എന്തെങ്കിലും ഒരു എക്സ്ട്രാ ഫിറ്റിംഗ് വാഹനത്തിൽ വെക്കാതെ ഉറക്കം വരാത്ത ഒരുപാട് പേരുണ്ട് നമുക്കിടയിൽ. എന്നാല്‍ വാഹനത്തിന്റെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നത് പല നിയമപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നറിയുക, ഒപ്പം നാം ചെറുതെന്ന് വിചാരിച്ച് തള്ളുന്ന ചില മോഡിഫിക്കേഷനുകൾ വാഹനത്തിന്റെ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കാറുണ്ട്. സാധാരണ ചെയ്യുന്ന മോഡിഫിക്കേഷനുകളും അവയുടെ പ്രശ്നങ്ങളും നോക്കാം-
വലിയ വീലുകൾ
ലുക്ക് കൂടാനായി വലിയ വീലുകൾ പലരും വാഹനങ്ങളിൽ ഉപയോഗിക്കാറുണ്ട്. കമ്പനി പറയുന്നതല്ലാതെ വലിപ്പവ്യത്യാസമുള്ള വീലുകൾ ഉപയോഗിക്കുന്നത് വാഹനം അപകടത്തിൽപ്പെടാൻ കാരണമാകും, മാത്രമല്ല വാഹനത്തിന്റെ അമിത ഇന്ധനനഷ്ടത്തിനും അതുപോലെ പോക്കറ്റ് കാലിയാകാനും ഈ മോഡിഫിക്കേഷൻ കാരണമാകും.
ബുൾ ഗാർഡ് രക്ഷിക്കില്ല, പണിതരും
ആക്സിഡന്റിൽ രക്ഷയാകുമെന്ന് കരുതി നാം വച്ചുപിടിപ്പിക്കുന്നതാണ് ബുൾ ഗാർഡ്. പക്ഷേ വാഹനം ഇടിച്ചാൽ ഉപകാരത്തേക്കാൾ ഉപദ്രവമാകും ഈ ഇടി താങ്ങി ചെയ്യുക. എയർബാഗ് തുറക്കുകയില്ലെന്ന് മാത്രമല്ല ഇടിയുടെ ആഘാതം പൂർണ്ണമായും ഡ്രൈവറുടെ ക്യാബിനിൽ ഏൽക്കാനിടയാക്കുകയും ചെയ്യും.
മാരുതി മാരുതി ആയിരിക്കട്ടെ
മാരുതിയെ ഫെരാരിയാക്കി മാറ്റാനും സ്കോർപിയോയെ ലിമോസിനാക്കാനുമൊക്കെ മോഡിഫിക്കേഷന്‍ വിദഗ്ദരെക്കൊണ്ട് കഴിയും. പക്ഷേ വാഹനത്തിന്റെ അടിസ്ഥാനഘടനയിൽ മാറ്റം വരുത്തിയാൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്നത് മാത്രമല്ല അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും.
കണ്ണടിച്ചു പോകുന്ന ലൈറ്റ്
ഹെഡ്‌ലൈറ്റിന് പുറമെ ചിലർ സ്പോട്ട് ലൈറ്റുകളും എൽഇഡി ലൈറ്റുകളും ഉപയോഗിക്കാറുണ്ട്. രാത്രികാലങ്ങളിൽ ഹെഡ്‌ലൈറ്റ് തന്നെ ധാരാളമാണ്. അതിനുപുറമെയുള്ള ഈ സ്പോട് ലൈറ്റുകൾ എതിരെ വരുന്ന വാഹനങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. രാത്രിസമയങ്ങളിൽ എതിരെ വരുന്നായൾക്ക് റോഡിലെ കാഴ്ചകൾക്ക് മങ്ങലേൽക്കാത്ത വിധമുള്ള മോഡിഫിക്കേഷനാണെങ്കിൽ നിയമവിരുദ്ധമാണ്.
ചെവി പൊട്ടുന്ന ഹോണുകൾ
ചെറിയ വാഹനങ്ങളിൽപ്പോലും ചെവി പൊട്ടുന്നതരത്തിലുള്ള ഹോണുകൾ നാം കാണാറുണ്ട്. ഹോണടി ശബ്ദം തന്നെ വളരെ അരോചകമാണ്. അപ്പോൾ ചിലർ പതിവ് ഹോണുകൾ മാറ്റി ശബ്ദം കൂടിയ ഹോണുകൾ ഘടിപ്പിക്കുന്നത് മറ്റുള്ളവർക്ക് അസഹ്യമാകും.
വാഹനം മോഡിഫിക്കേഷൻ ഒരുങ്ങുന്നതിനുമുമ്പ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നിയമപരമാണെന്ന് ഉറപ്പുവരുത്തുക. പരിശീലനം ലഭിച്ചവരെ മാത്രം വാഹനം ഏൽപ്പിക്കുക, കമ്പനിയിൽനിന്നുതന്നെ അനുബന്ധ ഘടകങ്ങളും വാങ്ങുകയെന്നതാണ് അപകമൊഴിവാക്കാൻ വിദഗ്ദർ പറയുന്നത്.