പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻ എം) തുർക്കിയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. ഹിസർലർ എന്നു ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രാദേശിക കമ്പനിയായ ഹിസർലർ മകിനി സാനായ് യെ ടിസാറെറ്റ് അനോനിം സിർകെറ്റിയെ ഏറ്റെടുത്താണു മഹീന്ദ്ര തുർക്കിയിലെ കാർഷികോപകരണ നിർമാണ മേഖലയിൽ പ്രവേശിച്ചത്. ഏപ്രിലോടെ പൂർത്തിയാവുന്ന ഓഹരി കൈമാറ്റത്തിനായി 7.1 കോടി തുർക്കിഷ് ലീറ(ഏകദേശം 126 കോടി രൂപ)യാണു മഹീന്ദ്ര മുടക്കുക; ഇതോടെ ഹിസർലറിന്റെ 75.1% ഓഹരികൾ എം ആൻഡ് എമ്മിന സ്വന്തമാവും. തുർക്കിക്കു പുറമെ യൂറോപ്പിലെ കാർഷികോപകരണ മേഖലയിലേക്കുള്ള പ്രവേശനമാണ് ഈ ഇടപാടിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.
ഭൂരിപക്ഷം ഓഹരികളും കൈവശമാവുന്നതോടെ ഹിസർലർ മാനേജ്മെന്റ് മഹീന്ദ്രയുടെ നിയന്ത്രണത്തിലാവും; ബോർഡ് ഓഫ് ഡയറക്ടേഴ്സിലും മഹീന്ദ്രയ്ക്കാവും മേധാവിത്തം. മഹീന്ദ്രയ്ക്കുള്ള ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി യൂറോപ്യൻ ബാങ്ക് ഓഫ് റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റി(ഇ ബി ആർ ഡി)ന് കമ്പനിയുള്ള പങ്കാളിത്തം 18.7% ആയി ഉയരും; ബാങ്കിന് ഒരു ഡയറക്ടറെ നാമനിർദേശം ചെയ്യാനും അവസരമുണ്ടാവം. അവശേഷിക്കുന്ന 6.2% ഓഹരികൾ കമ്പനി സ്ഥാപരായ ടർകർ കുടുംബത്തിന്റെ പക്കലാവും. മഹീന്ദ്രയുടെ രംഗപ്രവേശത്തോടെ ഡർബി കൺവെർജിങ് യൂറോപ്പ് ഫണ്ട് ത്രീ കമ്പനിയിലെ ഓഹരി നിക്ഷേപത്തിൽ നിന്നു പൂർണമായും പിൻമാറും.
വിൽപ്പന അടിസ്ഥാനമാക്കി ലോകത്തിലെ തന്നെ ഒന്നാമത്തെ ട്രാക്ടർ നിർമാതാക്കളാണു മഹീന്ദ്രയെന്ന് എം ആൻഡ് എം മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അവകാശപ്പെട്ടു. ഇന്ത്യക്കു പുറമെ യു എസ് എയിലു ചൈനയിലും ജപ്പാനിലും ശക്തമായ സാന്നിധ്യമുള്ള കമ്പനിയുടെ ട്രാക്ടറുകൾ പല രാജ്യങ്ങളിലും കയറ്റുമതി വഴിയും വിൽപ്പനയ്ക്കെത്തുന്നു. ഭാവിയിൽ ആഗോളതലത്തിലേക്കു വിൽപ്പന വ്യാപിപ്പിക്കാനും കാർഷികോപകരണ വിപണിയിൽ പുതിയ വിഭാഗങ്ങളിൽ ഇടം നേടാനുമാണു കമ്പനി ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക കമ്പനിയെ ഏറ്റെടുത്ത് തുർക്കിയിൽ പ്രവേശിക്കുന്നത് സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം വിലയിരുത്തി. മണ്ണൊരുക്കൽ ഉപകരണ വിൽപ്പനയിൽ 45% വിഹിതത്തോടെ തുർക്കി വിപണിയിൽ നേതൃസ്ഥാനത്താണു ഹിസർലറെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫാം എക്വിപ്മെന്റ് ആൻഡ് ടു വീലർ വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ രാജേഷ് ജെജുരികർ വെളിപ്പെടുത്തി. ഹിസർലറിനെ ഏറ്റെടുത്തതോടെ തുർക്കിയിലും യൂറോപ്പിലും സാന്നിധ്യം ശക്തമാക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.