Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കൂ

Tips for buying your first car | How to buy a car wisely? | Fasttrack | Manorama Online

കാർ വാങ്ങാൻ തീരുമാനിച്ചാൽ പിന്നെ സംശയങ്ങൾ പലതാണ്. ഏതു കാർ വാങ്ങണം, സെഡാനോ അതോ ഹാച്ച്ബാക്കോ, ബെയ്സ്മോഡൽ വേണോ ഫൂൾഓപ്ഷൻ വേണോ. എന്നാൽ ഇനി ആരോടെങ്കിലും അഭിപ്രായം ചോദിക്കാം എന്നു കരുതിയാലോ, ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. വാഹനം വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

വാഹനം വാങ്ങാൻ തീരുമാനിച്ചാൽ ബജറ്റിനെപ്പറ്റി നേരത്തെ തന്നെ ധാരണയിലെത്തിയിരിക്കും. എത്ര ഡൗൺ പേയ്െമന്റ് അടയ്ക്കാൻ സാധിക്കും. എത്ര ഇഎംഐ ഒരു മാസം അടയ്ക്കാൻ സാധിക്കും എന്നിങ്ങനെ ഒരു ധാരണയിൽ എത്തിയതിന് ശേഷം കാറുകളെക്കുറിച്ച് ചിന്തിക്കാവൂ.

∙ ഏതു കാർ വേണം

നമ്മുടെ ആവശ്യമറിഞ്ഞുമാത്രം വാഹനം തിരഞ്ഞെടുക്കുക. നഗര വാസികൾക്ക് പാർക്കിങ് സൗകര്യങ്ങൾ വലിയൊരു കടമ്പ തന്നെയാണ്. വലിയ കാർ വേണോ അതോ ചെറു കാർ വേണോ എന്ന് തീരുമാനിക്കാം. സ്റ്റാറ്റസ് സിമ്പൽ എന്നതിലുപരിയായി സൗകര്യപ്രദമായി വാഹനം കൈകാര്യം ചെയ്യാൻ പറ്റുക എന്നതിനായിരിക്കണം മുൻതൂക്കം. രണ്ടുപേർ ഉള്ള വീടുകളിൽ സെഡാൻ ആവശ്യമുണ്ടോ എന്നു ചിന്തിക്കണം. എന്നാൽ ധാരാളം കുടുംബാംഗങ്ങളുണ്ടെങ്കിൽ ഒതുക്കമുള്ള എംപിവിയോ എസ്‌യുവിയോ വാങ്ങാം.

∙ പെട്രോൾ വേണോ ഡീസൽ വേണോ?

ഒട്ടുമിക്ക ആൾക്കാരുടേയും സാധാരണ സംശയമാണ് പെട്രോൾ വേണോ ഡീസൽ വേണോ എന്നത്. ദിവസവും ശരാശരി അൻപതു കിലോമീറ്റർ ദൂരമെങ്കിലും ഓട്ടമില്ലെങ്കിൽ പെട്രോൾ മോഡലുകളാണു നല്ലത്. ഡീസൽ മോഡലുകൾ എല്ലാം തന്നെ ആധുനികമാണെങ്കിലും പരിപാലനച്ചെലവും വിലയും കൂടുതലാണ്. പെട്രോൾ മോഡലുകൾക്ക് താരതമ്യേന കുറഞ്ഞ പരിപാലനമേ ആവശ്യമുള്ളൂ. എന്നാൽ നല്ല ദൂരം വാഹനമോടിക്കുന്നയാളാണെങ്കിൽ ഡീസൽ മോഡലുകൾ നോക്കാം.

∙ ഫുൾ ഓപ്ഷൻ വേണോ?

വാഹനത്തിൽ കമ്പനി അവകാശപ്പെടുന്ന എല്ലാ ഫീച്ചറുകളും ഫുൾ ഓപ്ഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ അതുതന്നെയങ്ങു ബുക്ക് ചെയ്തേക്കാം എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ നമുക്ക് ആവശ്യമുള്ള ഫീച്ചറുകൾ ഉള്ള വേരിയന്റുകൾ എടുക്കുന്നതാണു നല്ലത്. ഉദാഹരണത്തിന് ചില ഫുൾ ഓപ്ഷൻ വേരിയന്റുകളിൽ ഫോഗ്‌ലാംപുകൾ ഉണ്ടാവും. എന്നാൽ നഗരവാസിയായ ഒരാൾക്ക് ഈ ഫീച്ചറുകൾ വേണ്ടായെന്നു വയ്ക്കാം. ഉപയോഗമില്ലാത്ത ഫീച്ചറുകൾക്ക് കാശ് അധികം മുടക്കണോ? പാർക്കിങ് സെൻസർ പോലെ എല്ലായിടത്തും ഉപകാരമുള്ള സൗകര്യങ്ങൾ ഉള്ള വേരിയന്റ് നോക്കാം. നിങ്ങളുടെ ഡ്രൈവിങ് രീതികളും സ്ഥലങ്ങളും ഈ സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

∙ കുടുംബമൊത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യുക

ഫാമിലി വാഹനമാണു വാങ്ങുന്നതെങ്കിൽ കുടുംബാംഗങ്ങളേയും കൂട്ടി ഒരു ടെസ്റ്റ് ഡ്രൈവ് എടുക്കാം. വയസായവർക്കു പ്രത്യേക പരിഗണന നൽകാനായി പിൻസീറ്റിലും ഇരുന്നു നോക്കണം. കയറാനും ഇറങ്ങാനുമുള്ള സൗകര്യം മുതിർന്നവർക്ക് വലിയ കാര്യമാണ്. സാധാരണ ഗതിയിൽ നല്ല റോഡുകളിലൂടെയാവും ടെസ്റ്റ് ഡ്രൈവ് എടുക്കുക. എന്നാൽ വണ്ടിയുടെ യാത്രാസുഖവും മറ്റു കാര്യങ്ങളും പരിശോധിക്കണമെങ്കിൽ എല്ലാ റോഡുകളിലും ഓടിക്കണം. പ്രത്യേകിച്ച് ഗട്ടർ നിറഞ്ഞ പാതകളിൽ വീടിനടുത്തുള്ള റോഡുകളാണ് ടെസ്റ്റ് ഡ്രൈവിനു നല്ലത്.

∙ ബാങ്ക് ലോൺ

കാർ വാങ്ങാൻ തീരുമാനിച്ചു. ഇനി ലോണിന്റെ കാര്യം. മിക്ക ബാങ്കുകളും കാ... എന്നു പറയുമ്പോഴേക്കും കാർ ലോൺ തരുന്നത്ര മത്സരത്തിലാണ്. ബാങ്ക് ഏതെന്നു നിങ്ങൾക്കു തീരുമാനിക്കാം. അതിനു മുൻപായി ഇഎംഐയുടെ ഏർപ്പാട് അറിഞ്ഞിരിക്കണം. ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക. ചില ബാങ്കുകളിൽ മറ്റൊരു സൗകര്യമുണ്ട്. ഇഎംഐ ഫിക്സഡ് ആയിരിക്കില്ല. അതായത് ഒരു മാസം പതിനായിരം വച്ചാണ് അടയ്ക്കേണ്ടത് എന്നു കരുതുക. തൊട്ടടുത്ത മാസം ഒരു ലക്ഷം രൂപ അധികമായി കയ്യിലെത്തി എന്നു കരുതുക. ഈ തുക അപ്പാടെ ഇഎംഐ ആയി അടയ്ക്കാം. ഇനി തൊട്ടടുത്ത മാസം അയ്യായിരമേ അടയ്ക്കാൻ പറ്റിയൂള്ളൂ എങ്കിലും കുഴപ്പമില്ല.

ലോണിന്റെ പലിശ ഫ്ലാറ്റ് ആണോ ഡിമിനിഷിങ് ആണോ എന്നു നോക്കുക. ഫ്ലാറ്റ് ആണെങ്കിൽ ആകെ വായ്പ്പാത്തുകയുടെ ഇത്ര ശതമാനം എല്ലാ മാസവും അടയ്ക്കേണ്ടിവരും. അതായത് ഒരു ലക്ഷത്തിൽ അമ്പതിനായിരവും അടച്ചു കഴിഞ്ഞെങ്കിലും അടുത്ത മാസവും ഒരു ലക്ഷത്തിന്റെ പലിശയാണ് അടയ്ക്കേണ്ടി വരുക. എന്നാൽ ഡിമിനിഷിങ് പലിശ നിരക്ക് ആണെങ്കിൽ അമ്പതിനായിരത്തിന്റെ പലിശ മാത്രമേ തുടർന്ന് അടയ്ക്കേണ്ടി വരുകയുള്ളൂ. ഡിമിനിഷിങ് പലിശ നിരക്കുള്ള ബാങ്ക് വായ്പ തിരഞ്ഞെടുക്കാം.

∙ സുരക്ഷ വേണം

പലപ്പോഴും സുരക്ഷാസൗകര്യങ്ങൾ നോക്കാൻ നാം മറക്കാറുണ്ട്. ഡ്രൈവർസൈഡ് എയർബാഗ് എങ്കിലും സ്റ്റാൻഡേർഡ് ആയ മോഡലുകൾക്കു മുൻതൂക്കം നൽകുക. മുന്നിൽ രണ്ട് എയർബാഗുകൾ ഉള്ള മോഡലുകൾ നല്ലത്. . ചില കാറുകളിൽ എബിഎസ് സ്റ്റാൻഡേർഡ് ആയിരിക്കും. അനാവശ്യ ആഡംബരങ്ങൾക്കു പകരം സുരക്ഷാ ഉപാധികൾക്കു മുൻഗണ കൊടുക്കാം.