ഒരോ ആളുകളും വാഹനം ഓടിക്കുന്നത് ഓരോ രീതിയിലാണ്. ചിലർ റാഷ് ഡ്രൈവിങ്ങിന്റെ ആളുകളാണെങ്കിൽ മാന്യമായി വാഹനം ഓടിക്കുന്നവരായിരിക്കും ചിലർ. ഇവർ എല്ലാവരും ചെയ്യുന്ന എന്നാൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കാം.
കൈകൾക്കു വിശ്രമം ഗിയർലിവറിൽ!
ഉപയോഗിക്കുമ്പോഴല്ലാതെ ഗിയർ ലിവറിൽ കൈവെച്ച് വാഹനമോടിക്കുന്നത് കൈകൾക്ക് ആയാസം നൽകുമെങ്കിലും അപകടകരമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ രണ്ടു തരം അപകടമാണുണ്ടാവുക. ഒന്നാമതായി സ്റ്റിയറിങ്ങിലെ നിയന്ത്രണം കുറയുന്നു. രണ്ടാമതായി ഗിയർ ലിവറുകൾക്ക് തേയ്മാനം സംഭവിക്കാനും ഇടയുണ്ട്.
കാർ ഗിയറിൽ നിർത്തുന്നത്
ട്രാഫിക് സിഗ്‌നലുകളിൽ ക്ലച്ച് അമർത്തി ഫസ്റ്റ് ഗിയറിൽ വാഹനം നിർത്തുന്നവരാണ് അധികവും. എളുപ്പത്തിൽ വാഹനമെടുത്തു പോകാൻ ഇതു സഹായിക്കുമെന്നതു ശരിയാണ്. പക്ഷേ ഇതോടൊപ്പം അപകടസാധ്യതയും കൂടുതലാണ്. അറിയാതെ പോലും ക്ലച്ചിൽ നിന്നു കാലെടുത്താല്‍ അപകടമുണ്ടാകാമെന്നോർക്കുക. വാഹനം നിർത്തിയാൽ ന്യൂട്രൽ തിരഞ്ഞെടുത്ത് ഹാൻഡ് ബ്രേക്ക് വലിയ്ക്കുന്നതിലൂടെ ഈ അപകടസാധ്യത ഒഴിവാക്കാനാകും.
ഹാഫ് ക്ലച്ച് ഉപയോഗിക്കുക
കയറ്റം കയറുമ്പോൾ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഫീച്ചർ ഇല്ലെങ്കിൽ ക്ലച്ചുപയോഗിച്ചു കാർ പിന്നോട്ടുരുളാതെ നിയന്ത്രിക്കാനാകും. ഡ്രൈവിങ്ങിൽ ദീർഘകാല പരിചയസമ്പത്തുള്ളവർക്കു മാത്രമേ ഇതു സാധിക്കു. ചെറിയൊരു കൈയബദ്ധം അപകടം ക്ഷണിച്ചു വരുത്തിയേക്കാം. അതേ സമയം ക്ലച്ചിൽ വാഹനം സ്ഥിരമായി നിർത്തുന്നത് വാഹനത്തിനു കേടുപാടുകൾ വരുത്തും. അതിനാൽ കയറ്റങ്ങളിൽ വാഹനം നിയന്ത്രിക്കുന്നതിന് ഹാൻഡ് ബ്രേക്ക് പകരമായി ഉപയോഗിക്കുന്നത് അപകടസാധ്യതയും വാഹനത്തിനുണ്ടാകാവുന്ന കേടുപാടുകളും കുറയ്ക്കും.
കൂടുതൽ കരുത്ത് ആവശ്യമുള്ളപ്പോൾ ഗിയർ താഴ്ത്തുക
മികച്ച ഇന്ധനക്ഷമതയും വേഗതയും ലഭിക്കുന്നത് വാഹനം ടോപ് ഗിയറിൽ ഓടിക്കുമ്പോഴാണ്. ടോപ് ഗിയറിൽ എന്‍ജിൻ അധികമായി ചൂടാകുന്നില്ലെന്നതും ശരിയാണ്. എന്നിരുന്നാലും എപ്പോഴും ടോപ് ഗിയർ ഉപയോഗിക്കാനാവില്ല അല്ലെങ്കില്‍ ഉപയോഗിക്കുന്നത് നന്നല്ല. കുറഞ്ഞ ആർപിഎമ്മിലും മികച്ച ടോർക്ക് നൽകുന്നവയാണ് പ്രത്യേകിച്ചും ഡീസൽ എൻജിനുകൾ. ഡൗൺ ഗിയറുകളിൽ ആക്സിലറേറ്ററിൽ അധികം കാലമർത്താതെ വാഹനം സുരക്ഷിതമായി ഓടിക്കാനാകും. അധികമായി കാലമർത്തുന്നതും പെട്ടെന്ന് ഗിയർ മാറ്റുന്നതും വാഹനത്തിന് ഗുണം ചെയ്യില്ലെന്നു ചുരുക്കം.
ക്ലച്ച് പെഡലിൽ കാൽ വെയ്ക്കരുത്
ക്ലച്ചിൽ കാൽ വച്ച് വാഹനമോടിക്കുന്നവർ കുറവല്ല. അനാവശ്യമായി ക്ലച്ച് പെഡലിൽ കാൽ വയ്ക്കുന്നത് ശരിയായ പ്രവണതയല്ല. ഇങ്ങനെ ചെയ്യുന്നത് അറിയാതെ ക്ലച്ചമർത്തുന്നതിനു കാരണമായേക്കാം. ഇത് ക്ലച്ചിനും ക്ലച്ച് ത്രോഔട്ട് ബെയറിങ്ങിനും തേയ്മാനം വരുത്തിയേക്കാം.