സൂപ്പർകാറുകളെ പേരിൽ ലോകപ്രശസ്തരാണ് ദുബായ് പൊലീസ്. ലംബോഗ്‍നി, ഫെരാരി, ബുഗാട്ടി തുടങ്ങി ലോകൊത്തര സൂപ്പർ കാറുകളെല്ലാം ദുബായ് പൊലീസിന്റെ പക്കലുണ്ട്. പൊലീസിന് പിന്നാലെ ദുബായ് ഫയർ ഡിപാർട്ടുമെന്റും സൂപ്പർ കാർ സ്വന്തമാക്കിയിരിക്കുന്നു. എന്നാൽ ദുബായ് സിവിൽ ഡിഫൻസ് സ്വാന്തമാക്കിയ സൂപ്പർ കാറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ രക്ഷാവാഹനം എന്ന റെക്കോർഡ്.
ലോകത്തെ ഏറ്റവും വേഗമേറിയ രക്ഷാവാഹനമെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ദുബായ് സിവില്‍ ഡിഫന്‍സിന്‍െറ സൂപ്പര്‍കാറായ ഷെവർലെ കോര്‍വറ്റ് സ്റ്റിങ്റേ. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത കാര്‍ മണിക്കൂറില്‍ 340 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കും എന്നാണ് സിവിൽ ഡിഫൻസ് അവകാശപ്പെടുന്നത്.
ഷെവർലെയുടെ സൂപ്പർ കാർ കോർവെറ്റിൽ തീകെടുത്താനും പ്രാഥമിക ശുശ്രൂഷക്കുമുള്ള ഉപകരണങ്ങളെ കൂടാതെ നിരീക്ഷണത്തിനായുള്ള അത്യാധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ഹൈവേകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനായി നിലവിൽ രണ്ട് കോർവെറ്റുകൾ വകുപ്പിനുണ്ടെന്നും കൂടുതൽ വാഹങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ദുബായ് സിവിൽ ഡിഫൻസ് വകുപ്പ് പറയുന്നു.
അമേരിക്കൻ വാഹന നിർമാതാക്കളായ ഷെവർലെ 1953 ൽ വിപണിയിലെത്തിച്ച സൂപ്പർ കാറാണ് കോർവെറ്റ്. ഇപ്പോൾ വിപണിയിലുള്ള ഏഴാം തലമുറ കോർവെറ്റാണ് ദുബായ് സിവിൽ ഡിഫൻസ് വകുപ്പ് സ്വന്തമാക്കിയിരിക്കുന്നത്. 460 ബിഎച്ച്പി ശക്തിയുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.7 സെക്കന്റുകൾ മാത്രം മതി.