നഗര വഴിയിലൂടെ ഇരുചക്ര വാഹനങ്ങളിൽ കറങ്ങാൻ മാത്രമല്ല, അത്യാവശ്യം ബൈക്ക് നിർമാണവും പഠിച്ചെടുക്കുകയാണ് നമ്മുടെ പെൺകുട്ടികൾ. കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷ ഡിപ്ലോമ കോഴ്സിൽ നാലു പെൺകുട്ടികളാണു ബൈക്ക് നിർമിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനും പരിശീലനം നേടുന്നത്. അനഘ ട്രീസ, പേൾ ജോസഫ്, ടാനിയ സാബു, റിയാൻ പിൻഹീറോ എന്നിവരാണു ബൈക്ക് നിർമാണത്തിൽ പരിശീലനം നേടുന്നത്. ഏലൂർ സ്വദേശിനിയായ പേളും വൈപ്പിൻ പെരുമ്പിള്ളി സ്വദേശിനിയായ അനഘയും ബികോം ഡിഗ്രിക്കു ശേഷമാണു ഇരുചക്ര വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കോഴ്സ് തിരഞ്ഞെടുത്തത്. ഏലൂരിൽ നിന്നുള്ള ടാനിയയും മുളവുകാട് സ്വദേശിനിയായ റിയാനും പ്ലസ് ടു പഠനത്തിനു ശേഷവും.
നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ കീഴിലുള്ള ഡിപ്ലോമ കോഴ്സിനു യമഹ കമ്പനിയുടെ പിന്തുണയുമുണ്ട്. എൻസിവിടി സർട്ടിഫിക്കറ്റിനു പുറമെ യമഹയുടെ ബ്രൗൺസ് ലെവൽ സർട്ടിഫിക്കറ്റും പരിശീലനം പൂർത്തിയാക്കുന്നവർക്കു ലഭിക്കും. യമഹയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് പരിശീലന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളും അനുബന്ധ സൗകര്യങ്ങളുമെല്ലാം അവരുടെ വക. യമഹയുടെ എല്ലാത്തരം വാഹനങ്ങളുടെയും എൻജിൻ ജോലികൾ ഉൾപ്പെടെ പഠിക്കുന്നു. പഠനത്തോടൊപ്പം ബൈക്ക് ഓടിക്കാനും പരിശീലിക്കുന്നുണ്ട്. ബൈക്ക് ഓടിച്ചു നോക്കിയാൽ മാത്രമേ എന്താണു കുഴപ്പമെന്നു കണ്ടെത്താൻ സാധിക്കുവെന്നു പേളിന്റെ വാക്കുകൾ.
കോഴ്സിൽ ചേരുന്നവർക്കു ഫീസ് ഒഴികെയുള്ള മറ്റു ചെലവുകൾ വഹിക്കുന്നതു യമഹ തന്നെയാണ്. മൂന്നു മാസത്തെ പഠനത്തിനു ശേഷം ഒരാഴ്ച ഏതെങ്കിലും ഡീലർഷിപ്പുകളിൽ ഒരാഴ്ച പരിശീലനമുണ്ട്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു യമഹ ജോലി നൽകും. അതുകൊണ്ടു തന്നെ ഭാവി സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തിലാണു ഈ നാൽവർ സംഘം. 22 പേരുടെ ബാച്ചിൽ ഏറ്റവും മികവു കാട്ടുന്ന വിദ്യാർഥിക്കു സ്വന്തമായി വർക്‌ഷോപ് ആരംഭിക്കാനുള്ള സഹായവും യമഹ നൽകുന്നുണ്ട്. സ്ഥാപനത്തിൽ രണ്ടാമത്തെ ബാച്ചാണ് ഇപ്പോൾ പഠനം നടത്തുന്നത്. പക്ഷെ പെൺകുട്ടികൾ പഠിക്കാനെത്തുന്നത് ആദ്യം.