ദുബായ്, അബുദാബി പോലുള്ള വികസിത രാജ്യങ്ങളിലെ പൊലീസ് സേനകളുടെ സൂപ്പർകാറുകളെപ്പറ്റിയുള്ള വാർത്തകൾ ധാരാളം കേൾക്കാറുണ്ട്. കോടികൾ വിലമതിക്കുന്ന ലംബോഗിനിയും ബുഗാട്ടിയുമെല്ലാം ഗ്യാരേജിലുള്ള പൊലീസ് സേനയെ അസൂയയോടെയാണു നാം നോക്കാറ്‍. അതിനിടെയാണ് ഡൽഹി പൊലീസിന്റെ 4.5 കോടി രൂപയുടെ സൂപ്പർകാർ എന്ന പേരിൽ ആസ്റ്റൺ മാർട്ടിൻ കാറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഡല്‍ഹി പൊലീസിന്റെ ലേബൽ പതിച്ച കാറിൽ, പൊലീസിന്റെ എമർജൻസി നമ്പറും നൽകിയിട്ടുണ്ട്. കൂടാതെ ഡൽഹി പൊലീസ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങളുമാണ് റാപ്പിഡിന് നൽകിയിരിക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട റാപ്പിഡ് ഡൽഹി പോലീസിന്റെതല്ല. കരൺ ജോഹർ നിർമ്മിക്കുന്ന ഡ്രൈവ് എന്ന ചിത്രത്തിനു വേണ്ടിയുള്ള കാറാണിത്. സുശാന്ത് സിങ് രജപുതും ജാക്വലിൻ ഫെർണാണ്ടസുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ബ്രിട്ടീഷ് സ്‌പോര്‍ട്സ്കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കഴിഞ്ഞ വർഷമാണു തങ്ങളുടെ സ്‌പോര്‍ട്‌സ് കാര്‍ റാപ്പിഡ് ഇന്ത്യയിൽ പുറത്തിറക്കിയത്. 6 ലീറ്റര്‍ വി 12 എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിനു 517 ബിഎച്ച്പി കരുത്തുണ്ട്. 8 സ്പീഡാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.6 സെക്കന്റുകള്‍ മാത്രം വേണ്ടി വരുന്ന കാറിന്റെ കൂടിയ വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്.