ഇന്ത്യയിൽ മൂന്നാമത്തെ വാഹന നിർമാണശാല സ്ഥാപിക്കാൻ ജപ്പാനിൽ നിന്നുള്ള ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) നടപടി തുടങ്ങി. ഗുജറാത്തിൽ അഹമ്മദബാദിനടുത്ത് വിത്തൽപൂരിലാണു പുതിയ ശാലയ്ക്കായി കമ്പനി 380 ഏക്കർ ഭൂമി സ്വന്തമാക്കിയത്. സഹോദര സ്ഥാപനമായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) സ്ഥാപിച്ച പുതിയ ഇരുചക്രവാഹന നിർമാണശാലയ്ക്കു സമീപത്തുള്ള ഭൂമിക്കായി 1,000 കോടിയോളം രൂപയാണ് ഹോണ്ട മുടക്കിയത്.
ഭൂമി സ്വന്തമാക്കിയെങ്കിലും മൂന്നാമത്തെ കാർ നിർമാണശാല ഉടനെ സ്ഥാപിക്കില്ലെന്നാണു കമ്പനി നൽകുന്ന സൂചന. ഇന്ത്യയിലെ വസ്തു വിലയിൽ അടിക്കടി നേരിടുന്ന വർധന പരിഗണിച്ചാണ് മുൻകൂട്ടി ഭൂമി വാങ്ങിയതെന്ന് ഹോണ്ട കാഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ വിശദീകരിക്കുന്നു. മാത്രമല്ല, ഭൂമി സ്വന്തമായ സാഹചര്യത്തിൽ തീരുമാനമെടുത്താലുടൻ കാലതാമസം ഒഴിവാക്കി പുതിയ ശാലയുടെ നിർമാണം ആരംഭിക്കാനാവുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
നിലവിൽ രണ്ടു കാർ നിർമാണശാലകളാണു ഹോണ്ടയ്ക്ക് ഇന്ത്യയിള്ളത്. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലും രാജസ്ഥാനിലെ തപുകരയിലുമുള്ള ഈ ശാലകളുടെ വാർഷിക ഉൽപ്പാദനശേഷി 1.20 ലക്ഷം യൂണിറ്റ് വീതമാണ്. തപുകരയിൽ നിലവിലുള്ള ശാലയുടെ ഉൽപ്പാദന ശേഷി പൂർണമായി വിനിയോഗിച്ചു കഴിഞ്ഞെങ്കിലും ഇവിടെ കൂടുതൽ വികസനത്തിനുള്ള സാധ്യത നിലവിലുണ്ട്. ചെറു ഹാച്ച്ബാക്കായ ‘ബ്രിയൊ’, എം പി വിയായ ‘മൊബിലിയൊ’, എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, ഇടത്തരം സെഡാനായ ‘സിറ്റി’, എസ് യ വിയായ ‘സി ആർ — വി’ എന്നിവയാണു ഹോണ്ട ഗ്രേറ്റർ നേയ്ഡയിൽ ഉൽപ്പാദിപ്പിക്കുന്നത്. ‘അമെയ്സി’നും ‘സിറ്റി’ക്കും പുറമെ പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’, കോംപാക്ട് എസ് യു വിയായ ‘ബി ആർ — വി’ എന്നിവയാണു തപുകരയിൽ നിന്നു നിരത്തിലെത്തുന്നത്.