വീൽചെയർകാലത്തെ പ്രണയം

Illustration: Magesh .S

അച്ഛൻ മകൾക്കു പിറന്നാൾ സമ്മാനമായി കൊടുത്തത് ഒരു വീൽ ചെയറാണ്. അതിൽ മൊബൈൽ ഫോണും ചെറിയ ഡയറിയും വയ്ക്കാനൊരു ഹോൾഡർ. ചൂടുവെള്ളത്തിന്റെ ഫ്ളാസ്ക് വയ്ക്കാനൊരു വല..മകൾക്ക് ചൂടുവെള്ളം മാത്രമേ കുടിക്കാൻ കഴിയൂ. തണുപ്പു ചെന്നാൽ പെട്ടെന്ന് ചുമ താഴെ നിന്നു കയറി വരും.  അതിനു പിന്നാലെ വിളിക്കാതെ വരുന്ന അതിഥിയെപ്പോലെ ശ്വാസംമുട്ടലും. നോനി എന്നൊരു പാവക്കുട്ടിയുണ്ടായിരുന്നു മകൾക്ക്, കുട്ടിക്കാലത്ത്.  കീ കൊടുത്താൽ ഓടിക്കളിക്കും. എപ്പോഴോ നട്ടെല്ലിന്റെ സ്പ്രിങ് പൊട്ടി പാവക്കുട്ടി ഓടാതായി. 

അക്കാലത്ത് മകളുടെ ഏറ്റവും വലിയ സങ്കടം ചലിക്കാൻ കഴിയാത്ത നോനിയായിരുന്നു. വർഷങ്ങൾക്കു ശേഷം ഈയിടെ ബൈക്ക് അപകടത്തിൽപ്പെട്ട് നട്ടെല്ലിനു പരുക്കേറ്റ് ഒരു മാസത്തെ ചികിൽസയ്ക്കു ശേഷം വീട്ടിലെത്തിയ മകൾ ആദ്യം അന്വേഷിച്ചത് നോനിയെയാണ്. അവൾ അച്ഛനോടു പറഞ്ഞു..  ഇപ്പോൾ ഞാനും നോനിയും സെയിംപിഞ്ച്..! രണ്ടാൾക്കും നടക്കാൻ വയ്യ..അതുകേൾക്കെ അച്ഛൻ കരയാനോടി. അച്ഛന്റെ കൂടെ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം.  സത്യത്തിൽ അച്ഛന്റെ സൈഡിലായിരുന്നു തെറ്റ്.  ബൈക്ക് റോങ് സൈഡിലൂടെ ഓവർടേക്ക് ചെയ്ത് വീശിയെടുത്തങ്ങ് ചെന്നു. ലോറിയിൽ ചെന്നിടിച്ചു.  മകൾക്കു മാത്രമാണ് പരുക്കേറ്റത്. 

വേദനകളെ മരുന്നു കൊണ്ട് മയക്കിക്കിടത്തി ഒരു മാസം ആശുപത്രിയിൽ.  ആശുപത്രിയിൽ നിന്നു വീട്ടിലേക്കു വിടുമ്പോൾ, അവൾക്ക് ഇനി നടക്കാനേ കഴിയില്ലെന്ന കാര്യം ഡോക്ടർ പറയാതെ പറഞ്ഞു... ഇനി മോൾ ആരുടെ അടുത്തേക്കും പോവേണ്ട, കേട്ടോ.. എല്ലാവരും മോളുടെ അടുത്തേക്ക് ഓടി വരും. മോളാണ് ശരിക്കും വീട്ടിലെ വിഐപി. അതു കേട്ട് അവൾ ചിരിച്ചു. അച്ഛൻ കരഞ്ഞു. ഡോക്ടറാവട്ടെ 20 വയസ്സുള്ള ആ പെൺകുട്ടിക്കു മുന്നിൽ നിശ്ചലമായിപ്പോയ വഴികളിലേക്കു നോക്കി ചലനമറ്റു നിന്നു.ജീവിതത്തിന്റെ ചലനം നഷ്ടപ്പെട്ടു മുറിക്കുള്ളിൽ കുടുങ്ങിപ്പോയ മകളെ മെല്ലെ പുറത്തേക്കു കൊണ്ടുവരാനായിരുന്നു പിന്നെ ആ അച്ഛന്റെ  ജീവിതലക്ഷ്യം.  

പുത്തൻ വീൽ ചെയർ വാങ്ങി.  മകളെ അതിലിരുത്തി വീടിനു മുന്നിലെ തിരക്കു കുറഞ്ഞ വഴിയിലൂടെ അച്ഛൻ നടക്കാനിറങ്ങി. ഹൗസിങ് കോളനിയിലെ വഴിയിൽ നിന്ന് മകളുടെ വീൽ ചെയർ റോഡിലേക്കിറങ്ങിയപ്പോഴാണ് പ്രശ്നം. വീൽചെയർ ഓടിക്കാൻ നടപ്പാതകളില്ല. ഒരു തവണ വീൽചെയർ ഫുട്പാത്തിലെ കുഴിയിൽച്ചാടി അവൾക്കു വേദനിച്ചു. അന്ന് അവൾ മുഖ്യമന്ത്രിക്കു  കത്തെഴുതി..  നമ്മുടെ ഫുട്പാത്തുകളെന്താ ഇങ്ങനെ ? എനിക്കും നോനിക്കും വണ്ടിയോടിക്കാൻ പറ്റുന്നില്ല.

അച്ഛൻ കാറിന്റെ ഫ്രണ്ട് സീറ്റ് ഇളക്കി മാറ്റി വീൽ ചെയറോടെ കാറിൽ കയറാൻ സംവിധാനം ഒരുക്കിയതോടെ അവളുടെ ലോകം വേഗം വലുതാകാൻ തുടങ്ങി. കല്യാണങ്ങൾക്കും ഷോപ്പിങ്ങിനും സിനിമയ്ക്കും പോകാമെന്നായി. അമ്പലങ്ങളുടെ നടയിൽപ്പോയി പ്രാർഥിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം കാണാൻ പോയത് കൂടെ എന്ന സിനിമ. സിനിമ കഴിഞ്ഞപ്പോൾ അവൾ അച്ഛനോടു ചോദിച്ചു.. ഈ അഞ്ജലി മേനോൻ ഇപ്പോൾ എവിടെയുണ്ട് ? സാറയെപ്പറ്റി ചോദിക്കാനാണ്. അഞ്ജലിയുടെ ബാംഗ്ളൂർ ഡേയ്സിൽ വീൽചെയറിൽ ജീവിക്കുന്ന സാറയ്ക്ക് ദുൽഖറുമായുള്ള പ്രണയത്തിന്റെ വിശേഷങ്ങൾ അവൾക്കറിയണം.

അമ്മ അറിയാതെ അച്ഛൻ കൂട്ടു നിൽക്കുന്ന ഏക കള്ളത്തരവും മകളുടെ പ്രണയമാണ്. പാർക്കിൽ എത്തിയാൽ മകളെ കൂട്ടുകാരന്റെ കൂടെ വിട്ടിട്ട് അച്ഛൻ ജോഗിങ്ങിനു പോകും.  പിന്നെ കുറെ നേരം മകളുടെ വീൽചെയറിന്റെ സാരഥി അവളുടെ ആ പ്രിയ കൂട്ടുകാരനാണ്. അത് ക്യാംപസ് കാലത്തേയുള്ള പ്രണയമാണ്. പാർക്കിലെ പുൽമേടുകളിലൂടെ വീൽ ചെയറിൽ കൂട്ടുകാരനൊപ്പം കറങ്ങുന്ന അവളെ കണ്ട് കഴിഞ്ഞ ദിവസം ഒരു നെല്ലിമരം ആകാശത്തുനിന്ന് ഒരു ചില്ലക്കൈ അവളുടെ നേരെ താഴ്ത്തിയിട്ടു പറഞ്ഞു.. പറിച്ചെടുത്തോളൂ,  നെല്ലിക്കാ.. ജീവിതം പോലെ ആദ്യം കയ്ക്കും, പിന്നെ മധുരിക്കും !