യുവാക്കളെ ലക്ഷ്യം വെച്ച് പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് എന്ന പേരിലാണ് മാരുതി, ഇഗ്‌നിസിനെ പുറത്തിറക്കിയിരിക്കുന്നത്. സ്മാര്‍ട്ട് കാറായ ഇഗ്‌നിസ് മൈക്രോ എസ് യു വി സെഗ്മെന്റിലേയ്ക്കാണ് എത്തിയിരിക്കുന്നതെങ്കിലും വിപണിയിലെ പല ചെറുഹാച്ചുകള്‍ക്കും ഭീഷണിയായേക്കാം. മഹീന്ദ്രയുടെ മൈക്രോ എസ് യു വിയായ കെയുവി 100, ഹ്യൂണ്ടേയ് യുടെ പ്രീമിയം ഹാച്ച്ബാക്കായ ഗ്രാന്‍ഡ് ഐ 10, മാരുതി ഇഗ്‌നിസ് എന്നീ വാഹനങ്ങളില്‍ മികച്ചതേത് ?
ഡിസൈന്‍
സിംഗിള്‍ ഫ്രേം ഗ്രില്‍, ചതുര വടിവുള്ള എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ് ലാംപ്, വലിയ വീല്‍ ആര്‍ച്ചുകള്‍, കറുത്ത അലോയ് വീലുകള്‍ എന്നിവ ഇഗ്നിസിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. ഷെവര്‍ലെ ബീറ്റിനുള്ള തരം പിന്‍ഡോര്‍ ഹാന്‍ഡിലാണ് ഇഗ്നിസിനും കെയുവിക്കും. കാഴ്ച്ചയുടെ കാര്യത്തില്‍ കെയുവിയും ഗ്രാന്‍ഡ് ഐ 10നും ഇഗ്നിസിന് ഒട്ടും പിന്നിലല്ല. യുവാക്കളെ ലക്ഷ്യം വെച്ചാണ് ഇരുവാഹനങ്ങളും പുറത്തിറങ്ങുന്നത്. അതുകൊണ്ടു തന്നെ സ്‌പോര്‍ട്ടി ലുക്ക് നല്‍കാന്‍് നിര്‍മാതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. എസ് യു വിയെ അനുസ്മരിപ്പിക്കുന്ന മുന്‍വശമാണ് കെയുവി 100ന്. ചെറുകാര്‍ ലുക്കാണ് ഗ്രാന്റ് ഐ10ന്. ഗ്രില്ലും സ്‌കഫ് പ്ലേറ്റുകളും വലിയ ബമ്പറും എല്‍ ഇ ഡി സ്ട്രിപ്പും ഹെഡ് ലാംപുമൊക്കെച്ചേര്‍ന്ന് കെയുവിയുടെ മുന്‍ഭാഗത്തിന് മികച്ച ലുക്ക് സമ്മാനിക്കുന്നു. ഗ്രാന്‍ഡ് ഐ10 പുതുക്കി ഇറങ്ങിയത് അടുത്തിടെയാണ്. എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാമ്പുകളും മാറ്റങ്ങള്‍ വരുത്തിയ ഗ്രില്ലും ബംബറും ഗ്രാന്‍ഡിന് പുതുമ സമ്മാനിക്കുന്നു.
കൂട്ടത്തില്‍ ഏറ്റവും നീളം കൂടിയ വാഹനമാണ് ഹ്യുണ്ടേയ് ഗ്രാന്റ് ഐ10. 3765 എംഎമ്മാണ് ഗ്രാന്റിന്റെ നീളം. തൊട്ടു പുറകില്‍ 3700 എംഎമ്മുമായി ഇഗ്നിസും 3675 എംഎം നീളവുമായി കെയുവിയുമുണ്ട്. വീതിയുടെ കാര്യത്തില്‍ 1715 എംഎമ്മുമായി കെയുവിയാണ് മുന്നിലെങ്കില്‍ രണ്ടാം സ്ഥാനം ഇഗ്നിസിനും മൂന്നാംസ്ഥാനം ഗ്രാന്റ് ഐ10 നുമാണ്. പൊക്കത്തിലും വീല്‍ ബെയ്‌സിലും കെയുവി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനം ഇഗ്നിസിനും മൂന്നാം സ്ഥാനം ഗ്രാന്റ് ഐ10നും. എന്നാല്‍ 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമായി ഇരുവാഹനങ്ങളേയും ഇഗ്നിസ് കടത്തി വെട്ടി. 170 എംഎമ്മുമായി കെയുവിയും 165 എംഎമ്മുമായി ഗ്രാന്റ് ഐ10നും തൊട്ടു പുറകില്‍ തന്നെയുണ്ട്. ബൂട്ട് സ്‌പെയ്‌സില്‍ ഗ്രാന്റ് ഐ10 265 ലീറ്ററുമായി മുന്നിലാണ്. ഇഗ്നിസിന്റേത്് 260 ലീറ്ററും കെയുവിയുടേത് 243 ലീറ്ററുമാണ്.
ഫീച്ചറുകള്‍
മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍ക്കുന്ന വാഹനമാണ് ഇഗ്നിസ്. ഫീച്ചറുകളുടെ കാര്യത്തില്‍ മാരുതി ഒരു പിശുക്കും വരുത്തിയിട്ടില്ല. ടാബ്‌ലെറ്റിനു സമമായ സെന്‍ട്രല്‍ കണ്‍സോളാണ് ഇഗ്നിസിന്റെ ഉയര്‍ന്ന വകഭേദത്തില്‍. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകള്‍ക്ക് അനായാസം പെയര്‍ ചെയ്യാനാവുന്ന സംവിധാനങ്ങള്‍. ഓഡിയോ പ്ലെയറിനു പുറമെ ഗൂഗിള്‍മാപ്പും കോളുകളും മെസേജിങ്ങും അടക്കമുള്ള ഫോണ്‍ സംവിധാനങ്ങളുമൊക്കെ ഈ ടച് സ്‌ക്രീന്‍ സിസ്റ്റത്തിലുണ്ട്. ഡ്യുവല്‍ ടോണ്‍ കളറുകള്‍, റൂഫിനു പ്രത്യേക ഭംഗി നല്‍കുന്ന റൂഫ് റാപ്പുകള്‍, വിങ് മിററിനു വ്യത്യസ്ത നിറങ്ങള്‍, സ്‌പോയ്‌ലര്‍, ഫോഗ് ലാംപ് ഗാര്‍നിഷ്, സ്‌കിഡ് പ്ലേറ്റുകള്‍ തുടങ്ങി ഒട്ടനവധി ആക്‌സസറികള്‍ കൊണ്ട് കാറിനെ കസ്റ്റമൈസ് ചെയ്യാം.
മുന്നിലേയും പിന്നിലേയും ബെഞ്ച് സീറ്റുകളാണ് കെയുവിയുടെ ഏറ്റവും വലിയ പ്രത്യേകത. മുന്നില്‍ വേണമെങ്കില്‍ മൂന്നു പേര്‍ക്കു വീതം ഇരിക്കാം, മാത്രമല്ല ഈ സീറ്റ് മറിച്ച് നല്ലൊരു ആം റെസ്റ്റ് ആക്കി മാറ്റാം. ഗീയര്‍ ലിവറിന്റെ സ്ഥാനം നടുക്കല്ല ഡാഷ് ബോര്‍ഡിലാണ്. പാര്‍ക്ക് ബ്രേക്കും ഡാഷില്‍ത്തന്നെ. സ്റ്റിയറിങ് മൗണ്ടഡ് നിയന്ത്രണങ്ങള്‍, 3.5 ഇഞ്ച് സ്‌ക്രീന്‍ സ്റ്റീരിയോ, യു എസ് ബി പോര്‍ട്ടുകള്‍, ഉള്ളില്‍ നിന്നു ക്രമീകരിക്കാവുന്ന മിററുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം കെയുവിയിലുമുണ്ട്. ഹ്യുണ്ടേയ്, ഗ്രാന്റ് ഐ10 നെ പുറത്തിറക്കിയപ്പോള്‍ സെഗ്മെന്റിലെ മികച്ച ഫീച്ചറുകളെല്ലാം നല്‍കിയിരുന്നു. പുതുക്കിയെത്തിയപ്പോഴും ഫീച്ചറുകളുടെ കാര്യത്തില്‍ കമ്പനി ഒരു കുറവും വരുത്തിയിട്ടില്ല. പുറംഭാഗത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയറും ഉള്‍ഭാഗത്തെ ലക്ഷ്യൂറിയസുമാക്കാനാണ് ഫെയ്‌സ് ലിഫ്റ്റിലൂടെ കമ്പനി ശ്രമിച്ചിരിക്കുന്നത്. പുതിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ മ്യൂസിക് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലെ, ആഡ്രോയിഡ് ഓട്ടോ, മിറര്‍ ലിങ്ക് കണക്റ്റ്‌വിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പുതിയ ഗ്രാന്റ് ഐ 10 ലുണ്ട്. കൂടാതെ റീഡിസൈന്‍ ചെയ്ത ഡാഷ് ബോര്‍ഡുകള്‍, കൂടുതല്‍ സ്ഥലസൗകര്യം എന്നിവയും കാറിന്റെ പ്രത്യേകതയാണ്.
എന്‍ജിന്‍
പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ മൂന്നു വാഹനങ്ങളിലും ലഭ്യമാണ്. 1.2 ലീറ്റര്‍ എന്‍ജിനാണ് മൂന്നു വാഹനങ്ങളുടേയും പെട്രോള്‍ പതിപ്പുകള്‍ ഉപയോഗിക്കുന്നത്. ഇഗ്നിസിന്റേയും ഗ്രാന്റ് ഐ 10ന്റേയും 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 82ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍ കെയുവിയുടെ എന്‍ജിന്‍ 5500 ആര്‍പിഎമ്മില്‍ 82 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. 4200 ആര്‍പിഎമ്മില്‍ 113 എന്‍എമ്മാണ് ഇഗ്നസിന്റെ ടോര്‍ക്ക്, 4000 ആര്‍പിഎമ്മില്‍ 114 എന്‍എം ഗ്രാന്റ് ഐ10ന്റേയും 3500 -3600 ആര്‍പിഎമ്മില്‍ 115 എന്‍എമ്മാണ് കെയുവിയുടേയും ടോര്‍ക്ക്. മാനുവല്‍ വകഭേദത്തെ കൂടാതെ മാരുതി ഇഗ്നിസിന് എഎംടി വകഭേദവും ഹ്യുണ്ടേയ് ഗ്രാന്റ് ഐ10ന് നാല് സ്പീഡ് ഓട്ടമാറ്റിക്ക് വേരിയന്റുമുണ്ട്. എന്നാല്‍ കെയുവിക്ക് മാനുവല്‍ മാത്രമേയുള്ളു. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഇഗ്നിസാണ് മുന്നില്‍, 20.89 കിലോമീറ്റര്‍ മൈലേജ് ഇഗ്നിസ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുമ്പോള്‍ ഗ്രാന്‍ഡിന്റേത് 18.9 കിലോമീറ്ററും കെയുവിയുടേത് 18.15 കിലോമീറ്ററുമാണ്.
മൂന്നു വാഹനങ്ങളിലും ഏറ്റവും വലിയ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നത് ഇഗ്നിസാണ്. മാരുതിയുടെ ഒട്ടുമിക്ക ഡീസല്‍ കാറുകളിലുമുള്ള 1.3 ലീറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിന്‍ തന്നെയാണ് ഇഗ്നിസിനും. മറ്റു രണ്ടു വാഹനങ്ങളും 1.2 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്നു. 4000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 2000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും നല്‍കും ഇഗ്നിസിന്റെ 1.3 ലീറ്റര്‍ എന്‍ജിന്‍. 75 പിഎസ് കരുത്തും 19.4 കെജിഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് ഗ്രാന്റ് ഐ 10 ന്റെ 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. കെയുവിയുടെ 1.2 ലീറ്റര്‍ എന്‍ജിന്‍ 3750 ആര്‍പിഎമ്മില്‍ 77 ബിഎച്ച്പി കരുത്തും 1750-2250 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇഗ്നിസിന് 26.80 കിലോമീറ്ററും, ഗ്രാന്റ് ഐ 10ന് 24 കിലോമീറ്ററും കെയുവിക്ക് 25.32 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കൂട്ടത്തില്‍ ഇഗ്നിസിന് മാത്രമേ ഓട്ടമാറ്റിക്ക് വകഭേദമുള്ളു.
സുരക്ഷ
സുരക്ഷയില്‍ മാരുതി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല, എല്ലാ മോഡലിനും രണ്ട് എയര്‍ ബാഗ്, എ ബി എസ്, ഇ ബി ഡി സൗകര്യം. കൂടാതെ രൂപകല്‍പനാ തലത്തിലുള്ള സുരക്ഷാ പരിഗണനകള്‍ ഏറ്റവും സുരക്ഷയുള്ള ചെറുകാറായി ഇഗ്‌നിസിനെ മാറ്റുന്നു. കെയുവിയുടെ എല്ലാ മോഡലുകള്‍ക്കും എ ബി എസ് നല്‍കിയിട്ടുണ്ട് കൂടാതെ എയര്‍ ബാഗ് എല്ലാ മോഡലിലും ഓപ്ഷനലായും നല്‍കിയിരിക്കുന്നു. ഹ്യണ്ടേയ് ഗ്രാന്റ് ഐ 10 ന്റെ എല്ലാമോഡലുകള്‍ക്കും ഡ്രൈവര്‍ സൈഡ് എയര്‍ബാഗുണ്ട്. എന്നാല്‍ കൂടിയ വകഭേദത്തില്‍ മാത്രമേ എബിഎസുള്ളു.
വില (കോട്ടയം എക്‌സ് ഷോറൂം)
ഇഗ്നിസ്
പെട്രോള്‍: 4.75-6.89 ലക്ഷം രൂപ, പെട്രോള്‍ ഓട്ടമാറ്റിക്ക്: 5.92-6.49 ലക്ഷം രൂപ, ഡീസല്‍:6.58-8.01 ലക്ഷം രൂപ, ഡീസല്‍ ഓട്ടമാറ്റിക്ക്: 7.14-7.67 ലക്ഷം രൂപ.
കെയുവി
പെട്രോള്‍: 4.73-6.55 ലക്ഷം രൂപ, ഡീസല്‍: 5.70-7.47 ലക്ഷം രൂപ.
ഗ്രാന്റ് ഐ 10
പെട്രോള്‍: 4.66-6.94 ലക്ഷം രൂപ, പെട്രോള്‍ ഓട്ടമാറ്റിക്ക്: 6.09-6.98 ലക്ഷം രൂപ, ഡീസല്‍: 5.78-7.49 ലക്ഷം രൂപ