ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി നിരക്ക് ഒൻപതു തവണ ഉയർത്തിയതു വഴി 2015 — 16ൽ 69,863 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചെന്നു കേന്ദ്ര സർക്കാർ. പെട്രോൾ വിൽപ്പനയിൽ നിന്നുള്ള അധിക നികുതിയായ 17,217 കോടി രൂപയും ഡീസലിൽ നിന്ന് 52,592 കോടി രൂപയും ലഭിച്ചതായി കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാർ ഗാംഗ്വർ ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി. ഇന്ധനങ്ങളുടെ എക്സൈസ് നിരക്ക് വർധനയിലൂടെ 2014 — 15ൽ 26,108 കോടി രൂപയും 2013 — 14ൽ 19,263 കോടി രൂപയുമായിരുന്നു അധിക വരുമാനം ലഭിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ ഇന്ധന വിൽപ്പനയിൽ നിന്നുള്ള അധിക എക്സൈസ് ഡ്യൂട്ടി വരുമാനമായി 17,692 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ 2014ന്റെ ഉത്തരാർധം മുതൽ അസംസ്കൃത എണ്ണ വില ക്രമമായി ഇടിയുന്നുണ്ടെങ്കിലും അതിന്റെ ആനുകൂല്യം ഇന്ത്യൻ ഉപയോക്താക്കൾക്കു ലഭിക്കുന്നില്ല. പകരം ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് ഡ്യൂട്ടി നിരക്ക് തുടർച്ചയായി വർധിപ്പിക്കാനാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. റവന്യൂ, സാമ്പത്തിക കമ്മികൾ മറികടക്കാനായി ഇതുവരെ ഒൻപതു പ്രാവശ്യമാണ് ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി നിരക്ക് വർധന വഴി കേന്ദ്രം അധിക വരുമാനം സ്വന്തമാക്കിയത്. ഇതോടെ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി നിരക്കിൽ ലീറ്ററിന് 11.77 രൂപയുടെയും ഡീസലിന്റെ നിരക്കിൽ ലീറ്ററിന് 13.47 രൂപയുടെയും വർധന നിലവിൽവന്നിട്ടുണ്ട്.
സാധാരണ പെട്രോളിന്റെ അടിസ്ഥാന എക്സൈസ് ഡ്യൂട്ടി നിരക്ക് ലീറ്ററിന് 9.48 രൂപയും ഡീസലിന്റേത് 11.33 രൂപയുമാണ്. എന്നാൽ അധിക, പ്രത്യേക എക്സൈസ് ഡ്യൂട്ടികൾ കൂടി നിലവിൽ വരുന്നതോടെ പെട്രോളിന്റെ മൊത്തം ലെവി ലീറ്ററിന് 21.48 രൂപയും ഡീസലിന്റേത് ലീറ്ററിന് 17.33 രൂപയുമായി ഉയരും.