വാഹനത്തിന്റെ എൻജിനോളം തന്നെ പ്രാധാന്യം കൊടുക്കണം ബാറ്ററിക്കും. ഇല്ലെങ്കിൽ വഴിയിൽ കിടക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. കാരണം വാഹനത്തിന്റെ സ്റ്റാർട്ടർ മോട്ടോർ, ഇഗ്‌നീഷ്യൻ സിസ്റ്റം, മറ്റ് ഇലക്ട്രിക് സംവിധാനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വൈദ്യുതി നൽകുന്നത് ബാറ്ററിയിൽ നിന്നാണ്. അതിനാൽ ശരിയായ പരിചരണം ബാറ്ററിക്കും നൽകേണ്ടതുണ്ട്.
മാസത്തിലൊരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവൽ പരിശോധിച്ച് കുറവു നികത്തണം. രണ്ടു വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ പരിശോധിക്കണം. പുതിയ ഇനം മെയിന്റനൻസ് ബാറ്ററിയാണെങ്കിൽ പ്രശ്നമില്ല.
∙ ഇലക്ട്രോലൈറ്റിലെ ആസിഡിന്റെ അളവ് രണ്ടു മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം. ബാറ്ററിയുടെ വോൾട്ടേജ് നിശ്ചയിക്കുന്ന പ്രധാന ഘടകം ആസിഡിന്റെ കൃത്യമായ സാന്ദ്രതയാണ്.
∙ ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കുന്ന ബാറ്ററികൾ കുഴപ്പക്കാരാണ്.
∙ ബാറ്ററിയുടെ മേൽഭാഗം എപ്പോഴും വൃത്തിയായിരിക്കണം. സോപ്പുവെള്ളമുപയോഗിച്ച് വൃത്തിയാക്കാം. ബാറ്ററി അടപ്പുകൾ നന്നായി അടഞ്ഞിരിക്കണമെന്നു മാത്രം.
∙ ബാറ്ററി ടെർമിനലുകൾ വൃത്തിയാക്കി പെട്രോളിയം ജെല്ലിയോ വാസലിനോ പുരട്ടുന്നത് ടെർമിനൽ ദ്രവിക്കുന്നതു തടയാൻ സഹായിക്കും.
∙ ബാറ്ററി അയഞ്ഞിരിക്കാൻ ഇടവരുത്തരുത്. ഇളകിക്കൊണ്ടിരിക്കുന്ന ബാറ്ററിയുടെ പുറം ചട്ടയ്ക്കും ഉള്ളിലെ ലെഡ്പ്ലേറ്റുകൾക്കും പൊട്ടൽ വീഴാൻ ഇടയുണ്ട്.
∙ കേബിൾ കണക്ഷനുകൾ വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കേബിൾ കണക്ഷൻ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തുകയും അത് സ്റ്റാർട്ടിങ് ട്രബിളിനു വഴിയൊരുക്കുകയു ചെയ്യും.
∙ ബാറ്ററി കേബിളുകൾ ടെർമിനലുകളുമായും ബോഡിയുമായും ചേർത്ത് നന്നായി ഉറപ്പിച്ചിരിക്കണം. ഇല്ലെങ്കിൽ വാഹനം ഓടുമ്പോഴുണ്ടാകുന്ന ചലനങ്ങൾ കേബിളിന്റെ ഇൻസുലേഷന് തേയ്മാനം ഉണ്ടാക്കി ഷോർട്ട് സർക്യൂട്ടിനിടയാക്കും.