മൈലേജ് കൂടിയ ചെറുകാറുമായി ടൊയോട്ട

Representative Image: Daihatsu Cast Sport

ഇന്ത്യൻ വിപണിക്കായി അധിക ഇന്ധനക്ഷമതയുള്ളതും കൂടുതൽ സുരക്ഷിതവുമായ ചെറുകാർ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)നു പദ്ധതി. ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവും ടൊയോട്ടയും ചേർന്നു പുതുവർഷത്തിൽ രൂപീകരിച്ച പുതിയ സംയുക്ത സംരംഭമായ എമേർജിങ് കോംപാക്ട് കാർ കമ്പനിക്കാവും ഈ കാറിന്റെ വികസന ചുമതല. പുതിയ മോഡൽ അവതരണം വഴി ഇന്ത്യൻ ചെറുകാർ വിപണിയെ അടക്കി വാഴുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനും വെല്ലുവിളി ഉയർത്താനാവുമെന്നാണു ടൊയോട്ടയുടെ കണക്കുകൂട്ടൽ.

നിലവിലുള്ള കാറുകൾക്ക് വിലയുടെ കാര്യത്തിലുള്ള ആകർഷണീയതയെ മെച്ചപ്പെട്ട സുരക്ഷയും ഉയർന്ന ഇന്ധനക്ഷമതയും വഴി നേരിടാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം നടപ്പാവുന്ന 2020 ആകുമ്പേഴേക്ക് പുതിയ കാർ വിൽപ്പനയ്ക്കെത്തിക്കാനാണു ടൊയോട്ടയുടെ നീക്കം.വികസ്വര വിപണികൾക്കായി ആകർഷക കാറുകൾ വികസിപ്പിക്കുന്നതിൽ ഡയ്ഹാറ്റ്സുവിനുള്ള മികവാണു പുതിയ സംരംഭത്തിൽ ടൊയോട്ടയ്ക്കു പ്രതീക്ഷയേകുന്നത്.

ഈ മേഖലയിൽ ഡയ്ഹാറ്റ്സുവിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ചെറുകാറിനു പുറമെ പരമ്പരാഗത വിവിധോദ്ദേശ്യ വാഹന(എം പി വി)വും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)വും അവതരിപ്പിക്കാനും ടൊയോട്ട ആലോചിക്കുന്നുണ്ട്. ഇന്ത്യയിൽ വ്യാപക വിൽപ്പന ലക്ഷ്യമിട്ടാണു ടി കെ എം നേരത്തെ കോംപാക്ട് സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യും പുറത്തിറക്കിയത്. പക്ഷേ ഇന്ത്യയിലെ വിൽപ്പനയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്്ക്കാൻ ഇരു മോഡലുകൾക്കും കഴിയാതെ പോയി. ഈ സാഹചര്യത്തിലാണ് മത്സരക്ഷമമായ വിലയ്ക്കു കാർ വികസിപ്പിക്കാൻ ഡയ്ഹാറ്റ്സുവിനുള്ള വൈഭവം മുതലെടുക്കാൻ ടൊയോട്ട ഒരുങ്ങുന്നത്.