ഫോർമുല വൺ മത്സരരംഗത്തെ ജർമൻ ടീമായ മെഴ്സീഡിസനൊപ്പം രണ്ടു വർഷം കൂടി തുടരാൻ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ മുന്നിലുള്ള നികൊ റോസ്ബർഗ് തീരുമാനിച്ചു. മെഴ്സീഡിസിലെ ബ്രിട്ടീഷ് ഡ്രൈവറായ ലൂയിസ് ഹാമിൽറ്റനുമായുള്ള കലഹകലുഷിത ബന്ധത്തിനിടയിലും അദ്ദേഹത്തിന്റെ സഹ ഡ്രൈവറായി 2018 വരെ തുടരാനുള്ള കരാറാണു റോസ്ബർഗ് ടീമുമായി ഒപ്പിട്ടത്. റോസ്ബർഗുമായുള്ള കരാർ പുതുക്കിയ കാര്യം ഫോർമുല വൺ ചാംപ്യൻമാരായ മെഴ്സീഡിസ് തന്നെയാണു പ്രഖ്യാപിച്ചത്. റോസ്ബർഗും ടീം മേധാവി ടോട്ടോ വുൾഫും കരാർ ഒപ്പിടുന്ന വിഡിയോയും ടീമിന്റ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധപ്പെടുത്തി. 2018 സീസൺ വരെ ടീമിൽ തുടരാൻ ലൂയിസ് ഹാമിൽറ്റനുമായും മെഴ്സീഡിസ് കരാർ ഒപ്പിട്ടിട്ടുണ്ട്.
ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന്റെ 2016 സീസണിൽ മൂന്നു തവണ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയിട്ടുള്ള ഹാമിൽറ്റനെ അപേക്ഷിച്ചു റോസ്ബർഗാണു പോയിന്റ് പട്ടികയിൽ മുന്നിൽ. ഞായറാഴ്ചത്തെ ഹംഗേറിയൻ ഗ്രാൻപ്രിക്കുള്ള ഒരുക്കം പുരോഗമിക്കുമ്പോൾ റോസ്ബർഗും ഹാമിൽറ്റനുമായി ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ ഒറ്റ പോയിന്റിന്റെ വ്യത്യാസമാണുള്ളത്.
ടീമിൽ തുടരുന്നതു സംബന്ധിച്ചു മെഴ്സീഡിസും റോസ്ബർഗുമായി ചർച്ച തുടങ്ങിയിട്ടു മാസങ്ങളായി. മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ടീമുമായുള്ള ചർച്ചകൾക്കായി ഓസ്ട്രിയൻ എഫ് വൺ ഡ്രൈവറായിരുന്ന ജെറാർഡ് ബെർജറെയാണു റോസ്ബർഗ് നിയോഗിച്ചിരുന്നത്.
ആറു വർഷം മുമ്പു തിരിച്ചെത്തിയതു മുതൽ ടീമിലെ പ്രധാന അംഗമാണു റോസ്ബർഗെന്നു മെഴ്സീഡിസ് വക്താവ് വിശദീകരിച്ചു. തുടർന്നുള്ള കാലത്തിനിടെ മെഴ്സീഡിസ് നേടിയ വിജയങ്ങളിൽ നിർണായക സംഭാവനയാണു റോസ്ബർഗ് നൽകിയതെന്നും ടീം വ്യക്തമാക്കി. 2010ൽ തിരിച്ചെത്തിയതു മുതൽ റോസ്ബർഗ് മെഴ്സീഡിസിനായി 19 മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. റോസ്ബർഗിന്റെ കാര്യത്തിൽ മെഴ്സീഡിസും തീരുമാനമെടുത്തതോടെ ഫോർമുല വൺ ഗ്രിഡിലുള്ള പ്രധാന ടീമുകളായ ഫെരാരിയും റെഡ്ബുള്ളുമൊക്ക വരും സീസണിൽ നിലവിലുള്ള ഡ്രൈവർമാരുമായി മത്സരരംഗത്തു തുടരുമെന്ന് ഉറപ്പായി.