മുംബൈയിലേക്കടക്കം പുത്തൻ ദീർഘദൂര സർവീസുകൾ ആരംഭിക്കാനായി കെ എസ് ആർ ടി സി നടത്തുന്ന ഇ ടെൻഡർ നടപടികളിൽ സ്വീഡിഷ് നിർമാതാക്കളായ സ്കാനിയ കൊമേഴ്സ്യൽ വെഹിക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു മേൽക്കൈ. നിലവിൽ സാമ്പത്തിക വിലയിരുത്തൽ ഘട്ടത്തിലെത്തിയ ടെൻഡറിൽ എതിരാളികളെ അപേക്ഷിച്ച് 8.50 ലക്ഷത്തോളം രൂപ കുറവാണ് സ്കാനിയ വാഗ്ദാനം ചെയ്തിരിക്കുന്ന വില. ആഡംബര വിഭാഗത്തിൽപെട്ട 18 മൾട്ടി ആക്സിൽ എയർ കണ്ടീഷൻഡ് ബസുകൾ വാങ്ങാൻ കെ എസ് ആർ ടി സി ക്ഷണിച്ച ടെൻഡറിൽ സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ സ്കാനിയയും വോൾവോ ബസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മാത്രമാണു രംഗത്തുള്ളത്. മൾട്ടി ആക്സിൽ വിഭാഗത്തിലെ ‘മെട്രോലിങ്ക്’ കോച്ച് ഓരോന്നിനും നികുതി കൂടാതെ 76,77,060 രൂപയും നികുതിയടക്കം 99,35,924 രൂപയുമാണു സ്കാനിയ ആവശ്യപ്പെട്ട വില. അതേസമയം മൾട്ടി ആക്സിൽ ബസ്സുകൾക്ക് നികുതി കൂടാതെ 85,30,066 രൂപയും നികുതിയടക്കം 1,11,43,500 രൂപയുമാണു വോൾവോ ബസസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ നാലിനു തുറന്ന ടെൻഡറിന്റെ സാങ്കേതിക അവലോകന നടപടികൾ പൂർത്തിയായിട്ടുണ്ട്.
മഹാരാഷ്ട്രയിലേക്കും തെലങ്കാനയിലേക്കും കർണാടകത്തിലേക്കും ഗോവയിലേക്കുമൊക്കെയായി ഏഴു പുതിയ സർവീസുകൾ തുടങ്ങാനാണു കെ എസ് ആർ ടി സി 18 മൾട്ടി ആക്സിൽ ബസ് വാങ്ങുന്നത്. കോഴിക്കോട് നിന്നു മുംബൈ, ഹൈദരബാദ്, പുട്ടപർത്തി, ഗോവ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നു പുതുച്ചേരിക്കും ചെന്നൈയ്ക്കുമാണു പുതിയ സർവീസുകൾ ആലോചനയിലുള്ളത്. കഴിഞ്ഞ വർഷം വോൾവോയിൽ നിന്നു 10 മൾട്ടി ആക്സിൽ ബസ്സുകൾ കെ എസ് ആർ ടി സി വാങ്ങിയിരുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നു ബെംഗളൂരുവിലേക്കാണ് ഈ ബസ്സുകൾ സർവീസ് നടത്തുന്നത്. കെ എസ് ആർ ടി സിക്കു മുമ്പേ മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളും സ്കാനിയയുടെ മൾട്ടി ആക്സിൽ ബസ്സുകൾ സർവീസിന് ഇറക്കിയിട്ടുണ്ട്. ‘അശ്വമേധ്’ എന്ന വ്യാപാരനാമത്തിൽ എം എസ് ആർ ടി സി നിരത്തിലിറക്കിയ ബസ്സുകൾ മുംബൈ — പുണെ — ഹൈദരബാദ് റൂട്ടിലാണ് ഓടുന്നത്. 1.17 കോടി രൂപ വീതം ചെലവിട്ട് 70 മൾട്ടി ആക്സിൽ എ സി ബസ്സുകൾ വാങ്ങാനാണ് എം എസ് ആർ ടി സി തീരുമാനിച്ചിരിക്കുന്നത്. വോൾവോയിൽ നിന്നും സ്കാനിയയിൽ നിന്നും 35 വീതം ബസ്സകളാണു കോർപറേഷൻ വാങ്ങുക.
അതേസമയം പുത്തൻ തലസ്ഥാനമായ ‘അമരാവതി’ യുടെ തന്നെ പേരിലാണ് എ പി എസ് ആർ ടി സിയുടെ മൾട്ടി ആക്സിൽ എ സി ബസ്സുകളുടെ രംഗപ്രവേശം. നിലവിലുള്ള ഗരുഡ, ഗരുഡ പ്ലസ്, വെന്നെല, ഇന്ദ്ര ബ്രാൻഡുകൾക്കു പുറമെയാണ് എ പി എസ് ആർ ടി സി 45 ‘അമരാവതി’ ബസ്സുകൾ അവതരിപ്പിക്കുന്നത്. വിജയവാഡയിൽ നിന്നു ഹൈദരബാദ്, ബെംഗളൂരു, വിശാഖപട്ടണം, കാക്കിനഡ, ചെന്നൈ, തിരുപ്പതി, കടപ്പ, നെല്ലൂർ റൂട്ടുകളിലേക്കാണ് ഈ ബസ്സുകൾ സർവീസ് നടത്തുക. ഓരോ ബസ്സിനും 97.43 ലക്ഷം രൂപ മുടക്കി ‘അമരാവതി’ ശ്രേണിയിൽ 15 സ്കാനിയയും 30 വോൾവോയുമാണ് എ പി എസ് ആർ ടി സി വാങ്ങുന്നത്; 43.84 കോടി രൂപയാണ് ഈ പുതിയ ബസ്സുകൾ വാങ്ങാനുള്ള മൊത്തം ചെലവ്.