ബസ് — ട്രക്ക് റേഡിയൽ: കോടി തികച്ചു ജെ കെ ടയർ

ട്രക്കുകൾക്കുള്ള റേഡിയൽ ടയർ നിർമാണത്തിൽ ഒരു കോടി യൂണിറ്റെന്ന അപൂർവ നേട്ടം കൈവരിച്ചതായി ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ്. മൈസൂരുവിലെ വിക്രാന്ത് പ്ലാന്റാണു ട്രക്ക് റേഡിയൽ നിർമാണത്തിൽ ഒരു കോടി യൂണിറ്റെന്ന നേട്ടം സ്വന്തമാക്കിയത്. 10 ലക്ഷം ടയറുകളുടെ നിർമാണം പൂർത്തിയാക്കിയതിനു ശേഷം 10 വർഷത്തിനുള്ളിലാണ് ശാല പുതിയ നേട്ടം കൈവരിക്കുന്നത്. ആഗോളതലത്തിൽ 12 നിർമാണശാലകളും പ്രതിവർഷം 35 ലക്ഷം ട്രക്ക് — ബസ് റേഡിയൽ നിർമാണശേഷിയുമുള്ള ജെ കെ ടയർ ഈ രംഗത്തെ മുൻനിരക്കാരാണെന്നു കമ്പനി ചെയർമാൻ രഘുപതി സിംഘാനിയ വ്യക്തമാക്കി. 1977ൽ രാജസ്ഥാനിലാണു കമ്പനി ആദ്യ ട്രക്ക് റേഡിയൽ ടയർ നിർമാണശാല ആരംഭിച്ചത്.

പ്രതിവർഷം അഞ്ചു ലക്ഷം യൂണിറ്റായിരുന്നു ശാലയുടെ ഉൽപ്പാദനശേഷി. ഇപ്പോൾ ഇന്ത്യയിൽ ഒൻപതും മെക്സിക്കോയിൽ മൂന്നും ടയർ നിർമാണശാലകളാണു ജെ കെ ടയേഴ്സിനുള്ളത്. റേഡിയൽ ടയർ സാങ്കേതികവിദ്യയിൽ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചതു ജെ കെ ടയേഴ്സ് ആണ്. നാലു ചക്ര വാഹനങ്ങൾക്കുള്ള റേഡിയൽ ടയറുകളുടെ സമ്പൂർണ ശ്രേണി അവതരിപ്പിച്ച ശേഷം കമ്പനി 1999ൽ ട്രക്ക് — ബസ് റേഡിയൽ പുറത്തിറക്കി. നിലവിൽ ട്രക്ക് — ബസ് റേഡിയൽ ടയറുകളുടെ ഏറ്റവും വലിയ നിർമാതാക്കളാണു ജെ കെ ടയേഴ്സ് എന്നും സിംഘാനിയ വെളിപ്പെടുത്തി.  അടുത്തയിടെ ഇരുചക്ര — ത്രിചക്ര വാഹനങ്ങൾക്കുള്ള റേഡിയൽ ടയറുകളും ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് പുറത്തിറക്കി. ഇതോടെ മൂന്നു കിലോയുള്ള സ്കൂട്ടർ ടയർ മുതൽ 3.7 ടൺ ഭാരമുള്ള വമ്പൻ ഒ ടി ആർ ടയർ വരെ നിർമിക്കുന്ന കമ്പനിയായി ജെ കെ ടയർ മാറിയെന്നും അദ്ദേഹം വിശദീകരിച്ചു.

പൊതുമേഖലയിലെ ടയർ നിർമാണ സ്ഥാപനമായിരുന്ന മൈസൂരു വിക്രാന്ത് 1996ലാണു പീഡിത വിഭാഗത്തിലായതെന്ന് കർണാടക വൻകിട — ചെറുകിട വ്യവസായ മന്ത്രി ആർ വി ദേശ്പാണ്ഡെ അനുസ്മരിച്ചു. തുടർന്ന് കമ്പനിയുടെ നടത്തിപ്പ് ചുമതല ജെ കെ ടയേഴ്സിനു കൈമാറുകയായിരുന്നു. വിക്രാന്ത് സ്വകാര്യവൽക്കരിക്കാനുള്ള ഈ തീരുമാനമാണു കമ്പനിയുടെ ജാതകം തിരുത്തിയത്. 1,200 കോടിയോളം രൂപയാണു ജെ കെ ടയേഴ്സ് വിക്രാന്തിൽ നിക്ഷേപിച്ചത്; കർണാടകത്തിലെ തന്നെ വൻകിട നിക്ഷേപങ്ങൾക്കൊപ്പമാണിതെന്നു മന്ത്രി അഭിപ്രായപ്പെട്ടു. 13,000 പേർക്കാണു വിക്രാന്ത് ശാല തൊഴിൽ നൽകുന്നത്.