Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനുക്കിയെടുക്കാം പഴയ കാറിനെ

Used Car Used Car

ഇന്നലെയെന്തെന്നറീവീല, നാളെയുമെന്തെന്നറിയീല. ഇന്നീക്കാണുന്ന കാറിനെ പഴയതാക്കുന്നതെന്തിനു നാം വൃഥാ.. ഇതാണ് യൂസ്‍ഡ് കാറുകൾ വാങ്ങുന്നവരുടെ അവസ്ഥ. കാറിന്റെ മുൻഉടമസ്ഥന്റെ ഡ്രൈവിങ് രീതികളോ പരിപാലനത്തിന്റെ രീതികളോ അറിയില്ല. നാളെ നാം പുതിയൊരു വാഹനം വാങ്ങുന്നുണ്ടോ എന്നു തീരുമാനമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ  ആറ്റുനോറ്റു കിട്ടിയ നല്ലൊരു യൂസ്ഡ് കാർ വീട്ടിലെത്തിക്കും മുൻപേ നമുക്കൊന്നു പരിശോധിക്കേണ്ടേ?  തീർച്ചയായും. മറ്റൊരാൾ ഉപയോഗിച്ചതിന്റെ പഴമ കാറിൽനിന്നു പുകച്ചുപുറത്തു ചാടിക്കണം.  ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം. 

user-car-4

ആദ്യം എൻജിൻ ഭാഗം നോക്കാം. ചിലരുണ്ട് വാഹനം ചവിട്ടിപ്പൊളിച്ചേ ഓടിക്കൂ. ചിലപ്പോൾ യഥാവിധിയായിരിക്കില്ല എൻജിന്റെ പരിപാലനവും മറ്റും. അതുകൊണ്ടുതന്നെ ആദ്യം പരിശോധിക്കേണ്ടത് എൻജിന്റെ കാര്യങ്ങളാണ്. എൻജിൻ ഓയിൽ, കൂളന്റ്, ഓയിൽ ഫിൽറ്റർ, എയർ ഫിൽറ്റർ എന്നിവ പരിശോധിപ്പിക്കണം. അത്യാവശ്യമെങ്കിൽ മാറ്റാം. ഗീയർ ഓയിൽ മാറുന്നതും നന്നായിരിക്കും. ഇത്ര ചെയ്യുമ്പോഴേ വാഹനത്തിനു പുതുമ കൂടും. എൻജിൻ തുടർന്നും  സ്മൂത്ത് ആയി പ്രവർത്തിക്കും. ആക്സിലറേറ്റർ, ക്ലച്ച് കേബിളുകളും ഒന്നു നോക്കുക. 

user-car-1

ഹാൻഡ് ബ്രേക്കിന്റെ കേബിൾ നല്ല രീതിയിലാണോ പ്രവർത്തിക്കുന്നത്?  ഇതിനായി കയറ്റത്തിൽ വാഹനം നിർത്തിയിട്ടു ഹാൻഡ്ബ്രേക്ക് വലിക്കുക. എന്നിട്ടും വണ്ടി നീങ്ങുന്നുണ്ടെങ്കിൽ തീർച്ചയായും ഹാൻഡ്ബ്രേക്കിന്റെ ക്ഷമത പരിശോധിപ്പിക്കണം. ബ്രേക്ക് ഫ്ലൂയിഡ് ലെവൽ കണക്കാക്കി ആവശ്യമെങ്കിൽ ടോപ് അപ് ചെയ്യണം.  

ലൈറ്റുകൾ എല്ലാം നല്ലരീതിയിൽ പ്രവർത്തിക്കുന്നില്ലേ എന്നു കാണണം. ബൾബ് കറുപ്പായിരുന്നാലും വെളുപ്പായിരുന്നാലും അൽപ്പായുസ് എന്നാണു സൂചന. ഇവയെല്ലാം മടികൂടാതെ മാറ്റിയിടുക. വയറിങ് കണ്ടീഷൻ എല്ലാം നന്നല്ലേ എന്നു വിദഗ്ധരെക്കൊണ്ടു നോക്കിപ്പിക്കണം. അതോടൊപ്പം  ബാറ്ററിയുടെ ആയുസ് ചെക്ക് ചെയ്യിക്കണം.

user-car

ഇനിയാരും ശ്രദ്ധിക്കാത്തൊരു കാര്യമുണ്ട്. ചെറിയ കാറുകളിലെ ഡോർ ഓപ്പൺ അലാം ആണ് ഉള്ളിലെ ലൈറ്റുകൾ. ഡോർ തുറന്നാൽ ലൈറ്റ് കത്തുന്നില്ലേ എന്നറിയണം. ഡോർ സ്വിച്ച് സുരക്ഷയുടെ ഭാഗമാണ്. അതു കേടാണെങ്കിൽ മാറ്റിയിടുന്നതിനു തുച്ഛമായ വിലയേ ആകൂ. 

user-car-3

എസിയുള്ള വണ്ടിയാണെങ്കിൽ എസി കട്ട് ഓഫ് ആകുന്നുണ്ടോ എന്നു നോക്കുക. വണ്ടി ഓടുന്ന സമയത്ത് ബ്ലോവർ ഏറ്റവും കുറച്ചിട്ട് ഓടിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം– ചെറിയ വണ്ടികളിൽ എസി ഓൺ ആക്കുമ്പോൾ എൻജിനിൽ ഒരു പിടിത്തം കിട്ടാറില്ലേ. കുറച്ചുകഴിഞ്ഞ് അതുമാറുകയും ചെയ്യും. ഈ പ്രവൃത്തി ഇടയ്ക്കിടെ നടക്കുകയാണെങ്കിൽ എസി നന്നായി പ്രവർത്തിക്കുന്നു എന്നു സാരം. ഇല്ലെങ്കിൽ  കംപ്രസർ, ഗ്യാസ് പ്രഷർ എന്നിവ പരിശോധിപ്പിക്കുക. 

ആ പഴയ  ഫ്ലോർ മാറ്റ്, എത്ര നന്നാണ് എന്നു തോന്നിയാലും അഴിപ്പിച്ച്  ഫ്ലോർ മുഴുവൻ പരിശോധിക്കുക. തുരുമ്പു കാണുകയാണെങ്കിൽ സിംക്രോമൈറ്റ് ചെയ്ത് അണ്ടർബോഡി കോട്ടിങ് നടത്താംവൈപ്പർ ബ്ലേഡ് മാറ്റിയിടുക. ഏറെക്കാലം പ്രവർത്തിച്ച വൈപ്പർ ബ്ലേഡുകൾ നമുക്കു വേണ്ട. വൈപ്പർ പ്രവർത്തിക്കുമ്പോൾ  ചില്ലിൽ വര വീഴുന്നുണ്ടെങ്കിൽ അതു മാറ്റിയിടേണ്ടത് അത്യാവശ്യം തന്നെ. 

വീലിന്റെ മൂളലുണ്ടെങ്കിൽ ബെയറിങ് മാറ്റുക. കാറിൽനിന്നു ചെറുശബ്ദ ശല്യങ്ങളുണ്ടാകുന്നുണ്ടെങ്കിൽ ഡോർപാഡുകൾ  അഴിപ്പിച്ചു ഒന്നുമുറുക്കി ഘടിപ്പിക്കുക. ഗ്ലാസ് വൈൻഡർ സ്മൂത്ത് ആകാനായി ഉള്ളിൽ ഗ്രീസ് ഇടാം. പഴയ സീറ്റ് കവർ മാറ്റുക. പുത്തനൊരെണ്ണം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് തയാറാക്കാം. ഇതെല്ലാം കഴിഞ്ഞാൽ നല്ലൊരു ക്ലീനിങ് സെന്ററിൽ ചെന്ന് ഇന്റീരിയർ ക്ലീനിങ്, എക്സ്റ്റീരിയർ വാഷിങ് എന്നിവ ചെയ്യണം. ദേ നിങ്ങളുടെ കാർ കുട്ടപ്പനല്ല, ഉള്ളിലും പുറത്തും തങ്കപ്പനാകും.