ഡ്രൈവിങ് നിലവാരം ഉയർത്തുന്നതിനായാണ് മോട്ടർവാഹന വകുപ്പ് ഡ്രൈവിങ് ടെസ്റ്റിൽ സമഗ്ര മാറ്റങ്ങൾ വരുത്തിയത്. നിലവിൽ കംപ്യൂട്ടർവത്കൃത ഡ്രൈവിങ് ടെസ്റ്റ് സെന്ററുകളും ഉദ്യോഗസ്ഥർ നേരിട്ട് ടെസ്റ്റ് നടത്തുന്ന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലെ പരീക്ഷ രീതിയും തമ്മിൽ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയ്ക്ക് ഏകീകൃത സ്വഭാവം നൽകുന്നതിനും വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങൾ.
എച്ച് (H) െടസ്റ്റ്
ഡ്രൈവിങ് പരീക്ഷയിലെ പ്രധാനപ്പെട്ടൊരു ഘടകമാണ് എച്ച് (H) െടസ്റ്റ്. കമ്പ്യൂട്ടർ അതിഷ്ഠിത ടെസ്റ്റ് നടത്തുന്ന ട്രാക്കിൽ. എച്ചിന്റെ രൂപത്തിൽ കമ്പികൾ കുത്തേണ്ട കാര്യമില്ല. എന്നാൽ വാഹനം പിന്നോട്ടെടുത്ത് തിരിയേണ്ടി വരുമ്പോൾ ട്രാക്കിന്റെ ബ്ലൈന്റ് സ്പോട്ടുകളിൽ രണ്ടര അടി ഉയരമുള്ള അടയാളങ്ങൾ സ്ഥാപിക്കാം. ഇതല്ലാതെ മറ്റൊരു അടയാടങ്ങളും എച്ച് ട്രാക്കിൽ പാടുള്ളതല്ല.
കമ്പ്യൂട്ടർ അതിഷ്ഠിതമല്ലാത്ത െടസ്റ്റിൽ എച്ച് അടയാളപ്പെടുത്താനുള്ള കമ്പനികളുടെ ഉയരം അഞ്ച് അടിയിൽ നിന്ന് രണ്ടര അടിയായി കുറച്ചു. കൂടാതെ, വാഹനം റിവേഴ്സ് എടുക്കുമ്പോൾ വളവുകൾ തിരിച്ചറിയാനായി കമ്പിയിൽ ഡ്രൈവിങ് സ്കൂളുകാർ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. ട്രാക്കിന്റെ അരികുകൾ വ്യക്തമായി കാണുന്നതിനായി കമ്പികൾ തമ്മിൽ കയർകൊണ്ടു ബന്ധിക്കണം. പരീക്ഷാർത്ഥിയുടെ വാഹനം കമ്പനിയിലെ കയറിലോ മുട്ടുകയാണെങ്കിൽ ടെസ്റ്റിൽ പരാജയപ്പെടും. റിവേഴ്സ് എടുക്കുമ്പോൾ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്സ് എടുക്കണം.
ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തിൽ നിർത്തുവാനുള്ള പരീക്ഷ)
ഇപ്പോൾ ‘എച്ച്’ പരീക്ഷയ്ക്കുശേഷം റോഡ് പരീക്ഷ നടത്താറുള്ളത് അല്ലാതെ കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിർബന്ധമില്ല. ഉദ്യോഗസ്ഥന്റെ താൽപര്യമനുസരിച്ച് നിരപ്പായ പ്രദേശത്ത് വാഹനം ഓടിച്ചു കാണിച്ചാലും മതിയാകും. പക്ഷേ, പുതിയ നിയമമനുസരിച്ച് കയറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചു കാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം. ഗ്രേഡിയന്റ് ടെസ്റ്റ് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യം പരിശോധിക്കുന്നതാണ്.
ആംഗുലർ പാർക്കിങ്
രണ്ടു വാഹനങ്ങൾക്കിടയില്‍ പാർക്കിങ് ചെയ്യാനാകുമോയെന്ന് പരീക്ഷിക്കുന്ന ടെസ്റ്റാണിത്. പുറം രാജ്യങ്ങളിൽ ഈ പരീക്ഷ വ്യാപകം. നമ്മുടെ നാട്ടിലെ പാർക്കിങ് പ്രശ്നങ്ങൾ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനുമാണ് പുതിയ പരീക്ഷ കൊണ്ടുവരുന്നത്. ടെസ്റ്റിൽ വാഹനത്തിന് നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് കൃത്യമായി പാർക്കുചെയ്ത് കാണിക്കണം.
മറ്റു നിർദ്ദേശങ്ങൾ
സെൻസറും ക്യാമറയും വ്യാപകമാകും, പരീക്ഷ നടത്തുന്നതിന് സർക്കാർ ഉടമസ്ഥതയിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കും. ക്യാമറകളുടെ സഹായത്തോടെ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് ഇതോടെ സംസ്ഥാന വ്യാപകമാക്കും. കൂടാതെ ഡ്രൈവിങ് ടെസ്റ്റ് നടത്താൽ ഉപയോഗിക്കുന്ന ടെസ്റ്റിംഗ് ട്രാക്കിന്റെ സമീപത്ത് ഉദ്യോഗസ്ഥനും അപേക്ഷകനും ടെസ്റ്റിനുപയോഗിക്കുന്ന വാഹനവുമല്ലാതെ ഡ്രൈവിങ് പരിശീലകനെയോ, ഡ്രൈവിങ് സ്കൂൾ പ്രതിനിധിയെയോ കയറാൻ അനുവദിക്കാൻ പാടില്ല.