പരിഷ്കരിച്ച ‘ബീറ്റിലി’ന്റെ അരങ്ങേറ്റത്തിനു മുന്നോടിയായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ ഇന്ത്യ കാറിനുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങി. ഒരു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു കമ്പനി അടുത്ത മാസം നിരത്തിലെത്തുമെന്നു കരുതുന്ന പുതിയ ‘ബീറ്റിലി’നുള്ള ബുക്കിങ് സ്വീകരിക്കുന്നത്.
രാജ്യത്തെ തിരഞ്ഞെടുത്ത ഷോറൂമുകൾ വഴി മാത്രമാണു ‘ബീറ്റിൽ’ ബുക്ക് ചെയ്യാൻ അവസരം. കൂടാതെ കമ്പനി വെബ്സൈറ്റ് മുഖേനയും കാർ ബുക്ക് ചെയ്യാനാവും. നിലവിൽ ‘പോളോ’യും ‘വെന്റോ’യും ‘ജെറ്റ’യുമാണ് ഫോക്സ്വാഗൻ ഇന്ത്യയിൽ വിൽക്കുന്നത്. നാലു വർണങ്ങളിലാവും പുതിയ ‘ബീറ്റിൽ’ വിൽപ്പനയ്ക്കെത്തുക: ഹാബനീറൊ ഓറഞ്ച്, ഓറിക്സ് വൈറ്റ്, ടൊർണാഡൊ റെഡ്, ബ്ലൂ സിൽക്ക്. ഫിയറ്റിന്റെ ‘അബാർത്ത് പുന്തൊ’, ‘മിനി കൂപ്പർ എസ്’, മെഴ്സീഡിസ് ‘എ ക്ലാസ്’, ബി എം ഡബ്ല്യു ‘വൺ സീരീസ്’ എന്നിവയോടാവും ഇന്ത്യയിൽ ‘ബീറ്റിലി’ന്റെ ഏറ്റുമുട്ടൽ.
വാഹന ചരിത്രത്തെ അടയാളപ്പെടുത്തുന്ന മോഡലുകൾക്കൊപ്പമാണു ‘ബീറ്റിലി’ന്റെ സ്ഥാനമെന്ന് ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ അഭിപ്രായപ്പെട്ടു. കാറിന്റെ പുതിയ പതിപ്പിന്റെ അവതരണം കമ്പനി ആഘോഷമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉടമയുടെ അടിസ്ഥാന പ്രകൃതം പ്രതിഫലിപ്പിക്കുന്ന കാറാണ് ‘ബീറ്റിൽ’. അതിനാലാണ് പ്രീ ലോഞ്ച് ബുക്കിങ് വഴി ‘ബീറ്റിൽ’ സ്വന്തമാക്കാൻ അവസരം ഒരുക്കുന്നതെന്നും മേയർ വിശദീകരിച്ചു.
ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സുമായി എത്തുന്ന പുതിയ ‘ബീറ്റിലി’ൽ സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ആറ് എയർബാഗ്, ഇ എസ് പി, എ ബി എസ് എന്നിവയെല്ലാം ലഭിക്കും. ഇതിനു പുറമെ ഓപ്ഷനലായി പനോരമിക് സൺറൂഫ്, ബൈ സീനോൻ ഹെഡ്ലാംപ്, ലതർ ഇന്റീരിയർ — ക്രോം പാക്കേജുകൾ തുടങ്ങിയവയും ലഭ്യമാവും.
നവീകരിച്ച ‘ബീറ്റിലി’നു കരുത്തേകുക 1.4 ലീറ്റർ, ടി എസ് ഐ പെട്രോൾ എൻജിനാവും; പരമാവധി 150 പി എസ് കരുത്തും 250 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്നു വെറും 8.4 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനും ഈ എൻജിനു കഴിയും. സർവോപരി പെട്രോൾ എൻജിനായതിനാൽ ആഗോളതലത്തിൽ കമ്പനിയെ വേട്ടയാടുന്ന ‘പുകമറ’ വിവാദത്തിന്റെ കരിനിഴൽ പുതിയ ‘ബീറ്റിലി’നു മേൽ പതിക്കാതെ നോക്കാനും ഫോക്സ്വാഗനു കഴിയുമെന്ന നേട്ടമുണ്ട്. അതേസമയം കാറിന്റെ വിലയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നുമില്ല; എങ്കിലും എതിരാളികളുടെ നിലവാരം പരിഗണിക്കുമ്പോൾ ഡൽഹി ഷോറൂമിൽ 25 ലക്ഷം രൂപയ്ക്കും 35 ലക്ഷം രൂപയ്ക്കുമിടയിലാവും പരിഷ്കരിച്ച ‘ബീറ്റിലി’നു വിലയെന്നാണു വിലയിരുത്തൽ.