മണലാരണ്യം എന്ന പേര് അക്ഷരം പ്രതി ശരിയായ സഹാറ മരുഭൂമി, സ്വതവേ ഒരു നോട്ടം കൊണ്ട് പോലും താണ്ടാനാവാത്ത ഈ സഹാറ മരുഭൂമി ഒരു ഇരു ചക്രവാഹനത്തിൽ താണ്ടുക, കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ഈ കാര്യം ചെയ്തത് ഒരു കൈനറ്റിക് ഹോണ്ടയിലാണ് എന്നു കൂടി അറിഞ്ഞാലോ? അത്ഭുതം ആവേശത്തിന് വഴിമാറാൻ പിന്നെ വേറൊന്നും വേണ്ട. എങ്കിൽ, പരിചയപ്പെടാം ദിലിപ് ബാം എന്ന ഈ വ്യക്തിയെ. പ്രായം വാർദ്ധക്യത്തോട് അടുത്ത ഈ വ്യക്തിയാണ് കൈനറ്റിക് ഹോണ്ട എന്ന കുഞ്ഞൻ വാഹനത്തിൽ മണലാരണ്യം കടന്നത്.
ദിലിപ് ബാം കേവലം ഒരു വ്യക്തിയല്ല, കാരണം വാഹന പ്രേമികൾക്ക് ഇദ്ദേഹത്തിന്റെ കഥ ഒരു ഹരമായിരിക്കാം. 1947 ജനുവരി 4 നാണ് ദിലിപ് ബാം ജനിക്കുന്നത്. 1968 ൽ റൂർക്കി ഐഐടിയിൽ നിന്നും മെക്കാനിക്കൽ എൻജിനിയേറിങ് പാസായ ദിലിപ് കിർലോസ്കർ ഓയിൽ എഞ്ചിനിയേറിംഗ്സ് ലിമിറ്റഡിലാണ് ജോലി ആരംഭിച്ചത്. തുടർന്ന് എക്സ് എൽ ആർ ഐ ജംഷേദ്പൂറൂൽ നിന്നും എംബിഎ പാസായി, തുടർന്ന് സ്വദേശത്തും വിദേശത്തും നിരവധി ജോലി ചെയ്ത അദ്ദേഹം 1987 ല്‍ കാർ ആന്റ് ബൈക്ക് മാസികയിൽ ബൈക്ക് ടെസ്റ്ററായി. തുടർന്ന് 26 വർഷത്തോളം വിവിധ മാസികകൾക്കും കമ്പനികള്‍ക്കും വേണ്ടി അദ്ദേഹം ടെസ്റ്റ് റൈഡുകൾ നടത്തിയിട്ടുണ്ട്.
പുതിയതായി വികസിപ്പിച്ചെടുക്കുന്ന വാഹനങ്ങൾ ഏതു സാഹചര്യത്തിലും ഓടിച്ച് ടെസ്റ്റ് ചെയ്ത് ഇദ്ദേഹം അഭിപ്രായം പറയും. ആ അഭിപ്രായത്തിനാകട്ടെ നല്ല വിലയും. അതുകൊണ്ട് തന്നെ ദിലിപ് ബാമിന്റെ കൈകളിലൂടെ കടന്നു പോകാത്ത വാഹനങ്ങൾ ഉണ്ടെന്ന് പറയാനാവില്ല. 1992 ലാണ് ഇദ്ദേഹം തന്റെ കൈനറ്റിക് ഹോണ്ടയിൽ സഹാറ കടക്കുന്നത്. ഗിയറില്ലാത്ത സ്കൂട്ടിറിൽ സഹാറ മരുഭൂമി കടക്കുന്ന ആദ്യ ആൾ എന്ന ഗിന്നസ് വേള്‍ഡ് റിക്കോർഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. കൂടാതെ മൂന്ന് പ്രാവശ്യം (1999, 2001, 2003 ) കാശ്മീരിൽ നിന്ന് കന്യാകുമാരി വരെയും ഒരു പ്രാവശ്യം പൂനെയിൽ നിന്നു കന്യാകുമാരിവരെയും ഇരുചക്രവാഹനത്തിൽ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
ചൈനീസ്, ഇന്തോനേഷ്യൻ, മലേഷ്യൻ, പഞ്ചാബി, മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകൾ ഇദ്ദേഹം അനായാസേന കൈകാര്യം ചെയ്യും. വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുന്ന നിസ്സാരക്കാരനായ ഒരു വ്യക്തി മാത്രമല്ല ഇദ്ദേഹം. 1988 -90 കാലഘട്ടത്തിൽ മാനേജ്മെന്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ സിംബയോസിസ്, BIMM, ICFAI, IMD എന്നിവിടങ്ങളിൽ അദ്ദേഹം ക്ലാസുകൾ എടുത്തിട്ടുണ്ട്. ഇതിനു പുറമേ പല കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ദിലിപ് ജോലി ചെയ്തിട്ടുണ്ട് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം.
1987 ലാണ് കാർ ആൻഡ് ബൈക്ക് ഇന്റർനാഷണൽ മാഗസിൻ എന്ന മാസികയിൽ റോഡ് ടെസ്റ്റ് എഡിറ്റർ ആയാണ് ദിലിപ് ബാം തന്റെ ജീവിതം ആരംഭിക്കുന്നത്. 1993 മുതൽ ഓട്ടോ ഇന്ത്യ മാഗസിന് വേണ്ടി വാഹനങ്ങളുടെ റിവ്യൂ എഴുതി തുടങ്ങി. ഇങ്ങനെ വാഹന ഭ്രാന്ത് തലക്കു പിടിച്ചിരിക്കുമ്പോൾ ആണ് കൈനറ്റിക് ഹോണ്ടയിൽ സഹാറ മരുഭൂമി കടക്കുന്നതും . തന്റെ വാഹന പരിചയത്തെ മുൻനിർത്തി പല പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.