ഓരോന്നിനും ഓരോ സമയമില്ല ദാസാ...

Illustration: Munaz Zidhiq

പ്രേമിക്കാൻ ഏറ്റവും പറ്റിയ സമയം ഏതാണ് ?ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് കൈയിൽ കിട്ടുമ്പോൾ എന്ന് ഉത്തരം പറയുന്ന ഒരു കൂട്ടുകാരനുണ്ട് എനിക്ക്.അതിനൊരു ന്യായമുണ്ട് കക്ഷിക്ക്.  ചോദ്യപേപ്പർ കിട്ടുമ്പോൾ കോളജിലെ കാമുകിയുടെ മുഖം ഓർമ വരുന്നു. ഉത്തരക്കടലാസിലെ ചാഞ്ഞും ചേർന്നും നീങ്ങുന്ന അക്ഷരങ്ങൾ കാമുകിയും കൂട്ടുകാരികളും ക്യാംപസിലൂടെ നടന്നു വരുന്നതിനെ ഓർമിപ്പിക്കുന്നു.  മനസ്സിന് നല്ല സന്തോഷം. ഉത്തരം എഴുതാൻ നല്ല എനർജി ! പരീക്ഷ കൂൾ !

ധ്യാനിക്കാൻ പറ്റിയ സമയത്തെപ്പറ്റി ചോദിച്ചപ്പോൾ പ്രശസ്ത സെൻ ഗുരു തിയാങ് ങ്യാച് ഹാൻ ഇതുപോലെ ഒരു ഉത്തരം പറഞ്ഞു –  ഡ്രൈവിങ് ധ്യാനം ! നമ്മുടെ റോഡിലിറങ്ങിയാൽ ആർക്കായാലും ദേഷ്യം വരും. അത് ഒഴിവാക്കാനാണ് സെൻ ഗുരുവിന്റെ വണ്ടിയിലിരുന്നുള്ള ഈ ധ്യാനം ! വാഹനത്തിൽ കയറുമ്പോൾത്തന്നെ ആളുകൾ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് മാത്രം ആലോചിച്ചു തുടങ്ങുന്നു. അവിടെയെത്താനുള്ള വഴിയിലെ ചെറിയ തടസ്സങ്ങൾ പോലും യാത്രക്കാരനെ അസ്വസ്ഥനാക്കുന്നു. അവ ഓരോന്നിനോടും ശത്രുക്കളോടെന്ന പോലെ അയാൾ വഴക്കിടാൻ തുടങ്ങുന്നു. അങ്ങനെ യാത്ര ഒരു ഗൂസ്തിയായി മാറുന്നു.

ഇതിനെ മറികടക്കാനാണ് സെൻ ഗുരുവിന്റെ ഡ്രൈവിങ് ധ്യാനം !ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ കൺമുന്നിലുള്ള ചുവപ്പു ലൈറ്റിനെ നോക്കി ചിരിക്കുക. എന്നിട്ട് സീറ്റിൽ ചാരിയിരുന്ന് ശ്വാസം ദീർഘമായി ഉള്ളിലേക്ക് എടുത്തുകൊണ്ട് സ്വയം വിചാരിക്കുക – ഞാൻ എന്റെ ശരീരത്തെ ശാന്തമാക്കുന്നു. പിന്നെ ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് സ്വയം പറയുക.. ഞാനിപ്പോൾ പുഞ്ചിരിക്കുന്നു.. ! ഇതാണ് ഡ്രൈവിങിനിടയിലെ ശ്വസന ധ്യാനം.

പച്ച ലൈറ്റ് തെളിയുന്നതുവരെ ഇതേ കാര്യം ആവർത്തിക്കാനാണ് സെൻ ഗുരുവിന്റെ ഉപദേശം. ട്രാഫിക് ബ്ളോക്കുകളിൽ തൊട്ടു മുൻപിലുള്ള വണ്ടിയുടെ ചുവന്ന ബ്രേക്ക് ലൈറ്റുകളെ നോക്കിയും ഇതേപോലെ പുഞ്ചിരിക്കാം. അങ്ങനെ ഈ നിമിഷത്തിലേ നമുക്ക് ജീവിക്കാനാകൂ എന്ന് നമ്മെ ഓർമിപ്പിക്കുന്ന ഒരു സുഹൃത്തായി ചുവന്ന ലൈറ്റ് മാറുമെന്ന് തിയാങ് ങ്യാച് ഹാൻ പറയുന്നു.

ലോകത്തെ എല്ലാ വണ്ടികളും റോഡിലേക്കിറങ്ങുന്ന തിങ്കളാഴ്ചകളിൽ രാവിലെ ഒമ്പതുമണി നേരത്ത് വൈറ്റിലയിലെ ട്രാഫിക് ബ്ളോക്കിൽ കിടക്കുമ്പോൾ അടുത്തുള്ള വണ്ടികളിരുന്ന് ആരെങ്കിലും ചിരിക്കുന്നുണ്ടെങ്കിൽ അതിന്റെ രഹസ്യം ഒരുപക്ഷേ ഇതാവാം !കാറിലിരുന്നും ധ്യാനിക്കാം. കാർ യാത്രയ്ക്കിടെ വ്യായാമം ചെയ്യാൻ പറ്റുമോ?

അതിനും വഴി കണ്ടെത്തിയ മറ്റൊരാളുണ്ട്.  ആൾ സന്യാസിയല്ല. കൊച്ചിയിലെ ഒന്നാന്തരം ബിസിനസുകാരൻ.  ഔഡി ക്യൂ സെവനിൽപ്പോകുമ്പോഴും അദ്ദേഹം നടക്കും.  എത്തേണ്ട സ്ഥലത്തിന് ഒരു കിലോമീറ്റർ ഇപ്പുറം വണ്ടി നിർത്തും. അവിടെ സ്വസ്ഥമായി പാർക്ക് ചെയ്തിട്ട് ലക്ഷ്യസ്ഥാനത്തേക്കു സാവധാനം നടക്കും.  ഇതാണ് അദ്ദേഹത്തിന്റെ ഹോബി.   ദിവസവും ഡ്രൈവിങ്ങിനിടെ നാലു കിലോമീറ്റർ വരെ അദ്ദേഹം ഇങ്ങനെ നടന്നുകൊണ്ടേയിരിക്കുന്നു. 

ഒരിക്കൽ ഇദ്ദേഹം ആലുവാ റോഡിലൂടെ നടക്കുമ്പോൾ അടുത്ത് ഒരു കാർ വന്നു നിന്നു. കോളജിലെ പണ്ട് കൂടെ പഠിച്ച കൂട്ടുകാരിയാണ് കാറിൽ. എന്തു പറ്റി, ടയർ പഞ്ചറായോ ? എന്നാൽ കേറിക്കോ എന്നായി കൂട്ടുകാരി. കാര്യം അറിഞ്ഞപ്പോൾ കൂട്ടുകാരിക്കും തോന്നി, കൊള്ളാമല്ലോ, ഐഡിയ ! അതോടെ അവളും കാറിൽ നിന്നിറങ്ങി കൂടെ നടന്നു. അങ്ങനെ പല തവണ നടന്നു നടന്ന് അവർ രണ്ടുപേരും ജീവിതത്തിലും ഒരുമിച്ചായി നടപ്പ് !

ഒന്നിനും സമയം തികയുന്നില്ലെന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയാണ് സെൻ ഗുരുവിന്റെ ഡ്രൈവിങ് ധ്യാനം. ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് മോഹൻലാൽ ശ്രീനിവാസനോടു പറഞ്ഞത് പണ്ട്... ഓരോന്നിനും ഓരോ സമയമില്ല ദാസാ എന്നതാണ് ഇന്നത്തെ കാലത്തെ തത്വം !