Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടയർ വിലയിൽ വർധന വീണ്ടും

Car tires

ടയർ വില വീണ്ടും വർധിപ്പിക്കാൻ രാജ്യത്തെ ടയർ നിർമാതാക്കൾ തയാറെടുക്കുന്നു. വില ഒറ്റയടിക്കു കുത്തനെ ഉയർത്താതെ ഘട്ടം ഘട്ടമായി വർധിപ്പിക്കാനാണു കമ്പനികളുടെ നീക്കം. തിങ്കളാഴ്ച മുതൽ പ്രാബല്യത്തോടെ രണ്ടു ശതമാനം വില വർധന അപ്പോളൊ ടയേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്; എതിരാളികളായ ജെ കെ ടയേഴ്സും സീയറ്റുമൊക്കെ വൈകാതെ വില വർധിപ്പിക്കുമെന്നാണു സൂചന. അസംസ്കൃത വസ്തുക്കുൾക്കു വിലയേറിയതാണ് ടയർ വില വർധന അനിവാര്യമാക്കുന്നതെന്നാണു നിർമാതാക്കളുടെ വാദം. ഇക്കൊല്ലം ഇതിനോടകം തന്നെ ടയറിന്റെ വില പല തവണ, നേരിയ തോതിൽ നിർമാതാക്കൾ വർധിപ്പിച്ചിട്ടുമുണ്ട്. 

എല്ലാ വിഭാഗം ടയറുകൾക്കു വില കൂട്ടുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ജെ കെ ടയർ മാനേജിങ് ഡയറക്ടർ വിക്രം മൽഹോത്ര വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് ആറു മാസമായി അസംസ്കൃത വസ്തുക്കളുടെ വില നിരന്തരം ഉയരുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

രണ്ടോ മൂന്നോ മാസത്തെ ഇടവേളകളിൽ ചെറിയ തോതിൽ വില ഉയർത്തുകയാണു ടയർ നിർമാതാക്കൾ ഇപ്പോൾ ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലൊക്കെ ടയർ വിലയിൽ നേരിയ വർധന നടപ്പാക്കിയിരുന്നെന്ന് സീയറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അർണബ് ബാനർജി അറിയിച്ചു. ഭാവിയിലും ഇതേ രീതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ പ്രത്യേക വിഭാഗം ടയറുകൾക്കു മാത്രമായും നിർമാതാക്കൾ വില വർധന നടപ്പാക്കുന്നുണ്ട്. ഇത്തവണ അപ്പോളൊ ടയേഴ്സ് എച്ച് സി വി, ഐ സി വി, എൽ സി വി വിഭാഗങ്ങൾക്കുള്ള നൈലോൺ ഫാബ്രിക് ടയറിനാണു വില വർധന നടപ്പാക്കുന്നത്. ഇതോടെ ഭാര വാണിജ്യ വാഹന ടയർ വിലയിൽ സെറ്റിന്  700 രൂപയുടെയും ഇടത്തരം വാണിജ്യ വാഹന ടയർ വിലയിൽ സെറ്റിന് 400 രൂപയുടെയും ലഘു വാണിജ്യ വാഹന ടയർ വിലയിൽ  സെറ്റിന് 350 രൂപയുടെയും വർധനയാണു നടപ്പാവുക.