Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോൾസ് റോയ്സ് ‘ഡോൺ’ ഇന്ത്യയിലേക്ക്; അരങ്ങേറ്റം 24ന്

Rolls-Royce Dawn Dawn

ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിൽ നിന്നുള്ള പുതിയ അവതരണമായ ‘ഡോണി’ന്റെ ഇന്ത്യൻ അരങ്ങേറ്റം അടുത്ത വെള്ളിയാഴ്ച. ‘ഫാന്റം’ ഡ്രോപ്ഹെഡിനു ശേഷം ഇന്ത്യയിൽ റോൾസ് റോയ്സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ കൺവെർട്ട്ബ്ളാവും ‘ഡോൺ’. അരങ്ങേറ്റത്തിനായി ഇതാദ്യമായി ‘ഡോൺ’ ഇന്ത്യയിലെത്തുന്നതോടെ ഈ വിപണിയിൽ റോൾസ് റോയ്സ് ശ്രേണിയിൽ ലഭ്യമാവുന്ന മോഡലുകളുടെ എണ്ണം നാലായി ഉയരും.

Rolls-Royce Dawn Dawn

രൂപകൽപ്പനയിലെ സാമ്യം മൂലം ചിലപ്പോഴൊക്കെ ‘റെയ്ത്തി’നെ അനുസ്മരിപ്പിക്കുമെങ്കിലും ‘ഡോൺ’ ഡ്രോപ് ഹെഡ് പൂർണമായും പുതിയതാണെന്നാണു റോൾസ് റോയ്സിന്റെ നിലപാട്. ഒപ്പം ‘റെയ്ത്തി’ന്റെ കൺവെർട്ബ്ൾ രൂപാന്തരമാണു ‘ഡോൺ’ എന്ന ആക്ഷേപത്തെയും കമ്പനി തള്ളിക്കളയുന്നു. ‘ഡോണി’ന്റെ 80 ശതമാനത്തോളം ബോഡി വിശദാംശങ്ങൾ കാറിനു സവിശേഷമായി രൂപകൽപ്പന ചെയ്തതാണ്; നീണ്ട ബോണറ്റ്, മുന്നിലെ നീളം കുറഞ്ഞ ഓവർ ഹാങ്, പിന്നിലെ നീണ്ട ഓവർ ഹാങ്, ഉയർന്ന ഷോൾഡർ ലൈൻ, 2:1 അനുപാതത്തിലെ വീൽ ഹൈറ്റും ബോഡി വെയ്റ്റും എന്നിവയൊക്കെ കാറിന്റെ പ്രത്യേകതകളായി റോൾസ് റോയ്സ് നിരത്തുന്നു. ‘റെയ്ത്തി’നെ അപേക്ഷിച്ച് 45 എം എം ഉയരത്തിലാണു മുന്നിലെ റേഡിയേറ്റർ ഗ്രില്ലിന്റെ സ്ഥാനം; മുന്നിൽ താഴെയുള്ള ബംപറാവട്ടെ 53 എം എം ദീർഘിപ്പിച്ചിട്ടുമുണ്ട്.

Rolls-Royce Dawn Dawn

കാലങ്ങളായി ആകർഷണം ചോരാതെ തുടരുന്ന റോൾസ് റോയ്സ് രൂപകൽപ്പനാ മികവ് ‘ഡോണി’ലുമുണ്ട്. മുന്നിൽ എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപുകൾ അതിരിടുന്ന സ്റ്റൈൽ സമൃദ്ധമായ പ്രൊജക്ടർ ഹെഡ്ലാംപാണു കാറിലുള്ളത്. നിശ്ശബ്ദമായി തുറക്കുന്ന സോഫ്റ്റ് ടോപ് റൂഫാണു കാറിന്റേത്; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വെറും 20 സെക്കൻഡിൽ ഈ റൂഫ് തുറക്കാനാവുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. തടിക്കും തുകലിനും ക്ഷാമമില്ലാത്ത അകത്തളത്തിലാവട്ടെ മുന്നിലും പിന്നിലുമായി രണ്ട് വീതം സീറ്റുകളാണുള്ളത്. നാലു മേഖലകളായി തിരിച്ച ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വ്യക്തിഗതമായി ക്രമീകരിക്കാവുന്ന 16 സ്പീക്കറുകൾ സഹിതം പ്രീമിയം ഓഡിയോ സിസ്റ്റം, ക്രോം അഴകേകുന്ന ഇൻസർട്ട് എന്നിവയും കാറിലുണ്ട്

Rolls-Royce Dawn

‘ഡോണി’നു കരുത്തേകുന്നത് 6.6 ലീറ്റർ, ട്വിൻ ടർബോ ചാർജ്ഡ് വി 12 പെട്രോൾ എൻജിനാണ്; പരമാവധി 632.7 പി എസ് കരുത്തും 800 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഈ എൻജിനു വേണ്ടത് വെറും 4.6 സെക്കൻഡ്. ആർഭാടത്തിനും ആഡംബരത്തിനും കുറവില്ലാത്ത ‘ഡോൺ’ ഇന്ത്യയിലെത്തുമ്പോൾ വില നാലര മുതൽ അഞ്ചു കോടി രൂപ വരെയാവുമെന്നാണു സൂചന.