ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ കിടിലൻ ആക്ഷൻ രംഗങ്ങളിൽ നായകന് കൂട്ടായി എത്തുന്ന കാറാണ് ആസ്റ്റൺ മാർട്ടിൻ. 2015 ൽ പുറത്തിറങ്ങിയ ചിത്രമായ സ്പെക്റ്ററിലും ബോണ്ടിന് കൂട്ടായി എത്തിയത് ഈ ബ്രട്ടീഷ് ആഡംബര നിർമാതാവിന്റെ കാർ തന്നെയായിരുന്നു. ആഡംബരത്തിനും കരുത്തിനും സ്റ്റൈലിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ആസ്റ്റൺ മാർട്ടിൻ ലൈനപ്പിലെ ഏറ്റവും പുതിയ കാർ ഡിബി 11 സ്വന്തമാക്കിയിരിക്കുന്നു തെന്നിന്ത്യൻ നടി.
തെലുങ്കു നടിയും അവതാരകയും നിർമാതാവുമായ ലക്ഷ്മി മഞ്ചുവാണ് ഏകദേശം 4.27 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ഡിബി 11 സ്വന്തമാക്കിയത്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ഡിബി11 ന്റെ വിപണനം ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ ആരംഭിച്ചത്. സ്റ്റൈലിനും എൻജിൻ കരുത്തിനും പ്രശസ്തമായ ഡിബി 11 ആസ്റ്റൺ മാർട്ടിൻ നിരയിലെ ഏറ്റവും പുതിയ കാറാണ്. ഡിബി-9 പ്ലാറ്റ്ഫോമിൽ കരുത്തു കൂട്ടിയെത്തുന്ന ഡിബി 11 മികച്ച വേഗത നൽകുന്നു. ഫെറാരി, പോർഷെ കാറുകളോടാണ് ഡിബി11 മത്സരിക്കുന്നത്.
2016 ജനീവ ഷോയിൽ പ്രദർശിപ്പിച്ച കാർ ആ വർഷം തന്നെ രാജ്യന്തര വിപണിയിലെത്തിയിരുന്നു. 5.2 ലീറ്റർ ടർബോ ചാർജിഡ് വി 12 എൻജിനാണ് ഡിബി11 കരുത്ത് പകരുന്നത്. 600 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കുറില്‍ 322 കിലോമീറ്ററാണ്. കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങുന്ന ഡിബി 11ന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.9 സെക്കന്റുകള്‍ മാത്രം മതി.