ഗിന്നസ് ബുക്കിൽ കയറിയ ക്യൂ

മൂന്ന് കിലോമീറ്ററിൽ അധികം നീളമുള്ള ക്യൂ, 1527 കാറുകള്‍, ആയിരക്കണക്കിന് ആളുകൾ... ഒരു നഗരത്തെ നിശ്ചലമാക്കിയ ഗതാഗതക്കുരുക്കാണ് ഇത് എന്ന് കരുതിയാൽ തെറ്റി. ഗിന്നസ് ബുക്കിൽ ഇടം പിടിച്ച നീണ്ട ക്യൂവാണിത്. ലോകത്തിലെ ഫോർഡ് വാഹനങ്ങളുടെ നീണ്ട ക്യൂ (Longest Queue of Ford Vehicles in the World) എന്നാണ് ഇതിനെ ഗിന്നസ് ബുക്ക് അധികൃതർ വിശേഷിപ്പിച്ചത്.

2300 ഫോർഡ് വാഹനങ്ങൾ പങ്കെടുത്ത ഈ ക്യൂവിന് ഏകദേശം 20 കിലോമീറ്ററോളം നീളമുണ്ടായിരിന്നു. എന്നാൽ ഗിന്നസ് റെക്കോർഡ് അധികൃതർ ലൈറ്റ് വെയിറ്റ് വാഹനങ്ങളെ മാത്രം പരിഗണിച്ചതിനാൽ 1527 വാഹനത്തിലും 3.2 കിലോമീറ്ററിലും റെക്കോർഡ് ഒതുങ്ങി. 2014-ൽ യുഎസ്എയിലെ ഫോർഡ് ഉടമസ്ഥർ സ്ഥാപിച്ച 829 വാഹനങ്ങൾ എന്ന റെക്കോർഡ് ഭേദിക്കാനാണു ബൾഗേറിയയിലെ ഫോർഡ് ഉടമകൾ അണിചേർന്നത്.

ഇതിനായി ബള്‍ഗേറിയയിലെ ഓരു ഹൈവേയിലേക്ക് മറ്റു വാഹനങ്ങളുടെ പ്രവേശനം തടയുകയും ചെയ്തു. 2009ൽ 1450 മിനി കാറുകളും, 2006-ൽ 500ഓളം വരുന്ന ഫിയറ്റ് കാറുകളും 2008-ൽ 2325 പോർഷെ കാറുകളും റെക്കോർഡിന് അർഹരായിരുന്നു. കൂടാതെ 332 പ്രിയസ് ബ്രിഡ് വാഹനങ്ങളെ മാത്രം അണിനിരത്തി ടൊയോട്ടയും ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.