എയർബാഗ് ആവശ്യമുണ്ടോ? ഓ...അതൊന്നും വേണ്ടന്നേ... വെറുതെ ഒരമ്പതിനായിരം കൂടുതൽ കൊടുക്കുന്നതെന്തിനാ ? കഷ്ടകാലത്തിന് അതെങ്ങാനും വിടർന്നാൽ സർവീസിന് ഇമ്മിണി കാശു കൊടുക്കേണ്ടി വരും. നന്നായി ഓടിക്കാൻ അറിയാമെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ലെന്ന പക്ഷക്കാരാണ് കൂടുതൽ പേരും. എന്നാൽ എയർബാഗ് ഉണ്ടായിരുന്നതുകൊണ്ടു മാത്രം ജീവൻ തിരിച്ചുകിട്ടിയ മാധ്യമ പ്രവർത്തകയുടെ അനുഭവം വായിച്ചറിയൂ..അപ്പോൾ അറിയാം അതിന്റെ ഗുണം.
പത്രത്തിലെ ജോലി കഴിഞ്ഞു വെളുപ്പിനു വീട്ടിലേക്ക് കാറോടിച്ചു പോകുകയായിരുന്നു മാധ്യമ പ്രവർത്തകയായ സന്ധ്യ ഗ്രേസ്. സമയം ഏതാണ്ട് മൂന്നരയായിക്കാണും. കുറെ വർഷങ്ങളായുള്ള ശീലമാണെങ്കിലും അന്ന് ഡ്രൈവിങ്ങിനിടയിൽ ഉറക്കം അരിച്ചിറങ്ങുന്നതു പോലെ...അസമയം..വിജനമായ എംസി റോഡ്..നിരത്തിൽ പൊതുവേ വാഹനങ്ങൾ കുറവാണ്.. യാത്രക്കിടയിൽ എപ്പോഴോ ചെറുതായി മയങ്ങിപ്പോയി..
കണ്ണുതുറക്കുമ്പോൾ സീറ്റിൽ ചാരിയിരിക്കുന്നു. കാർ റോഡരുകിൽ നിർത്തിയിട്ടൊരു ലോറിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ആ ഇടിയിൽ കാറിന്റെ മുൻഭാഗം തകർന്നുപോയി. എന്നാൽ കൈയിൽ ചെറിയൊരു ചതവ് പറ്റിയതൊഴിച്ചാൽ വേറെ പരുക്കൊന്നുമില്ല. അവിടെ രക്ഷകനായത് കാറിലെ എയർബാഗുകളാണ്. കാറിന്റെ ഇടതുഭാഗമാണ് ലോറിയിൽ ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിലെ എയർബാഗുകൾ വിടർന്നു. അത് ഒരു കുഷൻ പോലെ വിടർന്ന് തല സ്റ്റിയറിങ്ങ് കോളത്തിൽ ചെന്നിടിക്കുന്നതിൽ നിന്നു സന്ധ്യയെ രക്ഷിച്ചു. ഇത്ര ശക്തമായി ഇടിച്ചിട്ടും ഉറങ്ങിപ്പോയ സന്ധ്യ ഇതൊന്നും അറിഞ്ഞതേയില്ല.
എയര്‍ബാഗ് വിടർന്നതെങ്ങനെ?
സെൻസറുകളാണ് എയർബാഗുകൾ വിടരണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത്. നിശ്ചിത ശതമാനം ആഘാതത്തിൽ കാർ ഇടിക്കുകയാണെങ്കിൽ സെൻസറുകൾക്ക് അപായ സൂചന ലഭിക്കുകയും അതനുസരിച്ച് എയർബാഗുകൾ വിടരുകയും ചെയ്യും. മനുഷ്യന്റെ കണ്ണുകൾ തുറന്നടയുന്നതിനു 0.1 – 0.3 സെക്കൻഡുകൾ വേണം. എന്നാൽ എയർബാഗുകൾ പ്രവർത്തിക്കുന്നത് 0.03 സെക്കൻഡുകൾ കൊണ്ടാണ്.
മണിക്കൂറിൽ 100–300 കിലോമീറ്റർ വേഗത്തിലാണ് എയർബാഗുകൾ വിടരുക. അപകടം നടക്കുമ്പോൾ കാറിന്റെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ മാത്രമേ എയർബാഗുകൾ പ്രവർത്തിക്കുകയുള്ളു. ഇടിക്കുമ്പോൾ കാറിലെ എല്ലാ എയർബാഗുകളും വിടരും. കൂടുതൽ എയർബാഗുകളുള്ള മോഡലുകളിൽ ഇവ നിയന്ത്രിക്കാൻ സംവിധാനമുണ്ട്. രണ്ടു പേരെ യാത്ര ചെയ്യുന്നുള്ളു എങ്കിൽ പിന്നിലെ എയർബാഗുകൾ ഓഫ് ചെയ്തിടാം.
പ്രവർത്തനതത്ത്വം
ഇംപാക്ട് സെൻസർ, സ്റ്റിയറിങ് കോളത്തിനുള്ളിലെ നൈലോൺ നിർമ്മിത എയർബാഗ്, കോൺടാക്ട് കോയിൽ, സോഡിയം അസൈഡ് മിശ്രിതം, സീറ്റ് ബെൽറ്റ് ടീമിലെ അംഗങ്ങൾ.
കാറുകളുടെ മുൻ ബംപറിൽ ഹെഡ്‌ലൈറ്റിനടുത്തായി ഇംപാക്ട് സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. അതിശക്തമായ ആഘാതം ഉണ്ടായാൽ ഇംപാക്ട് സെൻസറിൽ നിന്നും സീറ്റ് ബെൽറ്റിൽ നിന്നും സന്ദേശങ്ങൾ കോൺടാക്ട് കോയിലിലെത്തും. സന്ദേശങ്ങൾ എത്തുന്നതോടെ കോൺടാക്ട് കോയിലിൽ സ്പാർക്ക് ഉണ്ടാകുകയും സോഡിയം അസൈഡ് വിഘടിച്ച് സോഡിയം ലോഹമായും നൈട്രജൻ വാതകമായും മാറുകയും ചെയ്യുന്നു. നൈട്രജൻ വാതകം നിറയുമ്പോഴാണ് എയർബാഗ് വികസിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ എയർബാഗ് പതുക്കെ ചുരുങ്ങുകയും ചെയ്യും. സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിൽ എയർബാഗ് പ്രവർത്തിക്കില്ല.
എയർബാഗ് ഉണ്ടായതുകൊണ്ടു മാത്രമായില്ല
സ്റ്റിയറിങ് പിടിക്കുന്നതും സീറ്റിങ് പൊസിഷനും കൃത്യമാണെങ്കിൽ മാത്രമേ എയർബാഗിന്റെ പൂർണ്ണ ഗുണം ലഭിക്കുകയുള്ളു.
ഡ്രൈവിങ് സീറ്റിൽ ഇരിക്കുമ്പോൾ സ്റ്റിയറിങ് വീലിന്റെ മുകൾഭാഗം ഡ്രൈവറുടെ തോൾഭാഗത്തെക്കാൾ താഴെ ആയിരിക്കണം. കൈകൾ ആയാസരഹിതമായി ചലിപ്പിക്കാൻ കഴിയണം.
രണ്ടു കൈകളും സ്റ്റിയറിങ്ങിൽ ഉണ്ടായിരിക്കണം.
തള്ള വിരൽ ലോക്ക് ആക്കി വയ്ക്കാതെ സ്റ്റിയറിങ്ങിനും മുകളിൽ വരുംവിധം പിടിക്കുക. കൈ നീട്ടിപ്പിടിച്ചാൽ സ്റ്റയറിങ്ങിന്റെ മുകൾഭാഗത്ത് കൈപ്പത്തി എത്തുംവിധമാണ് പിടിക്കേണ്ടത്.
അൽപം ചരിത്രം
1951ൽ ജർമൻ എൻജിനീയറായ വാൾട്ടർ ലിൻഡർ, അമേരിക്കകാരനായ ജോൺ ഡബ്ല്യു ഹെട്രിക് എന്നിവരാണ് എയർബാഗ് നിർമാണത്തിൽ പേറ്റന്റ് നേടിയവർ. 1970 മുതൽ ജനറൽ മോട്ടോഴ്സ് വാണിജ്യപരമായി കാറിൽ എയർബാഗുകൾ ഉപയോഗിച്ചു തുടങ്ങി. തൊണ്ണൂറുകൾക്കു ശേഷമാണ് എയർബാഗുകൾ കൂടുതൽ പ്രചാരത്തിലെത്തുന്നത്. പ്രാഥമിക സുരക്ഷാ ഉപാധിയായി കണക്കാക്കുന്നതിനാൽ സെക്കൻഡറി റിസ്ട്രെയിന്റ് സിസ്റ്റം (SRS)എന്നും എയർബാഗിനെ വിശേഷിപ്പിക്കാറുണ്ട്.
സർവീസ്
ഒരിക്കൽ വിടർന്ന എയര്‍ബാഗ് വീണ്ടും ഉപയോഗിക്കാൻ പറ്റില്ല. എയർബാഗ് യൂണിറ്റ് പൂർണമായും മാറേണ്ടി വരും. എസ്ഡിഎം(സെൻസിങ് ഡയഗ്‌നോസ്റ്റിക് മോഡ്യൂൾ), സീറ്റ് ബെൽറ്റ്, ഇംപാക്ട് സെൻസർ, കോണ്‍ടാക്ട് കോയിൽ, എയർബാഗ് തുടങ്ങിയവ എല്ലാം മാറ്റിവയ്ക്കണം. ഏകദേശം 40,000 – 50,000 രൂപ വരെ ചെലവു വരും. എയർബാഗിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ കൺസോളിലെ വാണിങ് ലൈറ്റുകൾ തെളിഞ്ഞിരിക്കും.
കാർ വാങ്ങുമ്പോൾ അലോയ് വീൽ, വില കൂടിയ മ്യൂസിക് സിസ്റ്റം, മറ്റു ആക്സസറീസും തുടങ്ങിയവയ്ക്കായി പണം ചെലവഴിക്കാൻ നമുക്ക് യാതൊരു മടിയുമില്ല. എന്നാൽ ഏറ്റവും അത്യാവശ്യമുള്ള എയർബാഗ്,എബിഎസ് എന്നിവ വേണ്ടെന്നു വയ്ക്കുകയും ചെയ്യും. മികച്ച ട്രാഫിക് സംസ്കാരമുള്ള വിദേശ രാജ്യങ്ങളിൽ എയർബാഗ്, എബിഎസ് പോലുള്ള പ്രാഥമിക സുരക്ഷാ ഉപകരണങ്ങൾ വാഹനങ്ങളിൽ നിർബന്ധമാണ്. കാറുമായി റോഡിലേക്കിറങ്ങുമ്പോൾ എന്തു സംഭവിക്കുമെന്നു യാതൊരു ഉറപ്പുമില്ലാത്തവരാണ് നമ്മൾ. ചെറിയൊരു ലാഭത്തിനായി എയർബാഗ് വേണ്ടെന്നു വയ്ക്കുന്നത് മണ്ടത്തരമല്ലേ?