Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസംബറിൽ കാർ വാങ്ങണോ ?

buying-car Representative Image

വാഹനം വാങ്ങുന്നവർക്ക് ഓഫറുകളുടെ പെരുമഴക്കാലമാണ് ഡിസംബർ. ഇന്ത്യയെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തൊട്ട് എല്ലാവരും ഡിസംബറിൽ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് മികച്ച ഓഫറുകളാണ്. കൂടാതെ പുതു വർഷത്തിൽ വാഹനത്തിന് വില വർ‌ധിക്കും എന്ന ഭീഷണിയും. മാത്രമല്ല വായ്പകള്‍ക്ക് ബാങ്കുകളും കുടുതൽ ഓഫറുകൾ നൽകും.

നിലവിൽ ഇന്ത്യൻ വിപണിയിലുള്ള വാഹന നിർമ്മാതാക്കളിൽ ഭൂരിഭാഗവും തങ്ങളുടെ വാഹനങ്ങളുടെ വില ജനുവരിയിൽ വർധിക്കുമെന്ന് പ്രഖ്യാപിച്ചു. 2 ശതമാനം മുതൽ 10 ശതമാനം വരെയാകും വർധന. അപ്പോൾ ഉപഭോക്താക്കൾക്ക് വീണ്ടും കൺഫ്യൂഷനാണ്. ഡിസംബർ മാസത്തിൽ വാങ്ങിയാൽ വില കുറവായിരിക്കും. എന്നാൽ ജനുവരിയിൽ വാഹനമെടുത്താൽ പുതിയ വർഷത്തെ മോഡൽ‌ ലഭിക്കും. ഒരു മാസത്തെ വ്യത്യാസത്തിൽ വാഹന മോഡലിന്റെ ഒരു വർഷം മാറും. ജനുവരിയിൽ വില കൂടുന്നത് നോക്കി നിൽക്കണോ ഓഫറുകൾ കൂടുതലുള്ള ഡിസംബറിൽ വാഹനം വാങ്ങണോ?

ഡിസംബറോ അതോ ജനുവരിയോ?

വാഹന വിപണിക്ക് മികച്ച കാലമല്ല ഡിസംബർ, പൊതുവേ വിൽപ്പന കുറഞ്ഞ മാസം. ഒട്ടുമിക്ക ഡീലർഷിപ്പുകളും കമ്പനികളും ഈ വർഷം നിർമിച്ച വാഹനങ്ങൾ വിറ്റു തീർക്കാൻ പരമാവധി ശ്രമിക്കും. അതിനായി പരമാവധി ഓഫറുകൾ തങ്ങളുടെ വാഹനങ്ങൾക്ക് അവർ നൽകുകയും ചെയ്യും. ജനുവരിയിൽ വാഹനങ്ങൾക്ക് നിർമ്മാതാക്കൾ വില വർധിപ്പിക്കുകയും ചെയ്യും.

ഡിസംബറിലേയും ജനുവരിയിലേയും മോഡലുകളിൽ വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും ഡിസംബറിൽ വാഹനം വാങ്ങിയാലുള്ള പ്രധാന കുഴപ്പം റീസെയിൽ വാല്യുവാണ്. വർഷം അവസാനമാണ് വാങ്ങിയത് എന്നു കരുതി നിങ്ങളുടെ വാഹനത്തിന് 2017 ലെ വാഹനത്തിന്റെ വില കിട്ടില്ല. ഡിസംബർ 31 ന് വാങ്ങിയാലും യൂസ്ഡ് കാർ വിപണിയിൽ അവ 2016 വാഹനം തന്നെയാണ്. അതുകൊണ്ട് തന്നെ ഡിസംബറിലെ താൽക്കാലിക ലാഭത്തേക്കാള്‍ കുടുതൽ തുകയായിരിക്കും വാഹനം വിൽക്കുമ്പോൾ നഷ്ടപ്പെടുക.

എന്നാൽ 7-8 വർഷം വരെ ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് വാഹനം വാങ്ങുന്നതെങ്കിൽ ഡിസംബറിൽ വാങ്ങിയാലും വലിയ നഷ്ടം വരാനില്ല. കാരണം ജനുവരിയിലെ കൂടിയ വിലയിൽ നിന്നുള്ള രക്ഷപെടൽ തന്നെ. 7-8 വർഷമായ വാഹനത്തിന് സെക്കന്റ് ഹാൻഡ് വിപണിയിൽ വലിയ വില വ്യത്യസം ഉണ്ടാകാനിടയില്ല. എന്നാൽ 2-3 വർഷത്തിനുള്ളിൽ വിൽക്കാനാണ് പദ്ധതിയെങ്കിൽ ഡിസംബറിലെ താൽകാലിക ലാഭം നിങ്ങൾക്ക് നഷ്ടമുണ്ടാക്കും