Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എസ് ടി ഇളവിനു സാധ്യത; ടയർ വില കുറഞ്ഞേക്കും

Tyre

ചരക്ക്, സേവന നികുതി(ജി എസ് ടി) നിരക്കിൽ ഇളവ് അനുവദിക്കുന്നതോടെ വാഹനങ്ങളുടെ ടയറുകൾക്കു വില കുറയാൻ  സാധ്യത തെളിയുന്നു. നിലവിൽ ടയറുകൾക്ക് 28% ആണു ജി എസ് ടി; അടുത്ത ജി എസ് ടി കൗൺസിൽ യോഗത്തിൽ നികുതി നിരക്ക് 18% ആയി കുറയ്ക്കുമെന്നാണു പ്രതീക്ഷ. 

ജി എസ് ടി പ്രകാരമുള്ള ഏറ്റവും ഉയർന്ന നികുതി നിരക്കാണ് 28%. എന്നാൽ ജി എസ് ടി ബാധകമായ ആയിരത്തി ഇരുനൂറിലേറെ ഇനങ്ങളിൽ 99 ശതമാനത്തിനും നികുതി 18 ശതമാനമോ അതിൽ താഴെയോ ആക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണു ടയറുകളുടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയേകുന്നത്. 

വാഹനങ്ങളുടെ ടയറുകൾക്ക് 28% ജി എസ് ടി ഈടാക്കുന്നത് സാധാരണക്കാരെയാണ് ബാധിക്കുന്നതെന്ന് ഔദ്യോഗികമായി തന്നെ വിലയിരുത്തലുണ്ട്. ശനിയാഴ്ച ചേരുന്ന ജി എസ് ടി കൗൺസിൽ സാധാരണക്കാരുടെ ജി എസ് ടി ബാധ്യത കുറയ്ക്കാനുള്ള മാർഗങ്ങളാവും പരിഗണിക്കുക. ഈ സാഹചര്യത്തിൽ ടയറുകളുടെ നികുതി നിരക്കിൽ 10% ഇളവിനു സാധ്യതയേറെയാണെന്നു കരുതപ്പെടുന്നു. 

നിലവിൽ 34 സാധന സാമഗ്രികൾക്കാണ് 28% ജി എസ് ടി ഈടാക്കുന്നത്. റബർ നിർമിത ന്യൂമാറ്റിക് ടയർ(വാഹന ടയർ), ഡിജിറ്റൽ കാമറ, എയർ കണ്ടീഷനർ, ഡിഷ് വാഷിങ് മെഷീൻ, ടി വിയുടെ സെറ്റ് ടോപ് ബോക്സ്, മോണിറ്റർ, പ്രൊജക്ടർ, സിമന്റ് തുടങ്ങിയവയൊക്കെയാണ് ഈ വിഭാഗത്തിൽപെടുന്നത്. 

സിമന്റിന്റെ ജി എസ് ടി 18% ആയി കുറയ്ക്കുന്നതോടെ പ്രതിവർഷം 20,000 കോടിയുടെ വരുമാനനഷ്ടമാണ് കണക്കാക്കുന്നത്; എങ്കിലും സിമന്റിന്റെ നികുതി കുറയ്ക്കാനുള്ള നിർദേശം കൗൺസിൽ അംഗീകരിക്കാനാണു സാധ്യത. സിമന്റ് വ്യാപാരത്തിൽ നികുതി വെട്ടിപ്പ് വ്യാപകമാണെന്നാണു വിലയിരുത്തൽ. അതുകൊണ്ടുതന്നെ നികുതി കുറയ്ക്കുന്നതോടെ വെട്ടിപ്പു കുറയുമെന്നും ഭവന നിർമാണ മേഖലയ്ക്കു ഗുണകരമാവുമെന്നും അധികൃതർ പ്രത്യാശിക്കുന്നുണ്ട്. 

അതേസമയം ഏറേറ്റഡ് ഡ്രിങ്ക്സ്, സിഗററ്റ്, ബീഡി, പുകയില ഉൽപന്നങ്ങൾ, പാൻ മസാല, പൊപ്പ്, ഓട്ടമൊബീൽ, വിമാനം, ആഡംബര നൗക, റിവോൾവർ, പിസ്റ്റൽ, ഗാംബ്ലിങ് ലോട്ടറി തുടങ്ങിയവയുടെ ജി എസ് ടി നിരക്ക് 28% ആയി തുടർന്നേക്കും.