO-Limited Harley CVO

കസ്റ്റംസ് ഡ്യൂട്ടിയിലെ ഇളവിന്റെ ആനുകൂല്യം പരിഗണിച്ച് ഇന്ത്യയിൽ ബൈക്കുകളുടെ വില കുറയ്ക്കാൻ യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ തീരുമാനിച്ചു. ‘ടൂറിങ്’, ‘സി വി ഒ’ മോഡലുകളുടെ വിലയിൽ 2.62 — 3.73 ലക്ഷം രൂപ കുറയ്ക്കാനാണു ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ തീരുമാനം. 

വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ബൈക്കുകളുടെ കസ്റ്റംസ് തീരുവ സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ്(സി ബി ഇ സി) അടുത്തയിടെ കുറച്ചിരുന്നു. 800 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ 25 ശതമാനവും 800 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ളവയുടെ തീരുവയിൽ 10 ശതമാനവും ഇളവാണ് സി ബി ഇ സി അനുവദിച്ചത്. 

പുതിയ നിരക്ക് പ്രാബല്യത്തിലെത്തിയതോടെ ‘റോഡ് കിങ്ങി’ന്റെ വില 28.37 ലക്ഷം രൂപയിൽ നിന്ന് 24.99 ലക്ഷം രൂപയായി; 3.38 ലക്ഷം രൂപയുടെ കുറവ്. 33.50 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ‘സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷലി’ന്റെ വില 29.99 ലക്ഷം രൂപയായി കുറഞ്ഞു. ‘റോഡ് ഗ്ലൈഡ് സ്പെഷലി’ന്റെ വിലക്കിഴിവ് 2.62 ലക്ഷം രൂപയാണ്; മുമ്പ് 35.61 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ബൈക്ക് ഇപ്പോൾ 32.99 ലക്ഷം രൂപയ്ക്കു ലഭിക്കും. നേരത്തെ 53.72 ലക്ഷം രൂപ വില മതിച്ചിരുന്ന ‘സി വി ഒ ലിമിറ്റഡ്’ ഇപ്പോൾ 49.99 ലക്ഷം രൂപയ്ക്കു ലഭ്യമാണ്. ഇത്രയും മോഡലുകളാണു ഹാർലി ഡേവിഡ്സൻ വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്. 

കസ്റ്റംസ് ഡ്യൂട്ടി കുറച്ച സാഹചര്യത്തിൽ ഹോണ്ടയും ഏപ്രിലിയയും യമഹയും സുസുക്കിയും എം വി അഗസ്റ്റയും ഇന്ത്യൻ മോട്ടോർ സൈക്കിളും മോട്ടോ ഗൂസിയുമൊക്കെ വൈകാതെ വിലക്കിഴിവ് പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ഈ കമ്പനികളുടെ മോഡൽ ശ്രേണിയിലും വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന മോട്ടോർ സൈക്കിളുകളുണ്ട്.