ഇന്ത്യയില്‍ ഓട്ടമാറ്റിക്ക് കാറുകള്‍ ജനപ്രിയമാക്കിക്കൊണ്ടാണ് എഎംടി ഗിയര്‍ബോക്‌സിന്റെ വരവ്. മാരുതി സെലേറിയോയിലൂടെ ഇന്ത്യന്‍ നിരത്തിലെത്തിയ എഎംടി ഗിയര്‍ബോക്‌സ് ഇന്ന് ഒട്ടുമിക്ക നിര്‍മാതാക്കള്‍ക്കുമുണ്ട്. നഗര യാത്രകളിലെ ഡ്രൈവിങ് സുഖവും മാനുവല്‍ കാറുകളുടെ അത്ര മൈലേജും പരിപാലന ചിലവും എഎംടി കാറുകളെ ഇടത്തരക്കാരുടെ ഇഷ്ടവാഹനമാക്കി മാറ്റുന്നുണ്ട്. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ ബോക്‌സ് എന്ന എഎംടി കാറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
എന്താണ് എഎംടി
പരമ്പരാഗത ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സല്ല എഎംടി. സിവിടി എല്ലെങ്കില്‍ ഡിഎസ്ജി ഗിയര്‍ബോക്‌സുകളെപ്പോലെയല്ല എഎംടി പ്രവര്‍ത്തിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സിന്റെ മെക്കാനിസം തന്നെയാണ് എഎംടിക്കും. ക്ലച്ചിന്റേയും ഗിയറിന്റേയും പ്രവര്‍ത്തനം മാത്രമാണ് ഓട്ടമാറ്റിക്ക്. സാധാരണയായി ക്ലച്ച് അമര്‍ത്തുമ്പോള്‍ എഞ്ചിനും ഗിയര്‍ ബോക്‌സുമായുള്ള ബന്ധം വേര്‍പെടുകയും അതുവഴി ഗിയര്‍ മാറുകയുമാണ് മാനുവൽ ഗിയർ ബോക്സുള്ള വാഹനങ്ങള്‍ ചെയ്യാറ്. എന്നാല്‍ എഎംടി പ്രകാരം വാഹനത്തിന്റെ വേഗത്തിന് അനുസരിച്ച് ഗിയര്‍ പ്രവർത്തിക്കുമ്പോഴെ ക്ലച്ച് ഒാട്ടമാറ്റിക്കായി പ്രവര്‍ത്തിക്കും അതുകൊണ്ട് ക്ലച്ചിന്റെ ആവശ്യമില്ല. ഒാട്ടമാറ്റിക്ക് സാങ്കേതികവിദ്യയെ അപേക്ഷിച്ച് എഎംടിക്ക് കുറഞ്ഞ നിര്‍മ്മാണ ചിലവും മികച്ച ഇന്ധനക്ഷമതയുമുണ്ട്്. മാത്രമല്ല മാനുവല്‍ മോഡലിനേക്കാള്‍ വിലയിലും കാര്യമായ വ്യത്യാസങ്ങളില്ല എന്നത് എഎംടി കാറുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.
ഗിയര്‍ മാറണമെങ്കില്‍ ആക്‌സിലേറ്ററില്‍ നിന്ന് കാലെടുക്കൂ...
മാനുവല്‍ ഗിയര്‍ബോക്‌സുള്ള വാഹനങ്ങളില്‍ ആക്‌സിലേറ്ററില്‍ നിന്ന് കാലെടുത്തിട്ടാണ് ഗിയര്‍ മാറ്റാന്‍ ശ്രമിക്കാറ്. അതേ തിയറി തന്നെ എഎംടി കാറുകളിലും പരീക്ഷിക്കാം. ഗിയര്‍മാറ്റാറായാല്‍ (ഗിയര്‍ ഇന്‍ഡികേഷന്‍ ക്ലസ്റ്ററില്‍ തെളിഞ്ഞാല്‍) ആക്‌സിലേറ്ററില്‍ നിന്ന് കാലെടുത്തോളൂ... ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഗിയര്‍ ഷിഫ്റ്റ് ചെയ്‌തോളും. ഇനി ഗിയർ ഡൗണ്‍ ചെയ്യണമെങ്കിൽ ബ്രേക്ക് ചെറുതായി അമർത്തിയാലും മതി. ഇത്തരത്തില്‍ ചെയ്യുന്നത് വാഹനത്തിന്റെ ഊര്‍ജ നഷ്ടം ഒരു പരിധിവരെ കുറയ്ക്കുകയും മികച്ച ഇന്ധനക്ഷമത ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുക
ബജറ്റ് കാറുകള്‍ക്കാണ് എഎംടി ഗിയര്‍ബോക്‌സ് കൂടുതലും ഉപയോഗിക്കാറ്. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സാധാരണയായി കാണില്ല ഇത് കയറ്റത്തിലും ഇറക്കത്തിലും നിർത്തിയെടുക്കുമ്പോൾ വാഹനം തന്നെ ഉരുണ്ട് പോകാനുള്ള സാധ്യത കൂടുതലതാണ്. അതുകൊണ്ട് തന്നെ കയറ്റത്തില്‍ നിര്‍ത്തി എടുക്കുമ്പോഴും ഇറക്കത്തില്‍ നിര്‍ത്തി എടുക്കുമ്പോഴും ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുന്നത് വാഹനം തനിയെ ഉരുണ്ട് പോകുന്നതില്‍ നിന്ന് തടയും.
ട്രാഫിക്ക് ബ്ലോക്കില്‍ ആക്‌സിലേറ്റര്‍ വേണ്ട
പുതുതലമുറ എഎംടി കാറുകള്‍ സാങ്കേതികപരമായി പഴയവയെക്കാള്‍ ഒരു പടി മുന്നിലാണ്. പുത്തൽ എഎംടി സാങ്കേതികവിദ്യ പ്രകാരം ബ്രേക്കിൽ നിന്ന് കാലെടുത്താൽ തന്നെ വാഹനം മുന്നോട്ട് നിങ്ങും (ക്ലച്ച് റിലീസ് ചെയ്യുന്ന അതേപോലെ തന്നെ) അതുകൊണ്ട് തന്നെ ട്രാഫിക്ക് ബ്ലോക്കുകളില്‍ മുന്നോട്ട് നീങ്ങണമെങ്കില്‍ ബ്രേക്കില്‍ നിന്ന് കാലെടുത്താല്‍ മാത്രം മതി. ഇഴഞ്ഞു നീങ്ങുന്ന ബ്ലോക്കുകളില്‍ ഇത് വലിയ സഹായമായിരിക്കും.
ഓവര്‍ടേക്ക് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കൂ...
പെട്ടെന്നുള്ള ഓവര്‍ടേക്കുകള്‍ എഎംടിയില്‍ കാറുകളില്‍ നടത്താതിരിക്കുന്നതായിരിക്കും നല്ലത്. കാരണം എഎംടി ഗിയര്‍ബോക്‌സിന് പ്രതികരിക്കാന്‍ അല്‍പ്പസമയം ആവശ്യമാണ്. അതുകൊണ്ട് നാം ഉദ്ദേശിക്കുന്ന വേഗത്തിൽ എഎംടി കാര്‍ ഓവര്‍ടേക്ക് ചെയ്യണമെന്നില്ല. ഓവർടേക്ക് ചെയ്യേണ്ട അത്യാവശ്യ ഘട്ടങ്ങളിൽ മാനുവൽ മോഡിലേയ്ക്ക് മാറുന്നതിയിരിക്കും ഉചിതം.
നഗരയാത്രയ്ക്ക് അനുയോജ്യം
നഗരയാത്രകള്‍ക്കാണ് എഎംടി കാറുകള്‍ അനുയോജ്യം. സമതലപ്രദേശത്തുള്ളവര്‍ക്ക് എഎംടി കാറുകള്‍ മികച്ചത് എന്നു തോന്നുമ്പോള്‍ പര്‍വ്വതപ്രദേശത്ത് യാത്രചെയ്യുന്നവര്‍ എഎംടി വാങ്ങാതിരിക്കുന്നതായിരിക്കും അഭികാമ്യം.