വാഹനങ്ങളുടെ പുതുമ നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് വാഹന നിർമാതാക്കാൾ. അതിനായി വാഹനങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുത്താൻ നിർമാതാക്കൾ ശ്രദ്ധിക്കാറുണ്ട്. ഓരോ വർഷവും നിരവധി മാറ്റങ്ങളാണ് ജനപ്രിയ വാഹനങ്ങൾക്ക് വരാറ്. ഈ വർഷം മുഖം മിനുക്കി എത്തുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഗ്രാന്‍ഡ്
ഹ്യുണ്ടേയ്‍യുടെ ജനപ്രിയ കാർ ഗ്രാന്റ് ഐ 10 ന്റെ പുതിയ പതിപ്പ് ഫെബ്രുവരിയിൽ വിപണിയിലെത്തും. വിപണിയിലെത്തുന്ന പുതിയ കാറിന്റെ പേര് ഗ്രാന്റ് ഐ 10 പ്രൈം എന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങുന്ന അതേ കാർ തന്നെയായിരിക്കും ഇന്ത്യയിലുമെത്തുക. പുതിയ മുൻ-പിൻ ബമ്പറുകൾ, പുതിയ എൽഇഡി ഹെഡ്‍ലൈറ്റുകൾ എന്നിവ കാറിനുണ്ടാകും. പുതിയ ടച്ച് സ്ക്രീൻ ഇൻഫൊടൈൻമെന്റ് സിസ്റ്റം, റീഡിസൈൻ ചെയ്ത ഡാഷ് ബോർഡുകള്‍, കൂടുതൽ സ്ഥല സൗകര്യം എന്നിവയായിരിക്കും ഉൾഭാഗത്തെ പ്രധാനമാറ്റങ്ങൾ. എന്നാൽ എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനും 1.1 ലീറ്റർ ഡീസൽ എൻജിനും തന്നെയായിരിക്കും പുതിയ കാറിനും.
ഇക്കോസ്പോർട്ട്
അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡ് ലോസ് ആഞ്ചലസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച പുതിയ ഇക്കോസ്പോർട് ഉടൻ വിപണിയിലെത്തും. 2013 ൽ വിപണിയിലെത്തിയ വാഹനത്തിന് തുടക്കത്തിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിറ്റാര ബ്രെസ, ടിയുവി 300 എന്നീ വാഹനങ്ങളുടെ കടന്നു കയറ്റത്തിൽ വിപണിയിൽ അൽപ്പം പിന്നോട്ടു പോയ വാഹനത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനാണ് പുതിയ മോഡലിലൂടെ കമ്പനി ശ്രമിക്കുക. പുതിയ ഗ്രിൽ, ഡേറ്റം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെഡ്‌ലൈറ്റുകൾ, പുതിയ ബംബർ എന്നിവയാണ് മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ. പഴയ ഇക്കോസ്പോർട്ടിന്റെ ഡിസൈൻ കൺസെപ്റ്റ് തന്നെയാണ് ഇന്റീരിയറിനെങ്കിലും പുതിയ സെന്റർ കൺസോൾ, പുതിയ ഇൻട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പുതുമ തോന്നിക്കുന്ന ധാരാളം ഫീച്ചറുകളുണ്ട് വാഹനത്തിന്. ഇക്കോസ്പോർട്ടിനെ കൂടുതൽ ആഡംബരമാക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്.
എസ്ക്രോസ്
മാരുതിയുടെ പ്രീമിയം ക്രോസ് ഓവർ എസ് ക്രോസിന്റെ പുതിയ വകഭേദം ഈ വർഷം വിപണിയിലെത്തും. ഇന്ത്യയില്‍ നെക്സ വഴി വിൽക്കുന്ന എസ് ക്രോസ് 2013ൽ സുസുക്കി എസ് എക്സ് 4 ക്രോസായി യൂറോപ്പിൽ പുറത്തിറങ്ങിയതാണ്. അടിമുടി മാറ്റങ്ങളുമായി കൂടുതൽ സ്റ്റൈലിഷായിട്ടുണ്ട് എസ് ക്രോസ്. വെർട്ടിക്കൽ ക്രോമുകളുള്ള ഗ്രില്ലും. പുതിയ ഹെഡ്‌ലാംപും മസ്കുലറായ ബോണറ്റും പുതിയ ബംബറും എല്ലാം വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കിയിട്ടുണ്ട്. പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍ കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ എന്നിവയായിരിക്കും പുതിയ എസ് ക്രോസിന്റെ ഉള്‍ഭാഗത്തെ പ്രത്യേകതകള്‍. ഇന്ത്യൻ വിപണിയിൽ നിലവില്‍ 1.3 ലിറ്റര്‍, 1.6 ഡീസല്‍ എന്‍ജിനുകളാണ് എസ് ക്രോസിനുള്ളത്. ഇതുകൂടാതെ 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും പുതിയ എസ് ക്രോസിലുണ്ടാകും.
ഹോണ്ട സിറ്റി
തായ്‌ലൻഡിൽ പുറത്തിറങ്ങിയ ഹോണ്ട സിറ്റിയുടെ പുതിയ രൂപം ഉടൻ ഇന്ത്യൻ വിപണയിലെത്തും. പുറത്തും അകത്തും മാറ്റങ്ങളുമായാണ് പുതിയ സിറ്റി പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ മുൻ-പിന്‍ ബംബറുകളും ഗ്രില്ലുമാണ് പ്രധാന മാറ്റങ്ങൾ. കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റുകളും നൽകിയിട്ടുണ്ട്. റീഡിസൈൻഡ് ഇന്റീരിയറാണ് പുതിയ സിറ്റിയിൽ ഫീച്ചറുകളും സൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനത്തെ കൂടുതൽ സ്റ്റൈലിഷും പ്രീമിയവുമാക്കി സി സെഗ്‍മെന്റിലെ തങ്ങളുടെ മേധാവിത്വം നിലനിർത്താനായിരിക്കും ഹോണ്ട ശ്രമിക്കുന്നത്. ഹോണ്ടയുടെ കോംപാക്റ്റ് സെഡാനായ അമേയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണ് ഉണ്ടാകുക. പെട്രോൾ, ഡീസൽ വകഭേദങ്ങൾ കൂടാതെ മിഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സിറ്റിയും ഇന്ത്യയിലെത്തിയേക്കും. മാനുവൽ, ഓട്ടോമാറ്റിക്ക് വകഭേദങ്ങളുണ്ടാകുന്ന പുതിയ സിറ്റി ഈ വർഷം പകുതിയോടു കൂടി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.