പ്രതിരോധ രംഗത്ത് പുത്തൻ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നതിൽ എന്നും അമേരിക്ക തന്നെയാണ് മുന്നിൽ. ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന സാങ്കേതിക വിദ്യകളുള്ള അവരുടെ ആയുധ ശേഖരത്തിലെ ഏറ്റവും പുതിയ മുതൽക്കൂട്ടാണ് ഡിഡിജി 1000 സുംവാൾട്ട്. ലോകത്തിൽ ഇന്നുവരെ നിർമിച്ച കപ്പലുകളിൽ ഏറ്റവും അത്യാധുനികൻ എന്ന വിശേഷണത്തിന് അർഹനായ ഇവന് യുഎസ് നേവിയുടെ ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസായിരുന്ന എൽമോ സുംവാൾട്ടിന്റെ പേരാണ് നൽകിയിരിക്കുന്നത്. സുംവാൾട്ട് ക്ലാസ് എന്ന അത്യാധുനിക ഡിസ്ട്രോയർ ഗണത്തിലെ ആദ്യ അംഗമാണ് ഡിഡിജി 1000.
ഏത് തരം മിസൈൽ ആക്രമണങ്ങളേയും ചെറുക്കാൻ കഴിവുള്ള ഈ ഭീകരനിൽ നിന്ന് കരയിലേയ്ക്ക് ആക്രമണം അഴിച്ചുവിടാൻ സാധിക്കും. സ്വയം ഒളിപ്പിക്കുവാനുള്ള ഈ കപ്പലിന്റെ ശേഷിയാണ് ഏറ്റവും പ്രധാനം. റഡാറുകൾക്ക് ഒരു മത്സ്യബന്ധന ബോട്ടിന്റെ വലിപ്പത്തിലേ ഈ കപ്പലിനെ കാണാൻ സാധിക്കു. കപ്പലിലെ മിക്കവാറും പ്രവർത്തനങ്ങൾ ഓട്ടോമേറ്റഡാണ്. ഇക്കാരണത്താൽ തന്നെ ഇത്തരമൊരു കപ്പലിലേക്കു വേണ്ടുന്നതിന്റെ പകുതിയോളം നാവികർ മാത്രമേ ഡിഡിജി 1000 സുംവാൾട്ട്-ക്ലാസ് ഡിസ്ട്രോയറിൽ ആവശ്യമുള്ളു. അന്തർവാഹിനികളെയും, മൈൻ ആക്രമണങ്ങളേയും, താഴ്ന്ന് പറക്കുന്ന മിസൈലുകളേയും തകർക്കാനുള്ള കഴിവ് സുംവാൾട്ടിനെ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമാക്കി മാറ്റുന്നു.
2008 ൽ നിർമാണം തുടങ്ങിയ സുംവാൾട്ട് ഗണത്തിൽ പെട്ട 32 കപ്പലുകൾ നിർമിക്കാനാണു ഉദ്ദേശിച്ചിരുന്നുവെങ്കിലും നിലവിൽ ഒരെണ്ണം മാത്രമേ നിർമിച്ചിട്ടുള്ളു. 14,564 ലോങ് ടണ്ണാണ് കപ്പലിന്റെ ഡിസ്പ്ലെയ്സ്മെന്റ്. 600 അടി നീളമുണ്ട് കപ്പിലിന്. 30 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കാനും കപ്പലിന് സാധിക്കും. 700 ബില്യൺ ഡോളർ (ഏകദേശം 46,000 കോടി രൂപ) ആണ് കപ്പലിന്റെ നിർമാണ ചെലവ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ കടലിലിറക്കിയ ഈ കപ്പൽ 2016 ൽ അമേരിക്കൻ നേവിയുടെ ഭാഗമാകും.