സ്വയം നിർമിച്ച ടയറുകളുമായി ഇരുചക്രവാഹന വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ജെ കെ ടയേഴ്സ് തയാറെടുക്കുന്നു. ബി കെ ബിർലയുടെ ഉടമസ്ഥതയിലുള്ള കെശോറാം ഇൻഡസ്ട്രീസിന്റെ നിർമാണശാല ഏറ്റെടുത്തതയോടെയാണ് ഇരുചക്രവാഹനങ്ങൾക്കുള്ള ടയറുകൾ സ്വയം നിർമിക്കാൻ രാജ്യത്തെ ടയർ നിർമാതാക്കളിൽ മൂന്നാം സ്ഥാനത്തുള്ള ജെ കെ ടയേഴ്സ് തീരുമാനിച്ചത്. മറ്റു നിർമാതാക്കളിൽ നിന്നു വാങ്ങിയ ടയറുകൾ സ്വന്തം ബ്രാൻഡ് നാമത്തിൽ വ്യാപാരം ചെയ്ത് ഈ വിഭാഗത്തിൽ പ്രവേശിക്കാനായിരുന്നു കമ്പനി നേരത്തെ ആലോചിച്ചിരുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിനടുത്ത് ലക്സറിലുള്ള കെശോറാം ഇൻഡസ്ട്രീസിന്റെ ശാലയിൽ തുടക്കത്തിൽ പ്രതിമാസം ആറു ലക്ഷത്തോളം ഇരുചക്രവാഹന ടയറുകൾ നിർമിക്കാനാവും. 2,200 കോടി രൂപ മുടക്കിയാണു ജെ കെ ടയേഴ്സ് കഴിഞ്ഞ സെപ്റ്റംബറിൽ ഈ ശാല സ്വന്തമാക്കിയത്.
ഇരുചക്രവാഹന വിപണിയിൽ പ്രതീക്ഷിക്കുന്ന വിപുല സാധ്യത പരിഗണിക്കുമ്പോൾ ഈ വിഭാഗത്തിലേക്കു പ്രവേശിക്കാൻ ശാലയുടെ ശേഷി പര്യാപ്തമാണെന്നു ജെ കെ ടയേഴ്സ് പ്രസിഡന്റ് വിവേക് കംറ അഭിപ്രായപ്പെട്ടു. പുതിയ സാമ്പത്തിക വർഷത്തിൽ തന്നെ സ്വയം നിർമിച്ച ടയറുകളുമായി ഇരുചക്രവാഹന വിഭാഗത്തിലേക്കു കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇരുചക്രവാഹന വിപണിയിൽ പ്രവേശിക്കാൻ ട്രേഡിങ് മാർഗമാണു ജെ കെ ടയേഴ്സും തുടക്കത്തിൽ പരിഗണിച്ചിരുന്നതെന്നു കംറ വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടയർ നിർമാണത്തിലാണു കമ്പനിയുടെ മികവെന്നും അതുകൊണ്ടുതന്നെ ആ മേഖലയിൽ ശ്രദ്ധയൂന്നാനാണു തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. ഉൽപ്പാദനശേഷി ആവശ്യത്തിനുള്ളതിനാൽ തുടക്കം മുതൽ തന്നെ ഒ ഇ എം, ആഫ്റ്റർ മാർക്കറ്റ് വിഭാഗങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനും ജെ കെ ടയേഴ്സ് തീരുമാനിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങൾക്കുള്ള ടയർ ലഭ്യമാക്കാൻ ചില ഇരുചക്രവാഹന നിർമാതാക്കളുമായി കമ്പനി ചർച്ച നടത്തുന്നുണ്ടെന്നും കംറ അറിയിച്ചു. രാജ്യത്തെ ടയർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള അപ്പോളൊ ടയേഴ്സും ഏതാനും ആഴ്ച മുമ്പ് ഇരുചക്രവാഹന വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ‘ആക്ടി സീരീസ്’ ശ്രേണിയുമായി വിപണിയിലിറങ്ങിയ അപ്പോളൊ പക്ഷേ തുടക്കത്തിൽ ആഫ്റ്റർ മാർക്കറ്റ് വിഭാഗത്തിൽ മാത്രമാണു ശ്രദ്ധയൂന്നുക.