ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനോളം പ്രാധാന്യമുണ്ട് അതിലെ വാഹനങ്ങൾക്കും. ഓരോ നിമിഷവും ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആക്ഷൻ രംഗങ്ങളിൽ ബോണ്ടിന് കൂട്ടായി എത്തുന്ന ആസ്റ്റൺ മാർട്ടിന്റെ കാറുകളും ചിത്രത്തിനൊപ്പം തന്നെ പേരും പെരുമയും നേടി. കുറച്ചു നാൾ മുമ്പ് ഇന്ത്യയിൽ വിപണനം ആരംഭിച്ച ആസ്റ്റൺ മാർട്ടിന് ഇന്ത്യയിൽ ആരാധകർ ഏറെയാണ്.
സ്റ്റൈലിനും എൻജിൻ കരുത്തിനും പ്രശസ്തമായ ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് എസ് ബോളിവുഡിന്റേയും ഇഷ്ട കാറായി മാറുന്നു. ഇത്തവണ റാപ്പിഡ് സ്വന്തമാക്കിയത് മറ്റൊരുമല്ല ബോളിവുഡിലെ മിന്നും താരം ഹൃതിക് റോഷനാണ്. നേരത്തെ ബോളിവുഡ് യുവ നടൻ രൺവീർ സിങ് തന്റെ മുപ്പത്തിരണ്ടാം ജന്മദിനത്തിൽ റാപ്പിഡ് എസ് സ്വന്തമാക്കിയിരുന്നു. ഡിബി5, ഡിബി 6, ഡിബി 7 തുടങ്ങി ലോകപ്രസിദ്ധമായ നിരവധി സൂപ്പർ കാറുകളുണ്ടായിരുന്ന ആസ്റ്റൺ മാർട്ടിന്റെ ഉത്പന്ന നിരയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണു റാപ്പിഡ്. അടുത്തിടെയാണ് റാപ്പിഡ് എസ് ഇന്ത്യൻ വിപണിയിലെത്തിയത്.
കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങുന്ന റാപ്പിഡ് എസിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.6 സെക്കന്റുകള്‍ മാത്രം മതി. ബ്രിട്ടീഷ് സ്‌പോര്‍ട്സ്കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ 2016–ലാണു തങ്ങളുടെ റാപ്പിഡ് ഇന്ത്യയിൽ പുറത്തിറക്കിയത്. 517 ബിഎച്ച്പി കരുത്തുള്ള 6 ലീറ്റര്‍ വി 12 എന്‍ജിന്‍ ഉപയോഗിക്കുന്ന സ്പോർട്സ് കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്. 8 സ്പീഡാണു ഗീയര്‍ബോക്‌സ്. ഏകദേശം 3.8 കോടി രൂപയാണ് കാറിന്റെ ഡൽഹി എക്സ്ഷോറൂം വില.