ഓല വിളിക്കാം, ഇനി ഇന്റർനെറ്റ് ഇല്ലാതെയും

ഇന്റർനെറ്റ് കണക്ഷനില്ലാത്ത മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും സേവനം പ്രയോജനപ്പെടുത്താൻ അവസരമൊരുക്കി ബെംഗളൂരു ആസ്ഥാനമായ ടാക്സി അഗ്രിഗേറ്ററായ ഓല രംഗത്ത്. എസ് എം എസിലൂടെ ടാക്സി വിളിക്കാൻ അവസരം നൽകുന്ന ‘ഓല ഓഫ്ലൈൻ’ സർവീസ് ആണു കമ്പനി മെട്രോ നഗരങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും ടാക്സി വിളിക്കാമെന്നതാണ് ‘ഓല ഓഫ്ലൈനി’ന്റെ പ്രധാന സവിശേഷത.

ടാക്സി ആവശ്യമുള്ളവർ തന്റെ സ്ഥലം സംബന്ധിച്ച വിശദാംശങ്ങൾ എസ് എം എസിലൂടെ ഓലയ്ക്കു കൈമാറണം. ഇതോടെ കാറുമായെത്തുന്ന ഡ്രൈവറുടെ വിവരങ്ങൾ കമ്പനി എസ് എം എസിലൂടെ തന്നെ മറുപടിയായി നൽകും. തുടർന്ന് എസ് എം എസ് വഴി ലഭിച്ച നമ്പറിൽ ഉപയോക്താവിനു ഡ്രൈവറെ നേരിട്ടു വിളിച്ചു യാത്ര പോകാമെന്ന് ഓല വിശദീകരിച്ചു.
കഴിഞ്ഞ ജൂണിൽ ചെറു നഗരങ്ങളായ ഇൻഡോറിലും നാഗ്പൂരിലുമാണ് കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ‘ഓല ഓഫ്ലൈൻ’ അവതരിപ്പിച്ചത്.

പദ്ധതി വിജയമാണെന്നു കണ്ടതോടെ ‘ഓഫ്ലൈൻ’ സേവനം ഓലയ്ക്കു സാന്നിധ്യമുള്ള 102 നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ തുടക്കമെന്ന നിലയാണു വരുംആഴ്ചകളിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ പദ്ധതി ആരംഭിക്കുന്നത്. ഓലയിൽ ലഭ്യമായ മൈക്രോ, മിനി, പ്രൈം, ലക്സ് വിഭാഗം സേവനങ്ങളെല്ലാം ‘ഓല ഓഫ്ലൈൻ’ വഴിയും ഉപയോഗിക്കാൻ അവസരമുണ്ട്.