‘ഇഗ്നിസി’ന് 6000 ബുക്കിങ്ങുകൾ

Ignis

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള അർബൻ കോംപാക്ട് ക്രോസോവറായ ‘ഇഗ്നിസി’ന്റെ അവതരണ വേളയ്ക്കകം കാറിനു ലഭിച്ചത് ആറായിരത്തിലേറെ ബുക്കിങ്ങുകൾ. പെട്രോൾ, ഡീസൽ എൻജിനുകളോടെ വിപണിയിലെത്തിയ ‘ഇഗ്നിസി’ന് ഡൽഹി ഷോറൂമിൽ 4.59 ലക്ഷം രൂപ മുതലാണു വില. കാറിന്റെ അരങ്ങേറ്റത്തിനു മുന്നോടിയായി പുതുവർഷനാൾ 11,000 രൂപ അഡ്വാൻസ് ഈടാക്കി കമ്പനി ‘ഇഗ്നിസി’നുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. പുത്തൻ വിപണന ശൃംഖലയായ ‘നെക്സ’ വഴി വിൽപ്പനയ്ക്കെത്തുന്ന മൂന്നാമതു മോഡലാണ് ‘ഇഗ്നിസ്’. ഇന്ത്യയ്ക്കു മുമ്പ് യൂറോപ്പിലും ജപ്പാനിലും ‘ഇഗ്നിസ്’ വിൽപ്പനയ്ക്കെത്തിയിരുന്നു. എന്നാൽ ഈ വിപണിക്കായി നടപ്പാക്കിയ സമഗ്രമായ പരിഷ്കാരങ്ങളോടെയാണ് ‘ഇഗ്നിസ്’ ഇന്ത്യയിലെത്തുന്നത്.

Ignis

മുമ്പ് സാന്നിധ്യമില്ലാത്ത വിഭാഗങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായണ് ‘ഇഗ്നിസി’നെ പടയ്ക്കിറക്കിയതെന്നാണു മാരുതി സുസുക്കിയുടെ നിലപാട്. മാറുന്ന കാലത്തിനനുസൃതമായി പരമ്പരാഗത ചിന്താശൈലിയിൽ മാറ്റം അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. പുതിയ നൂറ്റാണ്ടിൽ ജനിച്ച, ‘മിലേനിയൽസ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന യുവതലമുറയെയാണ് ‘ഇഗ്നിസി’ലൂടെ മാരുതി സുസുക്കി നോട്ടമിടുന്നത്. ‘ബലേനൊ’യ്ക്ക് അടിത്തറയാവുന്ന അഞ്ചാം തലമുറ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പിലാണു മാരുതി സുസുക്കി ‘ഇഗ്നിസ്’ സാക്ഷാത്കരിച്ചിരിക്കുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘ഇഗ്നിസ്’ പേൾ ആർട്ടിക് ബ്ലൂ, അപ്ടൗൺ റെഡ്, സിൽകി സിൽവർ, ടിൻസൽ ബ്ലൂ, ഗ്ലിസ്റ്റനിങ് ഗ്രേ, അർബൻ ബ്ലൂ നിറങ്ങളിലാണു വിൽപ്പനയ്ക്കുണ്ടാവുക. 

Ignis

സാങ്കേതികവിഭാഗത്തിൽ കാര്യമായ പുതുമകളില്ലാതെയാണ് ‘ഇഗ്നിസി’ന്റെ വരവ്. കാറിനു കരുത്തേകുക 1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ, 1.3 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനുകളാവും. പെട്രോൾ എൻജിന് 6,000 ആർ പി എമ്മിൽ 83 പി എസ് വരെ കരുത്തും 4,200 ആർ പി എമ്മിൽ 113 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ഡീസൽ എൻജിന്റെ പരമാവധി കരുത്ത് 4,000 ആർ പി എമ്മിൽ പിറക്കുന്ന 75 പി എസ് ആണ്; ടോർക്കാവട്ടെ 2,000 ആർ പി എമ്മിലെ 190 എൻ എമ്മും. പെട്രോൾ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസൽ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്നിസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ‘ഇഗ്നിസ്’ വിൽപ്പനയ്ക്കുണ്ടാവും.

Ignis

സുസുക്കി ടി ഇ സി ടി ബോഡി, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് സീറ്റ് ആങ്കറേജ്, മുന്നിൽ ഇരട്ട എയർബാഗ്, ഫോഴ്സ് ലിമിറ്റർ സഹിതം സീറ്റ് ബെൽറ്റ് പ്രീ ടെൻഷനർ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ തുടങ്ങിയവയ്ക്കൊപ്പം ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ‘ഇഗ്നിസി’ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ഇഗ്നിസി’ന്റെ ഇന്ത്യയിലെ പ്രധാന എതിരാളികൾ ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’, മഹീന്ദ്ര ‘കെ യു വി 100’ തുടങ്ങിയവയാണ്.