സൂപ്പർ കാറുകളോടുള്ള പ്രണയത്തിന്റെ പേരിൽ പ്രശസ്തനാണ് അമേരിക്കൻ വ്യവസായിയും ഇന്ത്യൻ വംശജനുമായി ക്രിസ് സിങ്. ലംബോർഗിനി, കോണിസേഗ്, ഫെരാരി തുടങ്ങി സൂപ്പർകാറുകളുടെ നീണ്ട നിര തന്നെയുണ്ട് ഈ ശതകോടീശ്വരന്റെ ഗ്യാരേജിൽ. ലോകത്തിലെ ഏക കോണിസേഗ് അഗേര എഎസ്എക്സിന്റെ ഉടമയായ ക്രിസിന്റെ ഏറ്റവും പുതിയ കാറാണ് ആസ്റ്റൺ മാർട്ടിൻ വാൽക്യൂറി.
ആസ്ൺമാർട്ടിനും റെഡ്ബുള്‍ റേസിങും സഹകരിച്ചു നിർമിക്കുന്ന ഈ ഹൈപ്പർ സ്പോർട്സ് കാറിന് ഏകദേശം 20 കോടി രൂപ (3.2 ദശലക്ഷം ഡോളർ) വില വരും. 150 എണ്ണം മാത്രം നിർമിക്കാൻ കമ്പനി പദ്ധതിയുള്ള ഈ കാറിന് 25 കോടി രൂപയുടെ നിറം നൽകിയിരിക്കുന്നു ഈ കോടീശ്വരൻ. 25 കോടി രൂപയുടെ പെയിന്റോ? നെറ്റി ചുളിക്കാൻ വരട്ടെ, ചന്ദ്രനിൽ നിന്നുള്ള പാറ പൊടിച്ചാണ് കാറിന്റെ ലുണാർ റെഡ് കളറിൽ ചേർത്തത്. ഇത്തരത്തിൽ പെയിന്റ് അടിക്കുന്നതുകൊണ്ട് എത്രരൂപയാകുമെന്ന വിവരം ക്രിസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ചില പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരമാണ് പണം കണക്കുകുട്ടിയിരിക്കുന്നത്.
അപ്പോളോ മിഷന്റെ ഭാഗമായി ചന്ദ്രനിൽ നിന്ന് കൊണ്ടു വന്നിട്ടുള്ള പാറയുടെ ഒരു ഗ്രാമിന് തന്നെ ഏകദേശം 50,000 യുഎസ് ഡോളറാണ് വില. കാറിന് മുഴുവനായും പെയിന്റ് ചെയ്യാൻ ഏകദേശം 85 ഗ്രാം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പുറത്തിറങ്ങുന്നതിന് മുമ്പേ ലോകത്തിലെ ഏറ്റവും മികച്ച ഹൈപ്പർ സ്പോർട്സ് കാർ എന്ന പേരു കേട്ട വാൽക്യൂറിയിൽ 6.5 ലീറ്റർ വി 10 എൻജിനാണ് ഉപയോഗിക്കുന്നത്. 1130 ബിഎച്ച്പി കരുത്തുള്ള കാറിന്റെ വിരല്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ക്രിസ് സിങ് കാറിന്റെ നിറത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ അത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന വാദവും ശക്തമായി നിലനിൽക്കുന്നു. അപ്പോളോ മിഷന്റെ ഭാഗമായി നാസ ഭൂമിയിലേക്ക് കൊണ്ടു വന്ന ചന്ദ്രനിലെ പാറകൾ ഒരു സ്വകാര്യ വ്യക്തിക്ക് കൈവശം വെയ്ക്കാൻ സാധിക്കില്ല, കൂടാതെ ഇത്രയും പാറകൾ നാസ പുറത്തു കൊടുത്തിട്ടില്ലെന്നും ഇവർ പറയുന്നു. ചന്ദ്രനിലേക്ക് ആളുകളെ അയയ്ക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ പാറകൾ കൊണ്ടു വന്നിരുന്നു എന്നാല്‍ അതു കുറച്ചു മാത്രമേയുള്ളൂവെന്നും അതുകൊണ്ടു തന്നെ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമാണ് ക്രിസിന് എതിരായി പറയുന്നത് വാദിക്കുന്നത്.