Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്ര, ത്രിചക്ര ടയർ നിർമിക്കുമെന്നു ജെ കെ ടയർ

JK Tyres

ഇരുചക്ര, ത്രിചക്ര വാഹനങ്ങൾക്കുള്ള ടയറുകൾ അവതരിപ്പിക്കാൻ ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് തയാറെടുക്കുന്നു. ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കൾക്കുള്ള വിതരണത്തിനൊപ്പം ഈ വിഭാഗത്തിൽ ആഭ്യന്തര വിപണിയിലെയും കയറ്റുമതി മേഖലയിലെയും സാധ്യതകളും കമ്പനി പരിഗണിക്കുന്നുണ്ട്. ഇരുചക്ര, ത്രിചക്ര വിപണിയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള വിപണനം ആരംഭിച്ചതായും ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് രാജ്യാന്തര ഓപ്പറേഷൻ വിഭാഗം പ്രസിഡന്റ് അരുൺ കെ ബജോറിയ വെളിപ്പെടുത്തി. രണ്ടു മൂന്നു മാസത്തിനകം കമ്പനി ഈ മേഖലയിൽ പൂർണതോതിലുള്ള പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ഇരുചക്ര, ത്രിചക്ര വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങൾക്കു ബജോറിയ മറുപടി നൽകിയില്ല. ഏതു നിർമാതാക്കൾക്കാണു കമ്പനി ഇരുചക്ര, ത്രിചക്ര ടയറുകൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. കമ്പനിയുടെ ഏതു ശാലയ്ക്കാവും ഇരുചക്ര, ത്രിചക്ര ടയറുകളുടെ നിർമാണ ചുമതലയെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ചെന്നൈ ശാലയ്ക്കായി ലക്ഷ്യമിട്ട 1,430 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളിൽ 500 കോടിയോളം രൂപ ചെലവഴിച്ചതായി ബജോറിയ അറിയിച്ചു. ഇക്കൊല്ലം അവസാനിക്കുംമുമ്പ് അവശേഷിക്കുന്ന തുകയും വിനിയോഗിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ട്രക്ക്, ബസ് റേഡിയൽ ടയർ നിർമാണശേഷി നിലവിലുള്ള നാലു ലക്ഷം യൂണിറ്റിൽ നിന്നു പ്രതിവർഷം 12 ലക്ഷം യൂണിറ്റായും കാർ റേഡിയൽ ടയർ നിർമാണശേഷി 25 ലക്ഷത്തിൽ നിന്നു 45 ലക്ഷം യൂണിറ്റായിട്ടും ഉയർത്താനാണു ജെ കെ ടയർ ലക്ഷ്യമിടുന്നത്. വികസന പ്രവർത്തനങ്ങൾ മൂലം ഉൽപ്പാദനചെലവിൽ നേരിടുന്ന വർധനയെ അതിജീവിക്കാൻ വാഹന നിർമാതാക്കൾക്കുള്ള വിതരണം ഉയർത്താനും പുത്തൻ വിദേശ വിപണികൾ കണ്ടെത്താനും റീപ്ലേസ്മെന്റ് വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണു കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. നോർത്ത് അമേരിക്കൻ വിപണിയിലാണ് ഇപ്പോൾ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആകെ നൂറോളം രാജ്യങ്ങളിലേക്കു ജെ കെ ടയർ ഇപ്പോൾ കയറ്റുമതി നടത്തുന്നുണ്ടെന്നും ബജോറിയ അറിയിച്ചു.

അസംസ്കൃത വസ്തുക്കളുടെ വിലയിൽ സംഭവിച്ച കുറവിന്റെ ആനുകൂല്യം ഉപയോക്താക്കൾക്കു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. റീപ്ലേസ്മെന്റ് വിപണിയിൽ വിൽക്കുന്ന ടയറുകളുടെ വിലയിൽ നാലു ശതമാനത്തോളം ഇളവ് അനുവദിച്ചതായും ബജോറിയ വെളിപ്പെടുത്തി. അസംസ്കൃത വസ്തു വില കുറഞ്ഞെങ്കിലും ഇന്ധന, വൈദ്യുതി, വേതന ചെലവുകൾ ക്രമമായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.