മൂല്യമേറിയ നോട്ടുകൾ നിരോധിച്ചതും ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പാക്കിയതും ആന്റി ഡംപിങ് നികുതി ഘടന പരിഷ്കരിച്ചതുമൊക്കെ ചേർന്നതോടെ ചൈനീസ് ടയർ ഇറക്കുമതി ഗണ്യമായി ഇടിഞ്ഞെന്നു രാജ്യത്തെ ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ(എ ടി എം എ).
ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതി മുമ്പത്തെ അപേക്ഷിച്ച് പകുതിയോളമായി കുറഞ്ഞെന്നും അസോസിയേഷൻ ചെയർമാൻ സതീഷ് ശർമ അറിയിച്ചു. നോട്ട്നിരോധനം നിലവിൽ വന്ന 2016 നവംബറിൽ ചൈനീസ് ടയർ ഇറക്കുമതി 20% ഇടിഞ്ഞിരുന്നു. പിന്നാലെ ജി എസ് ടിയും ആന്റി ഡംപിങ് ഡ്യൂട്ടിയുമൊക്കെ വന്നതോടെ ചൈനയിൽ നിന്നുള്ള ടയർ ഇറക്കുമതിക്കാർക്കു പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയാണെന്നും ശർമ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം മേയിൽ ഒന്നര ലക്ഷത്തോളം ടയറുകളാണ് ചൈനയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇപ്പോഴത്തെ പ്രതിമാസ ഇറക്കുമതിയാവട്ടെ അരലക്ഷത്തോളമായി കുറഞ്ഞിട്ടുണ്ട്. പോരെങ്കിൽ ചൈനീസ് ഇറക്കുമതിയിൽ നേരിടുന്ന ഇടിവ് മാസം തോറും വർധിച്ചുവരികയാണെന്നും ശർമ വിശദീകരിച്ചു.
ലാഭക്ഷമത കുറഞ്ഞതോടെ ഇറക്കുമതി ചെയ്ത ചൈനീസ് ടയറുകളോട് വ്യാപാരികൾക്കും താൽപര്യമില്ലാതായി. നഷ്ട സാധ്യത വർധിച്ചതോടെ ഇത്തരം ടയറുകളുടെ വ്യാപാരത്തിൽ അധികമാർക്കും താൽപര്യമില്ലാതായെന്നും ശർമ വിശദീകരിക്കുന്നു. അതേസമയം ആഭ്യന്തര ടയർ വിപണി ഇക്കൊല്ലവും 10 ശതമാനത്തോടടുത്ത് വളർച്ച കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2018 — 19ലും ഇതേ വളർച്ചാ നിരക്ക് നിലനിർത്താനാവുമെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ.